കുണ്ടംകടവിലെ അപകട വളവിൽ ഒബ്ജക്റ്റ് ഹസാർ മാർക്കറുകൾ സ്ഥാപിച്ചു.



തിരൂരങ്ങാടി: പരപ്പനങ്ങാടി - പാറക്കടവ്  റോഡിൽ കുണ്ടംകടവ് പാലത്തിന് സമീപമുള്ള അപകട  വളവിലും പാലത്തിനോട് ചേർന്ന സ്ഥലത്തും അപകട മേഖല തിരിച്ചറിയുന്നതിന് വേണ്ടിയുള്ള മുന്നറിയിപ്പ് ബോർഡായ ഒബ്ജക്റ്റ് ഹസാർ മാർക്കറുകൾ പൊതുമരാമത്ത് റോഡ്സ് വിഭാഗം  സ്ഥാപിച്ചു. 

രാത്രി സമയങ്ങളിലും മറ്റും ഈ വളവ് ഡ്രൈവർമാരുടെ ശ്രദ്ധയിൽ പെടാതെ പോവുന്നത് കൊണ്ട് ഇവിടെ അപകടങ്ങൾ നിത്യ സംഭവമായിരുന്നു. കൊടും വളവായിട്ടും മുന്നറിയിപ്പ് നൽകുന്ന  യാതൊന്നും അധികൃതർ ഇവിടെ സ്ഥാപിച്ചിട്ടില്ലായിരുന്നു. ഈ വളവിന്റെ രണ്ട് ഭാഗവും  പത്ത് അടിയോളം താഴ്ചയുള്ളതാണ്. വളവ് ശ്രദ്ധയിൽ പെടാത്തതിനെ തുടർന്ന് മുന്നോളം കാറുകൾ നിയന്ത്രണം വിട്ട് ഈ വളവിൽ നിന്നും താഴ്ചയിലേക്ക് മറിഞ്ഞിരുന്നു. ആളപായം സംഭവിക്കാതെ യാത്രക്കാർ അന്ന് രക്ഷപ്പെടുകയായിരുന്നു. 


കുണ്ടം കടവിലെ അപകട വളവിൽ വാഹന യാത്രക്കാരുടെയും നാട്ടുകാരുടെയും ആശങ്കയകറ്റണമെന്നും അപായ സൂചന ബോർഡുകളും ക്രാഷ് ബാരിക്കേഡും അടിയന്തിരമായി സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് സാമൂഹ്യ പ്രവർത്തകനും ദേശീയ മനുഷ്യാവകാശ സംഘടനയായ നാഷണൽ ഫോറം ഫോർ പീപ്പിൾസ് റൈറ്റ്സ് (എൻ.എഫ്.പി ആർ ) തിരൂരങ്ങാടി താലൂക്ക് ജനറൽ സെക്രട്ടറിയുമായ അഷ്റഫ് കളത്തിങ്ങൽ പാറ പൊതുമരാമത്ത് വകുപ്പ് മന്ത്രി, ചീഫ് എക്സിക്യൂട്ടീവ് എഞ്ചിനീയർ , പൊതുമരാമത്ത് മെയിന്റനൻസ് വിഭാഗം എന്നിവർക്ക്   നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടിരുന്നു.

Post a Comment

Thanks

أحدث أقدم