കൂപ്പുകുത്തി സ്വർണ്ണവില; പുതിയ വില അറിയാം


പശ്ചിമേഷ്യയില്‍ യുദ്ധം വേഗം തീരില്ലെന്ന് വ്യക്തമായതോടെ സ്വര്‍ണവില കുത്തനെ താഴുന്നു. ഓരോ ദിവസവും വില കുറഞ്ഞു വരുന്നിതിനിടെ ഇന്ന് റെക്കോര്‍ഡ് താഴ്ച്ച രേഖപ്പെടുത്തി. 4000 രൂപയില്‍ അധികമാണ് ഇന്ന് രാവിലെ മാത്രം കേരളത്തില്‍ കുറഞ്ഞിരിക്കുന്നത്. ഒരു തവണ മാത്രമായി ഇത്രയും സംഖ്യ കുറയുന്നത് കേരളത്തില്‍ ആദ്യമാണ് എന്ന് ജ്വല്ലറി രംഗത്തുള്ളവര്‍ പറയുന്നു.


ആഗോള വിപണിയിലും വില താഴുകയാണ്. യുദ്ധ വേളയില്‍ സ്വര്‍ണവില കൂടുമെന്നാണ് നേരത്തെ കരുതിയത്. എന്നാല്‍ പണപ്പെരുപ്പ ഭീഷണിയില്‍ പലിശ നിരക്ക് ബാങ്കുകള്‍ ഉയര്‍ത്തുമെന്ന ആശങ്കയാണ് നിക്ഷേപകര്‍ സ്വര്‍ണം വിടാന്‍ കാരണം. ഇതാകട്ടെ, വിവാഹം ഉള്‍പ്പെടെയുള്ള ആവശ്യത്തിന് ആഭരണം വാങ്ങാനിരുന്നവര്‍ക്ക് നേട്ടമായി. സ്വര്‍ണത്തിന് മാത്രമല്ല, വെള്ളിക്കും ഇന്ന് കേരളത്തില്‍ വില കുറഞ്ഞു.


കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 545 രൂപയാണ് കുറഞ്ഞിരിക്കുന്നത്. പവന് 4360 രൂപയും താഴ്ന്നു. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 102680 രൂപയാണ്. ഒരു ഗ്രാമിന് 12835 രൂപയുമായി. ഈ മാസം ഒന്നിന് കേരളത്തിലെ സ്വര്‍ണവില 1.26 ലക്ഷം രൂപയായിരുന്നു. മൂന്നാഴ്ച പിന്നിടുമ്പോള്‍ വിലയില്‍ 24000 രൂപയുടെ കുറവ് വന്നു എന്നതാണ് എടുത്തുപറയേണ്ടത്.


കേരളത്തില്‍ മറ്റു കാരറ്റ് സ്വര്‍ണവിലയിലും കാതലായ ഇടിവ് വന്നിട്ടുണ്ട്. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 10550 രൂപയാണ് വില. പവന് 84400 രൂപയും. 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 8220 രൂപയും പവന് 65760 രൂപയുമായി. 9 കാരറ്റ് സ്വര്‍ണം ഗ്രാമിന് 5300 രൂപയും പവന് 42400 രൂപയുമാണ് ഇന്നത്തെ വില. വെള്ളിയുടെ വില ഗ്രാമിന് 230 രൂപയായി കുറഞ്ഞു എന്നതും എടുത്തു പറയണം.


ആഗോള വിപണിയില്‍ ഔണ്‍സ് സ്വര്‍ണത്തിന് 4370 ഡോറളായി കുറഞ്ഞിട്ടുണ്ട്. 5000 ഡോളറില്‍ നിന്നാണ് ഈ മാസം ഞെട്ടിക്കുന്ന കുറവ് വന്നിരിക്കുന്നത്. ഇതേ ട്രെന്‍ഡ് തുടര്‍ന്നാല്‍ 3800 ഡോളര്‍ വരെ എത്തുമെന്നാണ് വിലയിരുത്തല്‍. എന്നാല്‍ ഇപ്പോഴത്തെ ഇടിവ് താല്‍ക്കാലികമാണ് എന്ന് ജ്വല്ലറി രംഗത്തുള്ളവര്‍ പറയുന്നു. ഏത് സമയവും തിരിച്ചുകയറുമെന്നും അവര്‍ സൂചിപ്പിക്കുന്നു.


നിലവിലെ ട്രെന്‍ഡ് തുടര്‍ന്നാല്‍ കേരളത്തില്‍ വൈകാതെ ഒരു ലക്ഷത്തിന് താഴേക്ക് പവന്‍ വില വീഴും. ഡോളര്‍ സൂചിക ഇന്ന് 99.68 എന്ന നിരക്കിലാണ്. രൂപയുടെ മൂല്യം 93.89 ആയിട്ടുണ്ട്. വൈകാതെ 94ലേക്ക് രൂപ വീണേക്കും. രൂപയുടെ മൂല്യം ഇടിഞ്ഞതാണ് സ്വര്‍ണവിലയിലെ വന്‍ ഇടിവിന് തടസം. രൂപയുടെ മൂല്യം കൂടിയാല്‍ ഇനിയും സ്വര്‍ണം വീഴുമായിരുന്നു.

Post a Comment

Thanks

Previous Post Next Post