കോഴിക്കോട്:മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി തങ്ങള്‍ക്കെതിരെ വ്യാജ പ്രചാരണം നടത്തുന്നത് മാപ്പർഹിക്കാത്ത തെറ്റാണെന്ന് കെ.ടി ജലീല്‍ എംഎല്‍എ.കക്ഷി രാഷ്ട്രീയ ഭേദമന്യെ ബഹുമാനിക്കുന്ന വ്യക്തിയാണ് സാദിഖലി തങ്ങള്‍.താൻ ഉള്‍കൊള്ളുന്ന തൊഴുവാനൂർ മഹല്ലിന്റെ ഖാളി കൂടിയാണ് അദ്ദേഹം.
അദ്ദേഹത്തെ സമൂഹ മധ്യത്തില്‍ താറടിച്ച് കാണിക്കാൻ നടത്തുന്ന കുല്‍സിത നീക്കങ്ങള്‍ക്കെതിരെ ജാഗ്രത പുലർത്തണം.പുതിയ സാങ്കേതിക സംവിധാനങ്ങള്‍ ഉപയോഗിച്ച് ആരെയും എന്തും ആക്കാൻ സാധിക്കും.സാദിഖലി തങ്ങളെ സ്‌കൂള്‍ പഠന കാലം തൊട്ട് വ്യക്തിപരമായി തനിക്കറിയാം.തന്റെ മൂന്ന് വർഷം സീനിയറായി ചേളാരി സമസ്താലയത്തില്‍ തങ്ങള്‍ ഒരുമിച്ച് പഠിച്ചവരാണ്.അന്ന് മുതല്‍ സാദിഖലി തങ്ങളെ വളരെ അടുത്തറിയാം.മാന്യമായ പെരുമാറ്റം കൊണ്ടും കുലീനമായ സമീപനം കൊണ്ടും തന്റെ മനസില്‍ ഇടം നേടിയ വ്യക്തിയാണ് സാദിഖലി തങ്ങള്‍.രാഷ്ട്രീയമായി അദ്ദേഹത്തെ വിമർശിച്ചിട്ടുണ്ട്.ആ വിമർശനം മേലിലും തുടരും.പക്ഷെ ഒരിക്കലും വ്യക്തിഹത്യ നടത്തിയിട്ടില്ല.നടത്തുകയുമില്ല.
സാദിഖലി തങ്ങളുടെ സഹധർമ്മിണി സുല്‍ഫത്ത് ബീവി, പിഎസ്‌എംഒ കോളജില്‍ തന്റെ ക്ലാസ്‌മേറ്റാണ്.ഇംഗ്ലീഷിനും അറബിക്കിനും തങ്ങള്‍ ഒരേ ക്ലാസിലായിരുന്നു.സാദിഖലി തങ്ങള്‍ക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ നടക്കുന്ന നിർമ്മിത ബുദ്ധി ഉപയോഗിച്ചുള്ള ചിത്രങ്ങള്‍ തീർത്തും വ്യാജമാണ്.ഏത് മാന്യനേയും മോശമാക്കാൻ ഇതുപോലുള്ള വഴികള്‍ സ്വീകരിക്കുന്നവർ ചെയ്യുന്ന മഹാപരാധം മാപ്പർഹിക്കാത്തതാണ്.
ശക്തമായ നിയമ നടപടി വ്യാജ പ്രചരണങ്ങള്‍ക്കെതിരെ സ്വീകരിക്കുമെന്ന ലീഗ് നേതൃത്വത്തിന്റെ നിലപാട് സ്വാഗതാർഹമാണ്.പൊലീസ് ശക്തമായ ഇടപെടല്‍ നടത്തണം. കുറ്റക്കാരെ കർശനമായി ശിക്ഷിക്കണം.മുഖ്യമന്ത്രിയെ ബന്ധപ്പെട്ട് കാര്യങ്ങളുടെ ഗൗരവം ധരിപ്പിക്കും.ഇക്കാര്യത്തില്‍ സാദിഖലി തങ്ങള്‍ക്കൊപ്പമാണെന്നും ജലീല്‍ വ്യക്തമാക്കി.
إرسال تعليق
Thanks