98 കോടി രൂപയുടെ കുടിവെള്ള പദ്ധതി പാതിവഴിയിൽ ഉപേക്ഷിച്ച കരാറുകാരനെ ജനപ്രതിനിധികൾ പഞ്ചായത്ത് ഓഫീസിൽ തടഞ്ഞുവെച്ച് 'വിചാരണ' ചെയ്തു. തിരൂരങ്ങാടി നന്നമ്പ്ര ഗ്രാമപഞ്ചായത്ത് ഓഫീസിൽ ചൊവ്വാഴ്ചയാണ് സിനിമാരംഗങ്ങളെ വെല്ലുന്ന നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.
ജലജീവൻ മിഷന്റെ ഭാഗമായ സമഗ്ര കുടിവെള്ള പദ്ധതിയുടെ പ്രവൃത്തി വൈകുന്നതിനെത്തുടർന്നാണ് നാട്ടുകാർക്കും ജനപ്രതിനിധികൾക്കും കരാറുകാരനോട് പ്രതിഷേധം ശക്തമായത്.
രണ്ട് വർഷം മുൻപ് ആരംഭിച്ച പദ്ധതി പ്രകാരം ഗ്രാമീണ റോഡുകൾ വെട്ടിപ്പൊളിച്ച് പൈപ്പുകൾ സ്ഥാപിച്ചിരുന്നു. എന്നാൽ കാൽഭാഗം പ്രവൃത്തി പോലും പൂർത്തിയാക്കാതെ കരാറുകാരൻ മുങ്ങിയതോടെ റോഡുകൾ ഗതാഗതയോഗ്യമല്ലാതാവുകയും അപകടങ്ങൾ വർദ്ധിക്കുകയും ചെയ്തു.
കരാറുകാരനെ ബന്ധപ്പെടാൻ പലതവണ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതോടെ നാട്ടുകാർ വലിയ പ്രതിഷേധത്തിലായിരുന്നു. ഇതിനിടെ മുന്നറിയിപ്പില്ലാതെ പഞ്ചായത്ത് ഓഫീസിലെത്തിയ പ്രധാന കരാറുകാരനെയും ഉപകരാറുകാരനെയും ബോർഡ് യോഗത്തിലുണ്ടായിരുന്ന മുഴുവൻ ജനപ്രതിനിധികളും ചേർന്ന് നേരിടുകയായിരുന്നു.
ഏറെ നേരം നീണ്ടുനിന്ന വാഗ്വാദങ്ങൾക്കൊടുവിൽ, കരാർ കാലാവധി ദീർഘിപ്പിക്കാൻ അപേക്ഷ നൽകിയിട്ടുണ്ടെന്ന് കരാറുകാരൻ വ്യക്തമാക്കി. അപേക്ഷയിൽ ആവശ്യമായ സഹായം നൽകാമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഉറപ്പുനൽകിയതോടെ, ഈ മാസം 25-നകം വീടുകളിലേക്ക് കണക്ഷൻ നൽകാമെന്നും മാർച്ച് ആദ്യവാരത്തോടെ കിണർ നിർമ്മാണം പുനരാരംഭിക്കാമെന്നും കരാറുകാരൻ ഉറപ്പുനൽകി.
Post a Comment
Thanks