എം.കെ.എച്ച്. ആശുപത്രിയുടെ 30ാം വാർഷികം: മെഗാ മെഡിക്കൽ ക്യാമ്പും എക്സിബിഷനും സംഘടിപ്പിക്കുന്നു.



തിരുരങ്ങാടി: കഴിഞ്ഞ 30 വർഷത്തോളമായി ആരോഗ്യ മേഖലയിൽ സാധാരണക്കാരുടെ ആശ്രയ കേന്ദ്രമായി പ്രവർത്തിക്കുന്ന തിരൂരങ്ങാടി എം.കെ. ഹാജി ഓർഫനേജ് ഹോസ്‌പിറ്റലിൻ്റെ മുപ്പതാം വാർഷികത്തോടനുബന്ധിച്ച് മെഗാ സർജറി ക്യാമ്പും മെഡിക്കൽ എക്‌സിബിഷനും സംഘടിപ്പിക്കുന്നു.


കാൻസർ ശസ്ത്രക്രിയകൾ, ജനറൽ സർജറികൾ, ഓർത്തോപീഡിക് സർജറികൾ, ഗൈനക്കോളജി സർജറികൾ, ഇ.എൻ.ടി. (ENT) സർജറികൾ, തിമിര ശസ്ത്രക്രിയകൾ, പീഡിയാട്രിക് സർജറികൾ എന്നിവയ്ക്ക് പുറമെ ആൻജിയോഗ്രാം, ആൻജിയോപ്ലാസ്റ്റി തുടങ്ങിയവയ്ക്കും ക്യാമ്പിലൂടെ സഹായം ലഭ്യമാകുമെന്ന് ആശുപത്രി കമ്മറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന അർഹരായ ആളുകൾക്ക് പൂർണ്ണമായും സൗജന്യമായും, മറ്റുള്ളവർക്ക് പ്രത്യേക ഇളവുകളോടെയും ശസ്ത്രക്രിയകളും ചികിത്സകളും ചെയ്‌തു നൽകാൻ ഓർഫനേജ് കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്.


ഏപ്രിൽ 12 ന് ഞായറാഴ്ച രാവിലെ 9 മണിക്ക് ഹോസ്‌പിറ്റൽ അങ്കണത്തിൽ വെച്ച് നടക്കുന്ന ക്യാമ്പിന്റെ ഉദ്ഘാടനം  തിരൂർ സബ് കളക്ടർ ദിലീപ് കൈനിക്കര ഐ.എ.എസ്  നിർവഹിക്കും. വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, ഐ.സി.ഡി.എസ് , സി.ഡി.എസ്  പ്രവർത്തകർ, വിദ്യാർത്ഥികൾ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിക്കും.


വിദഗ്‌ധ ഡോക്ടർമാരുടെ പരിശോധന, ഡിജിറ്റൽ മാമോഗ്രാം അടക്കമുള്ള അനുബന്ധ ടെസ്റ്റുകൾ, മെഡിക്കൽ സെമിനാറുകൾ, വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും ഉപകരിക്കുന്ന എക്‌സിബിഷനുകൾ എന്നിവ ക്യാമ്പിന്റെ പ്രധാന ആകർഷണങ്ങളാണ്. രാവിലെ 9 മണിക്ക് ആരംഭിച്ച് 1 മണിക്ക് അവസാനിക്കുന്ന രീതിയിലാണ് ക്യാമ്പ് ക്രമീകരിച്ചിരിക്കുന്നത്.വാർത്താ സമ്മേളനത്തിൽ തിരുരങ്ങാടി മുസ്ലിം ഓർഫനേജ് കമ്മിറ്റി ജനറൽ സെക്രട്ടറി എം.കെ. ബാവ, ട്രഷറർ സി.എച്ച് മഹ്‌മൂദ് ഹാജി, എം.കെ.എച്ച്. ഹോസ്‌പിറ്റൽ മെഡിക്കൽ സൂപ്രണ്ട് ഡോ. പി. അബ്ദുസ്സമദ്, ഹോസ്‌പിറ്റൽ സി.ഇ.ഒ. അഡ്വ. അഹമ്മദ് നിയാസ് സി.വി. എന്നിവർ പങ്കെടുത്തു.


റിപ്പോർട്ട്:

അഷ്റഫ് കളത്തിങ്ങൽ പാറ

Post a Comment

Thanks

Previous Post Next Post