തിരുവനന്തപുരം | സംസ്ഥാനത്ത് 2026 മാർച്ചിൽ നടക്കാനിരിക്കുന്ന എസ്എസ്എൽസി, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകൾക്കായുള്ള എല്ലാ തയാറെടുപ്പുകളും പൂർത്തിയായതായി പൊതു വിദ്യാഭ്യാസ വകുപ്പ്. 3031 പരീക്ഷാകേന്ദ്രങ്ങളിലായി 4,17,497 കുട്ടികളും, ഗൾഫ്‌മേഖലയിൽ 7 പരീക്ഷാകേന്ദ്രങ്ങളിലായി 633 കുട്ടികളും ലക്ഷദ്വീപിൽ 9 പരീക്ഷാകേന്ദ്രങ്ങളിലായി 386 കുട്ടികളും എസ്എസ്എൽസി പരീക്ഷയ്ക്ക് റജിസ്റ്റർ ചെയ്തു.
ചോദ്യപേപ്പർ 41 ജില്ലാ വിദ്യാഭ്യാസ ഓഫിസുകളിലും എത്തിച്ചു സോർട്ടിങ് പൂർത്തിയാക്കി ബാങ്ക്/ട്രഷറി എന്നിവയുടെ സേഫ് ലോക്കറിലേയ്ക്ക് മാറ്റി. 26000 അധ്യാപകരാണ് ഇൻവിജിലേഷൻ ജോലി നിർവഹിക്കുന്നത്. മൂല്യനിർണയ ക്യാംപുകൾ ഏപ്രിൽ 7 ന് ആരംഭിച്ച് ഏപ്രിൽ 28 ന് പൂർത്തീകരിക്കും. ഫലപ്രഖ്യാപനം 2026 മേയ് മൂന്നാംവാരത്തിനുള്ളിൽ നടത്തും. റിസൾട്ട് പ്രസിദ്ധീകരിച്ച് തൊട്ടടുത്ത ദിവസം മുതൽ പ്ലസ് വൺ പ്രവേശനത്തിനായി ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കാം.
ഒന്നാം വർഷ ഹയർ സെക്കൻഡറി/ വൊക്കേഷനൽ ഹയർ സെക്കൻഡറി പരീക്ഷകൾ മാർച്ച് 5 നും രണ്ടാം വർഷ ഹയർ സെക്കൻഡറി/വൊക്കേഷനൽ ഹയർ സെക്കൻഡറി പരീക്ഷകൾ മാർച്ച് 6 നും ആരംഭിക്കും. 1984 പരീക്ഷ കേന്ദ്രങ്ങളിൽ 4,11,025 വിദ്യാർഥികൾ ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷയും 4,52,437 വിദ്യാർഥികൾ ഹയർ സെക്കന്‍ഡറി രണ്ടാം വർഷ പരീക്ഷയും എഴുതും. ഏപ്രിൽ 6 മുതൽ മൂല്യനിർണയം ആരംഭിക്കും. മേയ് 22 ന് ഫലപ്രഖ്യാപനം നടത്തും. വൊക്കേഷനൽ ഹയർ സെക്കൻഡറി ഒന്നാം വർഷത്തിൽ 26,829 വിദ്യാർഥികളും രണ്ടാം വർഷത്തിൽ 26,826 വിദ്യാർഥികളുമാണ് പരീക്ഷ എഴുതുന്നത്. 389 കേന്ദ്രങ്ങളിലായി നടക്കുന്ന പരീക്ഷയുടെ മൂല്യനിർണയം ഏപ്രിൽ 6ന് 8 ക്യാംപുകളിലായി ആരംഭിക്കും.
Post a Comment
Thanks