തിരൂരങ്ങാടി:ഗവ: താലൂക്ക് ആശുപത്രിയിൽ ഒഴിവ് ഉണ്ടായിരുന്ന ജനറൽ മെഡിസിൻ വിഭാഗത്തിലേക്ക് ഫിസിഷ്യൻ ഡോക്ടറെ അടിയന്തിരമായി നിയമിക്കണമെന്ന ദേശീയ മനുഷ്യാവകാശ സംഘടനയായ എൻ.എഫ്.പി.ആർ. ഇടപെടലിനെ തുടർന്ന് പുതിയ മെഡിസിൻ ഡോക്ടറെ നിയമിച്ച് ഉത്തരവായി.
പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലെ ഡോ: കെ. നസ്റുദ്ധീനെയാണ് തിരൂരങ്ങാടിയിലേക്ക് നിയമിച്ചിട്ടുള്ളത്. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ ഉണ്ടായിരുന്ന ഫിസിഷ്യൻ ഡോക്ടർ സ്ഥലം മാറി പോയതിന് പകരം ഡോക്ടറില്ലാതായിട്ട് രണ്ട് മാസത്തിനടുത്തായിരുന്നു. ദിവസവും രണ്ടായിരത്തിലേറെ രോഗികൾ ആശ്രയിക്കുന്ന താലൂക്ക് ആശുപത്രിയിൽ ജനറൽ മെഡിസിൻ ഇല്ലാത്തത് രോഗികൾക്ക് ഏറെ പ്രയാസം നേരിട്ടിരുന്നു.
ജനറൽ മെഡിസിൻ വിഭാഗത്തിലേക്ക് ഫിസിഷ്യൻ ഡോക്ടറെ അടിയന്തിരമായി നിയമിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് സാമൂഹ്യ പ്രവർത്തകനും ദേശീയ മനുഷ്യാവകാശ സംഘടനയായ നാഷണൽ ഫോറം ഫോർ പീപ്പിൾസ് റൈറ്റ്സ് (എൻ.എഫ്.പി.ആർ ) തിരൂരങ്ങാടി താലൂക്ക് ജനറൽ സെക്രട്ടറിയുമായ അഷ്റഫ് കളത്തിങ്ങൽ പാറ ജില്ലാ മെഡിക്കൽ ഓഫീസർക്ക് ഫെബ്രുവരി 10 നും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജിന് ഫെബ്രുവരി 13 നും പരാതി അയച്ചിരുന്നു. ഇതേ തുടർന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ് വിഷയത്തിൽ ഇടപെടുകയും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെ ഒഴിവുള്ള വിഭാഗത്തിലേക്ക് ഡോക്ടറെ നിയമിക്കാൻ ഫെബ്രുവരി 16 ന് ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് കർശന നിർദ്ദേശം നൽകുകയുമായിരുന്നു.
തുടർന്നാണ് ആരോഗ്യ വകുപ്പ് ഡയറക്ടർ കെ.ജെ. റീന പുതിയ ഡോക്ടറെ നിയമിച്ച് കൊണ്ട് ഉത്തരവിറക്കിയിട്ടുള്ളത്.നിലവിൽ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെ സ്ത്രീ രോഗ വിഭാഗത്തിലെ പ്രസവാവധിയിലുള്ള ഡോ: ഇ. സഹനയെ അരീക്കോട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി നിയമിച്ചിട്ടുണ്ട്. തിരൂരങ്ങാടിയിലേക്ക് പകരം സ്ത്രീ രോഗ വിഭാഗം ഡോക്ടർ ഉടനെ എത്തുന്നതുമാണ്.

Post a Comment
Thanks