തിരൂരങ്ങാടി: ഏറെ നാളത്തെ കാത്തിരിപ്പിനും മുറവിളികൾക്കുമിടയിൽ തിരൂരങ്ങാടി ഗവ: താലൂക്ക് ആശുപത്രിയിൽ ജനറൽ മെഡിസിൻ വിഭാഗത്തിൽ ഫിസിഷ്യൻ ഡോക്ടർ ചാർജ്ജെടുത്തു. ഇവിടെ ഉണ്ടായിരുന്ന ഫിസിഷ്യൻ ഡോക്ടർ പ്രമോഷനായി സ്ഥലം മാറി പോയ ഒഴിവിലേക്കാണ് ഡോ: നസ്റുദ്ധീൻ ചാർജ്ജെടുത്തിരിക്കുന്നത്.
താലൂക്ക് ആശുപത്രിയിൽ നിലവിലുണ്ടായിരുന്ന ഫിസിഷ്യൻ മാറി പോയി രണ്ട് മാസം കഴിഞ്ഞിട്ടും പുതിയ ഫിസിഷ്യൻ ഡോക്ടറെ ഇവിടേക്ക് നിയമിച്ചിട്ടില്ലായിരുന്നു. ഇത് മൂലം ഇവിടെ ജനറൽ മെഡിസിൻ വിഭാഗം ഒ.പി. പ്രവർത്തിച്ചിരുന്നില്ല. ദിവസവും രണ്ടായിരത്തിലേറെ രോഗികൾ വരുന്ന താലൂക്ക് ആശുപത്രിയിൽ നൂറുകണക്കിന് രോഗികളായിരുന്നു ഫിസിഷ്യനെ ആശ്രയിച്ച് വന്നിരുന്നത്. പ്രഷർ, ഷുഗർ, കൊളസ്ട്രോൾ തുടങ്ങി ജീവിത ശൈലി രോഗങ്ങൾക്ക് സ്ഥിരമായി മരുന്ന് കഴിച്ചിരുന്ന രോഗികൾ ഇത് മൂലം ഏറെ പ്രയാസപ്പെട്ടിരുന്നു.
ഈ വിഷയം ചൂണ്ടി കാട്ടി സാമൂഹ്യ പ്രവർത്തകനും ദേശീയ മനുഷ്യാവകാശ സംഘടനയായ നാഷണൽ ഫോറം ഫോർ പീപ്പിൾസ് റൈറ്റ്സ് (എൻ.എഫ്.പി.ആർ ) തിരൂരങ്ങാടി താലൂക്ക് ജനറൽ സെക്രട്ടറിയുമായ അഷ്റഫ് കളത്തിങ്ങൽ പാറ മുഖ്യമന്ത്രി, ആരോഗ്യ വകുപ്പ് മന്ത്രി എന്നിവർക്ക് നൽകിയ പരാതിയെ തുടർന്ന് ആരോഗ്യ മന്ത്രി ഇടപെടുകയും തരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് അടിയന്തിരമായി ഫിസിഷ്യൻ ഡോക്ടറെ നിയമിക്കാൻ ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകുകയുമായിരുന്നു.
ഇതിനെ തുടർന്ന് ഫെബ്രുവരി 19 ന് ആരോഗ്യ വകുപ്പ് ഡയറക്ടർ കെ.ജെ. റീന പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലെ ഫിസിഷ്യൻ ഡോ: കെ. നിസാമുദ്ധീനെ തിരൂരങ്ങാടിയിലേക്ക് നിയമിച്ചെങ്കിലും ഡോക്ടർ ചാർജ്ജെടുത്തിരുന്നില്ല. തുടർന്ന് അഷ്റഫ് കളത്തിങ്ങൽ പാറ ജില്ലാ മെഡിക്കൽ ഓഫീസർക്ക് പരാതി നൽകുകയും പ്രത്യക്ഷ സമര പരിപാടികൾ നടത്തുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു. അവസാനം മൂന്ന് മാസത്തെ ഇടവേളക്ക് ശേഷം ഏറെ കാത്തിരിപ്പിനൊടുവിൽ ശനിയാഴ്ച്ചയാണ് ആശുപത്രി സുപ്രണ്ടിനെ കണ്ട് ഡോ: നിസാമുദ്ധീൻ താലൂക്ക് ആശുപത്രിയിൽ ചാർജ്ജെടുത്തിരിക്കുന്നത്.
إرسال تعليق
Thanks