തിരൂരങ്ങാടി: ഗൾഫ് മേഖലയിൽ നിലനിൽക്കുന്ന യുദ്ധസമാനമായ സാഹചര്യങ്ങളും വിമാന സർവീസുകൾ തടസ്സപ്പെട്ടതും കാരണം നാട്ടിൽ കുടുങ്ങിപ്പോയ പ്രവാസികളുടെ തൊഴിൽ സുരക്ഷ ഉറപ്പാക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ അടിയന്തരമായി ഇടപെടണമെന്ന് ഗൾഫ് മലയാളി കോ-ഓർഡിനേഷൻ കമ്മറ്റി ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് കമ്മറ്റി ചെയർമാൻ അഷ്റഫ് കളത്തിങ്ങൽ പാറ പ്രധാനമന്ത്രി നരേന്ദ്ര മോദി , വിദേശകാര്യ വകുപ്പ് മന്ത്രി എസ് .ജയശങ്കർ, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവർക്ക് നിവേദനം അയച്ചു.
അവധിക്കായി നാട്ടിലെത്തിയ നൂറുകണക്കിന് പ്രവാസികൾക്ക് വിമാന സർവീസുകൾ റദ്ദാക്കിയത് മൂലം കൃത്യസമയത്ത് ജോലിയിൽ പ്രവേശിക്കാൻ സാധിക്കാത്ത ഗുരുതര സാഹചര്യമാണുള്ളതെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടി. പലരുടെയും വിസാ കാലാവധി അവസാനിക്കാറായതും ജോലി നഷ്ടപ്പെടുമെന്ന ഭീതിയും പ്രവാസി കുടുംബങ്ങളെ വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്കും മാനസിക വിഷമത്തിലേക്കും തള്ളിവിട്ടിരിക്കുകയാണ്. വിദേശ രാജ്യങ്ങളിലെ അധികാരികളുമായും ഇന്ത്യൻ എംബസികളുമായും ചർച്ച നടത്തി, വൈകി എത്തുന്ന പ്രവാസികളുടെ ജോലി നഷ്ടപ്പെടില്ലെന്ന് ഉറപ്പാക്കാൻ സംസ്ഥാന സർക്കാർ കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തണം. വിസാ കാലാവധി തീരുന്നവർക്ക് പ്രത്യേക പരിഗണന നൽകി അത് പുതുക്കി നൽകാൻ കേന്ദ്ര സർക്കാർ നയതന്ത്ര ഇടപെടലുകൾ നടത്തണം.
സാഹചര്യം അനുകൂലമാകുമ്പോൾ പ്രവാസികളെ മുൻഗണനാ ക്രമത്തിൽ തിരികെ എത്തിക്കാൻ ചാർട്ടേഡ് വിമാനങ്ങളോ അധിക സർവീസുകളോ ഏർപ്പെടുത്താൻ കേന്ദ്ര വ്യോമയാന മന്ത്രാലയത്തോട് ആവശ്യപ്പെടണം.
പ്രവാസികൾ നേരിടുന്ന ഈ വലിയ പ്രതിസന്ധിയിൽ സർക്കാരിന്റെ ഭാഗത്തുനിന്നും അടിയന്തരവും ആശ്വാസകരവുമായ നടപടികൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി അഷ്റഫ് കളത്തിങ്ങൽ പാറ പ്രസ്താവനയിൽ പറഞ്ഞു.

Post a Comment
Thanks