ആർടിഒ ഓഫിസിൽ നിന്നാണെന്ന് കരുതി വാട്സാപ് മെസേജ് തുറന്നു; നഷ്ടപ്പെട്ടത് 85,000 രൂപ


തൃശ്ശൂർ:  ആർടിഒ ഓഫിസിൽ നിന്നെന്ന വ്യാജേന മൊബൈൽ ഫോണിലേക്ക് വന്ന സന്ദേശത്തിൽ ക്ലിക്ക് ചെയ്ത ആൽത്തറ സ്വദേശിക്ക് ബാങ്ക് അക്കൗണ്ടിൽ ഉണ്ടായിരുന്ന 85,000 രൂപ നഷ്ടപ്പെട്ടു. വാട്സാപ് മെസേജ് തുറന്നപ്പോൾ ഇതിൽ ഉണ്ടായിരുന്ന ആപ്ലിക്കേഷൻ ഫോണിൽ സ്വമേധയാ ഇൻ‍സ്റ്റാൾ ആയതിനു പിന്നാലെ പണം പോയി. ഇതോടൊപ്പം ഇൗ ആപ്പിന്റെ ലിങ്ക് ഫോണിലെ വാട്സാപ് ഗ്രൂപ്പുകളിലേക്കും വ്യക്തികളിലേക്കും സന്ദേശമായി പോയി. സംഭവത്തിൽ സൈബർ പൊലീസിനും മോട്ടർ വാഹന വകുപ്പിനും പരാതി നൽകി.


കഴിഞ്ഞ ദിവസം ഇദ്ദേഹം വണ്ടിയുടെ റജിസ്ട്രേഷൻ സർട്ടിഫിക്കറ്റിലെ പേര് മാറ്റാൻ ആർടിഒ ഓഫിസിൽ അപേക്ഷ നൽകിയിരുന്നു. ഇതിനു ശേഷമാണ് ആർടിഒ എന്ന പേരിൽ മൊബൈലിലേക്ക് മെസേജ് വന്നത്. അപേക്ഷ നൽകിയതിന്റെ വിവരമാണ് എന്നു ധരിച്ചാണ് മെസേജ് തുറന്നതെന്ന് ഇദ്ദേഹം പറയുന്നു. ഉപയോക്താവിനെ തെറ്റിദ്ധരിപ്പിച്ച് ഇൻസ്റ്റാൾ ചെയ്യിക്കുന്ന വ്യാജ ആപ് ആണ് ആർടിഒ തട്ടിപ്പിന് ഉപയോഗിക്കുന്നത്.


ഫോണിലെ വിവരങ്ങൾ മോഷ്ടിക്കുക, ഫോൺ സോഫ്‌റ്റ്‌വെയറിനു തകരാർ വരുത്തുക, ഫോണിന്റെ നിയന്ത്രണം ഏറ്റെടുക്കുക എന്നിവയാണ് ഇൗ ആപ്പുകൾ ചെയ്യുന്നത്. മോട്ടർവാഹന വകുപ്പിന്റെ ഔദ്യോഗിക സന്ദേശങ്ങൾ വാട്സാപ്പിൽ വരില്ലെന്ന് ഗുരുവായൂർ ആർടിഒ എം.രമേഷ് പറഞ്ഞു. വിവരങ്ങൾ ടെക്സ്റ്റ് മെസേജ് ആയി മാത്രമാണ് വരിക. വ്യാജ ആർടിഒ ലിങ്കും ആപ് ഫയലും തുറക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Post a Comment

Thanks

أحدث أقدم