കോഴിക്കോട് ദുരന്തം മുന്നറിയിപ്പ്; പൊന്നാനിയിൽ അപകടാവസ്ഥയിലുള്ളത് ഒരു ഡസൻ കെട്ടിടങ്ങൾ; നടപടിയില്ലാതെ നഗരസഭ..!


കോഴിക്കോട് വലിയങ്ങാടിയിൽ കാലപ്പഴക്കം ചെന്ന കെട്ടിടം തകർന്ന് നാലുപേർ മരിച്ച സംഭവം നഗരപ്രദേശങ്ങളിലെ ജീർണ്ണിച്ച കെട്ടിടങ്ങളുടെ സുരക്ഷയെക്കുറിച്ച് വലിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്. പൊന്നാനി അങ്ങാടിയിലും സമാനമായ രീതിയിൽ ഏത് നിമിഷവും തകർന്നു വീഴാവുന്ന ഒരു ഡസനിലേറെ കെട്ടിടങ്ങൾ ഭീഷണിയായി നിൽക്കുന്നുണ്ട്.


തകർന്നു വീഴാൻ സാധ്യതയുള്ള 13 കെട്ടിടങ്ങളുടെ പട്ടിക തഹസിൽദാർ മുൻപ് പ്രസിദ്ധീകരിച്ചിരുന്നുവെങ്കിലും നടപടികൾ വൈകുന്നത് വൻ അപകടത്തിന് വഴിമരുന്നിടുന്നു.


പൊന്നാനി അങ്ങാടിയിൽ കാലപ്പഴക്കം മൂലം കഴിഞ്ഞ വർഷങ്ങളിൽ രണ്ട് കെട്ടിടങ്ങൾ നിലംപൊത്തിയിരുന്നു. ഭാഗ്യം കൊണ്ട് മാത്രമാണ് അന്ന് വൻ ദുരന്തങ്ങൾ ഒഴിവായത്.


പൊതുമരാമത്ത്, നഗരസഭ, റവന്യൂ വകുപ്പുകൾ സംയുക്തമായി പരിശോധന നടത്തി പൊളിച്ചുനീക്കേണ്ട കെട്ടിടങ്ങളുടെ പട്ടിക തയ്യാറാക്കിയിരുന്നെങ്കിലും തുടർനടപടികൾ പാതിവഴിയിലാണ്. ചാണ റോഡ് മുതൽ കോടതിപ്പടി വരെയുള്ള ഭാഗത്തെ കെട്ടിടങ്ങളിൽ പകുതിയോളം ബലക്ഷയം നേരിടുന്നവയാണെന്നാണ് കണ്ടെത്തൽ.


ഈ കെട്ടിടങ്ങൾ പൊളിച്ചുമാറ്റണമെന്ന അധികൃതരുടെ നിർദ്ദേശത്തോട് ഉടമകൾ നിഷേധ നിലപാടാണ് സ്വീകരിക്കുന്നത്. ​അങ്ങാടി വികസന പദ്ധതിയിൽ നിന്ന് നഗരസഭ പിൻവാങ്ങിയതാണ് നടപടികൾ മന്ദഗതിയിലാകാൻ കാരണമെന്ന് ആക്ഷേപമുണ്ട്.


റോഡ് വികസനത്തിനായി കെട്ടിടങ്ങൾ പൊളിച്ചുനീക്കാൻ ഉടമകളും വ്യാപാരികളും സ്വയം സന്നദ്ധരാകാത്തത് പദ്ധതിയെ ബാധിച്ചു. ബലക്ഷ്യമുള്ള കെട്ടിടങ്ങളിലെ വ്യാപാര സ്ഥാപനങ്ങൾക്ക് ലൈസൻസ് പുതുക്കി നൽകേണ്ടതില്ലെന്ന് മുൻപ് തീരുമാനമെടുത്തിരുന്നെങ്കിലും അത് നടപ്പിലായില്ല. പകുതി തകർന്നു നിൽക്കുന്ന കെട്ടിടങ്ങൾ ഏത് നിമിഷവും താഴെ വീഴാവുന്ന തരത്തിൽ നിൽക്കുന്നത് കാൽനടയാത്രക്കാർക്കും വ്യാപാരികൾക്കും ഒരുപോലെ ഭീഷണിയാണ്.


കോഴിക്കോട് സംഭവിച്ചതുപോലെയുള്ള ഒരു ദുരന്തം പൊന്നാനിയിൽ ആവർത്തിക്കാതിരിക്കാൻ നഗരസഭ കർശന നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Post a Comment

Thanks

Previous Post Next Post