മലപ്പുറം: കഴിഞ്ഞ രണ്ട് വർഷത്തിലധികമായി ഈ വലിയ ജില്ലയുടെ കളക്ടറായി സേവനമനുഷ്ഠിക്കാൻ കഴിഞ്ഞത് എന്റെ ഔദ്യോഗിക ജീവിതത്തിലെ ഏറ്റവും അഭിമാനകരമായ നിമിഷങ്ങളിൽ ഒന്നാണ്. ലാൻഡ് റവന്യൂ ജോയിന്റ് കമ്മീഷണറായി പുതിയ ചുമതല ഏറ്റെടുക്കുന്നതിനായി ഞാൻ നാളെ മലപ്പുറത്തോട് വിടപറയുകയാണ്.
മലപ്പുറത്തുകാരോടൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞത് എന്റെ ഔദ്യോഗിക ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട അനുഭവങ്ങളിലൊന്നാണ്. 2023 ഒക്ടോബർ 20ന് ജില്ലാ കളക്ടറായി ചുമതലയേറ്റ എനിക്ക് ഇതുവരെ ജില്ലയിലെ ജനങ്ങളും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും വലിയ പിന്തുണയാണ് നൽകിയത്.
ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കൽ, മാലിന്യമുക്ത മലപ്പുറം എന്ന ലക്ഷ്യം, ഭിന്നശേഷിക്കാരായ സഹോദരങ്ങളോടൊപ്പം ‘ഒപ്പം’ പദ്ധതിയിലൂടെ നടത്തിയ പ്രവർത്തനങ്ങൾ, വ്യവസായ രംഗത്ത് നടത്തിയ എമെർജിങ് മലപ്പുറം തുടങ്ങി ജനപങ്കാളിത്തത്തോടെ നടപ്പാക്കിയ വിവിധ ക്യാമ്പെയ്‌നുകൾ — ഇവയെല്ലാം ജില്ലാ ഭരണകൂടത്തിന്റേതല്ല, മലപ്പുറത്തിന്റെ കൂട്ടായ പരിശ്രമങ്ങളുടെ വിജയങ്ങളാണ്. സർക്കാർ ജീവനക്കാരും വിവിധ വകുപ്പുകളും ജനപ്രതിനിധികളും സന്നദ്ധ സംഘടനകളും പൊതുജനങ്ങളും നൽകിയ പിന്തുണയാണ് ഓരോ മുന്നേറ്റത്തിനും കരുത്തായത്.
വികസന മുന്നേറ്റങ്ങളിലും തിരഞ്ഞെടുപ്പുകൾ മുതൽ ദുരന്തനിവാരണ പ്രവർത്തനങ്ങൾ വരെ എല്ലാ വെല്ലുവിളി ഘട്ടങ്ങളിലും ജില്ലയിലെ ടീമിനൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞത് അഭിമാനകരമായ അനുഭവമായി ഞാൻ കാണുന്നു. സഹപ്രവർത്തകരെ സമ്മർദത്തിലാക്കാതെ, ഒരുമിച്ച് പ്രവർത്തിക്കാം എന്ന വിശ്വാസം എപ്പോഴും കൈപിടിച്ചു നിന്നു.
ഇപ്പോൾ ലാൻഡ് റവന്യൂ വകുപ്പിൽ ജോയിന്റ് കമ്മീഷണറായി പുതിയ ചുമതലയിലേക്ക് മാറുമ്പോൾ, മലപ്പുറം നൽകിയ സ്നേഹവും വിശ്വാസവും എന്നും ഹൃദയത്തിൽ നിലനിൽക്കും. ഈ ജില്ലയുടെ പുരോഗതിക്കും ക്ഷേമത്തിനും എന്റെ എല്ലാ ആശംസകളും.
എന്നെ പിന്തുണച്ച ഓരോരുത്തർക്കും ഹൃദയം നിറഞ്ഞ നന്ദി.
പുതിയ കളക്ടറായി ചുമതലയേൽക്കുന്ന ശ്രീ. ഡോ.വിനയ് ഗോയൽ ഐ.എ.എസ്-ന് എല്ലാവിധ ആശംസകളും നേരുന്നു.
സ്നേഹത്തോടെ,
വി.ആർ. വിനോദ് IAS.
റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ.
إرسال تعليق
Thanks