തിരൂരങ്ങാടി: കേരള ഹയർ സെക്കണ്ടറി സ്കൂൾ ടീച്ചേഴ്സ് യൂണിയൻ (KHSTU) യു.ഡി.എഫ് പ്രകടനപത്രികയിൽ ഉൾപ്പെടുത്തേണ്ട സമഗ്ര വിദ്യാഭ്യാസ നിർദ്ദേശങ്ങൾ മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം സാഹിബിന് സമർപ്പിച്ചു. സംസ്ഥാന പ്രസിഡണ്ട് കെ.ടി. അബ്ദുൽ ലത്തീഫ് മാസ്റ്ററുടെ നേതൃത്വത്തിലുള്ള കെ.എച്ച്.എസ്.ടി.യു പ്രതിനിധി സംഘം ചേർന്നാണ് നിർദ്ദേശങ്ങൾ കൈമാറിയത്.
വിദ്യാഭ്യാസ രംഗത്തെ ഗുണനിലവാര വികസനവും ഭരണ കാര്യക്ഷമതയും ലക്ഷ്യമാക്കി തയ്യാറാക്കിയ നിർദ്ദേശങ്ങളിൽ പ്രധാനമായി, നവോദയ വിദ്യാലയ മാതൃകയിൽ എല്ലാ ജില്ലകളിലും സർക്കാർ മാതൃകാ റെസിഡൻഷ്യൽ വിദ്യാലയങ്ങൾ സ്ഥാപിക്കുക എന്ന ആവശ്യം ഉൾപ്പെടുത്തി. കൂടാതെ ഹയർ സെക്കണ്ടറി വിഭാഗത്തെ ശാക്തീകരിക്കുന്നതിനായി എല്ലാ ജില്ലകളിലും മേഖലാ ഓഫീസുകൾ ആരംഭിക്കുക, വി.എച്ച്.എസ്.ഇ. വിഭാഗത്തിൽ പ്രിൻസിപ്പാൾ തസ്തിക സൃഷ്ടിക്കുക, അടിസ്ഥാന സൗകര്യങ്ങളും അക്കാദമിക് സംവിധാനങ്ങളും ശക്തിപ്പെടുത്തുക തുടങ്ങിയ നിർദ്ദേശങ്ങളും സമർപ്പിച്ച രേഖയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
അധ്യാപക സമൂഹത്തിന്റെ സേവന-സൗകര്യ പ്രശ്നങ്ങൾക്കും പ്രാധാന്യം നൽകണമെന്ന് ആവശ്യപ്പെട്ട പ്രതിനിധി സംഘം, വിദ്യാഭ്യാസ നയ നിർമാണത്തിൽ അധ്യാപകരുടെ പങ്കാളിത്തം ഉറപ്പാക്കണമെന്നും ചൂണ്ടിക്കാട്ടി. യു.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നാൽ ഈ നിർദ്ദേശങ്ങൾ ഗൗരവത്തോടെ പരിഗണിക്കുമെന്നും ഘട്ടംഘട്ടമായി നടപ്പാക്കാൻ ശ്രമിക്കുമെന്നും പി.എം.എ സലാം ഉറപ്പ് നൽകി.
ജനറൽ സെക്രട്ടറി ഒ. ഷൗക്കത്തലി, നുഹ്മാൻ ഷിബിലി, പി. അബ്ദുൽ ഫത്താഹ്, കെ.കെ. അലവിക്കുട്ടി, അഷ്റഫ് ചാലിയം, കെ.ബി. ലത്വീബ് കുമാർ, എം. ജാഫർ, ടി.സി. നാസർ, മുനീർ താനാളൂർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ഫോട്ടോ:
യു.ഡി.എഫ് പ്രകടനപത്രികയിൽ ഉൾപ്പെടുത്തേണ്ട വിദ്യാഭ്യാസ നിർദ്ദേശങ്ങൾ മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാമിന് കെ.എച്ച്.എസ്.ടി.യു സംസ്ഥാന പ്രസിഡണ്ട് കെ.ടി. അബ്ദുൽ ലത്തീഫ് കൈമാറുന്നു.

Post a Comment
Thanks