ഒരു കുടുംബത്തിലെ 3 പേർ മുങ്ങിമരിച്ചു; അപകടം 9 വയസ്സുകാരിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ


കോഴിക്കോട്: നാദാപുരത്തിനടുത്ത് പുളിയാവിൽ ഒരു കുടുംബത്തിലെ 3 പേർ പുഴയിൽ മുങ്ങിമരിച്ചു. പുളിയാവ് അരീക്കുണ്ടിൽ ഹൗസിൽ അൻസാർ (43), ഭാര്യ സുഹദ (39), സഹോദരൻ ഹനീഫയുടെ മകൾ നിസ മറിയം (8) എന്നിവരാണു മരിച്ചത്. വേവം പാലത്തിനു സമീപം പുതിയോട്ടിൽതാഴെ മയ്യഴി പുഴയുടെ ഭാഗമായ പുളിയാവ് പുഴയിൽ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം. നിസയാണ് ആദ്യം കയത്തിൽ മുങ്ങിപ്പോയത്. നിസയെ രക്ഷിക്കാൻ ശ്രമിച്ച അൻസാറും ഭാര്യയും കുട്ടിക്കൊപ്പം മുങ്ങിത്താഴുകയായിരുന്നു.


ശനിയാഴ്ച വൈകിട്ട് നാലു മണിയോടെയാണ് നാടിനെ നടുക്കിയ ദുരന്തം. അൻസാറും കുടുംബവും വസ്ത്രങ്ങൾ അലക്കുന്നതിനായി പുഴയ്ക്ക് സമീപം എത്തിയതായിരുന്നു. ഇതിനിടെയാണ് നിസ  സമീപത്തെ കയത്തിൽ മുങ്ങിയത്. ഇതോടെ സുഹദയും പിന്നാലെ എത്തിയ അൻസാറും രക്ഷിക്കാൻ ശ്രമിക്കുകയായിരുന്നു. ഇവർ മൂന്നുപേരും മുങ്ങുന്നതു കണ്ട്  ഒപ്പമുണ്ടായിരുന്ന മറ്റു രണ്ടു കുട്ടികൾ നിലവിളിച്ചതോടെ നാട്ടുകാർ ഓടിക്കൂടിയാണു രക്ഷാപ്രവർത്തനം നടത്തിയത്. 


മൂന്നു പേരെയും ഉടൻ പുഴയിൽ നിന്ന് പുറത്തെടുത്ത് നാദാപുരം സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വടകര എംപി ഷാഫി പറമ്പിൽ എംഎൽഎമാരായ എം.കെ മുനീർ, ഇ.കെ വിജയൻ, നാദാപുരത്തെ യുഡിഎഫ് സ്ഥാനാർഥി കെ.എം അഭിജിത്ത്, കുറ്റ്യാടി മണ്ഡലം യുഡിഎഫ് സ്ഥാനാർഥി പാറക്കൽ അബ്ദുല്ല, സിപിഎം സംസ്ഥാന സമിതി അംഗം പി മോഹനൻ തുടങ്ങിയവർ വിവരമറിഞ്ഞ് ആശുപത്രിയിൽ എത്തി. അപകടവിവരമറിഞ്ഞ് നൂറുകണക്കിനു പേരാണ് നാദാപുരം താലൂക്ക് ആശുപത്രിയിലും അപകടസ്ഥലത്തും എത്തിയത്.


മൃതദേഹങ്ങൾ നാദാപുരം സിഐ കെ.എം അനിൽകുമാറിന്റെ നേതൃത്വത്തിൽ ആശുപത്രിയിൽ  ഇൻക്വസ്റ്റ് നടപടി പൂർത്തിയാക്കിയ ശേഷം രാത്രി ഏഴരയോടെ മൂന്ന് ആംബുലൻസുകളിലായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഞായറാഴ്ച രാവിലെ കോഴിക്കോട് മെഡിക്കൽ കോളജിൽ  പോസ്‌റ്റ്‌മോർട്ടത്തിനു ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകും. ഉച്ചയോടെ വേവത്തെ വീട്ടിൽ എത്തിച്ചശേഷം പാറക്കടവ് വലിയ ജമാഅത്ത് പള്ളിയിൽ കബറടക്കും.

Post a Comment

Thanks

أحدث أقدم