അയൽജില്ലയിൽ രോഗബാധ; മുട്ടയും മാംസവും നന്നായി വേവിക്കണം; പക്ഷിപ്പനി പ്രതിരോധിക്കാൻ മലപ്പുറത്ത് കർശന നിർദ്ദേശം..



അയൽജില്ലയായ കോഴിക്കോട്ട് പക്ഷിപ്പനി (ഏവിയൻ ഇൻഫ്ലുവൻസ) സ്ഥിരീകരിച്ച സാഹചര്യത്തിൽ മലപ്പുറം ജില്ലയിൽ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ. വളർത്തുപക്ഷികളുമായി അടുത്തിടപഴകുന്നവരും പൊതുജനങ്ങളും കർശനമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും പക്ഷിപ്പനി പടരാതിരിക്കാൻ ജാഗ്രത വേണമെന്നും ഡി.എം.ഒ നിർദ്ദേശിച്ചു. പക്ഷികളിൽ കാണപ്പെടുന്ന ഇൻഫ്ലുവൻസ എ വൈറസ് മൂലമുണ്ടാകുന്ന പകർച്ചവ്യാധിയാണിത്. കോഴി, താറാവ്, കാട, ടർക്കി തുടങ്ങിയ വളർത്തുപക്ഷികളെയും അലങ്കാരപക്ഷികളെയും ഇത് ബാധിക്കാം.


സാധാരണയായി പക്ഷികളിൽ നിന്ന് പക്ഷികളിലേക്കാണ് രോഗം പകരുന്നത് എങ്കിലും, അപൂർവ്വമായി മനുഷ്യരിലേക്കും പകരാൻ സാധ്യതയുണ്ട്. മനുഷ്യരിൽ ഈ രോഗം ഗുരുതരമാകാൻ സാധ്യതയുള്ളതിനാൽ പക്ഷികളുമായും മൃഗങ്ങളുമായും സുരക്ഷിതമായ അകലം പാലിക്കണം. പനി, ശരീരവേദന, കണ്ണിന് ചുവപ്പ്, ചുമ, ശ്വാസംമുട്ട് തുടങ്ങിയവയാണ് മനുഷ്യരിലെ പ്രധാന ലക്ഷണങ്ങൾ.


പ്രധാന മുൻകരുതലുകൾ:

* മൃതശരീരങ്ങൾ ശ്രദ്ധിക്കുക: പക്ഷികളോ മൃഗങ്ങളോ ചത്തുവീഴുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ ആരോഗ്യ കേന്ദ്രത്തിലോ മൃഗാശുപത്രിയിലോ വിവരമറിയിക്കുക. യാതൊരു കാരണവശാലും ഇവയെ നേരിട്ട് കൈകാര്യം ചെയ്യരുത്.


* ശുചിത്വം പാലിക്കുക: പക്ഷികളുടെ കാഷ്ഠമോ സ്രവങ്ങളോ ശരീരത്തിൽ പടർന്നാൽ ഉടൻ സോപ്പിട്ട് കഴുകുക. കൂട് വൃത്തിയാക്കുമ്പോഴും മാംസം കൈകാര്യം ചെയ്യുമ്പോഴും മാസ്കും കയ്യുറയും നിർബന്ധമായും ധരിക്കണം.


* ഭക്ഷണത്തിൽ ശ്രദ്ധ: മുട്ടയും മാംസവും നന്നായി വേവിച്ചു (70 ഡിഗ്രി സെൽഷ്യസിൽ അരമണിക്കൂർ) മാത്രം കഴിക്കുക. പച്ചമാംസം കൈകാര്യം ചെയ്ത ശേഷം കൈകൾ അണുവിമുക്തമാക്കണം.


* കുട്ടികളുടെ സുരക്ഷ: വളർത്തുപക്ഷികളെ എടുക്കാനോ തലോടാനോ കുട്ടികളെ അനുവദിക്കരുത്. പക്ഷികൾക്ക് രോഗലക്ഷണങ്ങൾ ഇല്ലെങ്കിലും നിലവിലെ സാഹചര്യത്തിൽ അവയുമായി അകലം പാലിക്കുന്നത് നല്ലതാണ്.


* മാംസാവശിഷ്ടങ്ങൾ: പക്ഷികളെ ആകർഷിക്കുന്ന രീതിയിൽ മാംസാവശിഷ്ടങ്ങളോ ആഹാരമോ വലിച്ചെറിയരുത്. മൃഗസംരക്ഷണ വകുപ്പിന്റെ നിർദ്ദേശപ്രകാരം ഇവ സുരക്ഷിതമായി സംസ്കരിക്കണം.


രോഗലക്ഷണങ്ങൾ കണ്ടാൽ സ്വയം ചികിത്സ ഒഴിവാക്കി ഉടൻ തന്നെ ആരോഗ്യപ്രവർത്തകരെ വിവരമറിയിക്കണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ.


Post a Comment

Thanks

أحدث أقدم