തിരുവനന്തപുരം: രണ്ടര വയസുകാരിയുടെ മരണത്തിൽ ചികിൽസാ പിഴവ് ഉണ്ടായിട്ടില്ലെന്ന് മമൽ ആശുപത്രിയിലെ ഡോക്‌ടർ അരുൺ വാരിയർ. ഇഞ്ചക്ഷൻ മൂലമല്ല കുട്ടിയുടെ ആരോഗ്യനില വഷളായതെന്ന് ഡോക്ടർ പറഞ്ഞു. ശ്വാസതടസം നേരിട്ട കുഞ്ഞിന് കുത്തിവയ്പ്പ് എടുത്തതിന് പിന്നാലെ കുഞ്ഞ് ബോധരഹിതയായെന്നും മരിച്ചെന്നുമാണ് കുടുംബത്തിന്റെ ആരോപണം. എന്നാൽ ആശുപത്രിയിലെത്തിക്കുമ്പോൾ തന്നെ കുട്ടിക്ക് കടുത്ത ശ്വാസതടസം ഉണ്ടായിരുന്നുവെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
ആരോഗ്യനില വഷളായതിനെ തുടർന്ന് കുട്ടിക്ക് അഡ്രിനാലിൻ നൽകി. നെയ്യാർ മെഡിസിറ്റിയിൽ എത്തിച്ചപ്പോൾ കുട്ടിക്ക് നേരിയ പൾസ് ഉണ്ടായിരുന്നതായും ഡോക്ടർ പറഞ്ഞു. നെബുലൈസേഷൻ, അഡ്രിനാലിൻ കുത്തിവയ്പ്പുകളാണ് എടുത്തതെന്നും ഇത് ഒരിക്കലും മരണകാരണമാകില്ലെന്നുമാണ് ആശുപത്രിയുടെ വിശദീകരണം. ആശുപത്രിയിൽ എത്തിക്കുമ്പോൾ തനെ ശ്വാസതടസം മൂലം കുഞ്ഞ് അവശയായിരുന്നുവെന്നും ആശുപത്രി
അധികൃതർ വ്യക്തമാക്കി.
ഐഷാ ഫാത്തിമയുടെ പോസ്റ്റ്മോർട്ടം ഇന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നടക്കും. നെയ്യാർ മെഡിസിറ്റിയിൽ നിന്ന് മൃതദേഹം മെഡിക്കൽ കോളേജിൽ എത്തിക്കും. കുഞ്ഞിന് എന്താണ് സംഭവിച്ചതെന്ന് പോസ്റ്റ്മോർട്ടം റിപോർട്ട് പുറത്തുവന്നാലേ വ്യക്തമാകൂ. തിരുവനന്തപുരം ചക്കിപ്പാറ സ്വദേശി സിദ്ദിഖിന്റെ മകൾ രണ്ടരവയസുള്ള ഐഷാ ഫാത്തിമയാണ് മരിച്ചത്. സംഭവത്തിൽ കാട്ടാക്കടയിലെ മമൽ ആശുപത്രിക്കെതിരേ മാതാപിതാക്കൾ പോലിസിൽ പരാതി നൽകുകയായിരുന്നു. അതേസമയം, മമൽ ആശുപത്രിയിൽ ഉണ്ടായ ചികിൽസാ പിഴവാണ് മരണകാരണമെന്ന് ആവർത്തിക്കുകയാണ് കുട്ടിയുടെ കുടുംബം.
കുട്ടിക്ക് കുറച്ച് ദിവസമായി കണ്ണിന് ചെറിയ പ്രശ്നങ്ങളുണ്ടായിരുന്നു. ഇതേ തുടർന്ന് പനിയും ശ്വാസതടസവുമുണ്ടായപ്പോഴാണ് ഇന്നലെ കാട്ടാക്കട മമൽ ആശുപത്രിയിൽ കുഞ്ഞിനെ എത്തിച്ചത്.. ശ്വാസ തടസത്തിന് ആവി പിടിച്ചശേഷം കുട്ടിക്ക് രണ്ട് ഇഞ്ചക്ഷൻ എടുത്തു. കുത്തിവയ്പ്പ് എടുത്തയുടൻ കുഞ്ഞ് ബോധരഹിതയായെന്നും നെയ്യാർ മെഡിസിറ്റിയിൽ എത്തിച്ചപ്പോഴേക്കും കുഞ്ഞ് മരിച്ചെന്നുമാണ് കുടുംബത്തിന്റെ പരാതി. കുട്ടിയെ ആംബുലൻസിൽ ഉടൻ നെയ്യാർ മെഡിസിറ്റിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു. എന്നാൽ ഈ വിവരം പോലും തങ്ങളിൽ നിന്ന് മറച്ചുവച്ചുവെന്നാണ് കുടുംബത്തിന്റെ ആരോപണം.
കുഞ്ഞിന്റെ ബന്ധുക്കളെ ഈ ആംബുലൻസിൽ കയറ്റിയില്ലെന്നും ആരോപണമുണ്ട്. കുഞ്ഞ് മെഡിസിറ്റിയിൽ എത്തുന്നതിന് അരമണിക്കൂർ മുൻപ് മരിച്ചെന്നാണ് നെയ്യാർ മെഡിസിറ്റി അധികൃതർ തങ്ങളെ അറിയിച്ചതെന്നും കുടുംബം പറഞ്ഞു. രണ്ട് കൈയിലും കുത്തിവയ്പ്പ് എടുത്തയുടൻ തന്നെ
കുഞ്ഞ് ശ്വാസമെടുക്കാനാകാതെ പിടഞ്ഞെന്നും ചുണ്ടുകൾ കോടിയതായി തോന്നിയെന്നുമാണ് പിതാവ് പറഞ്ഞത്.
അസ്വാഭാവിക മരണത്തിനാണ് ആര്യനാട് പോലിസ് കേസെടുത്തിരിക്കുന്നത്.
പോസ്റ്റ്മോർട്ടം റിപോർട്ട് വന്നാലേ സംഭവിച്ചതെന്തെന്ന് വ്യക്തമാകൂ.
Post a Comment
Thanks