വാഹനാപകടത്തില്‍ മരിച്ച പത്തുമാസം പ്രായമുള്ള ആലിൻ ഷെറിന്റെ കരള്‍ ആറുമാസം പ്രായമുള്ള കുഞ്ഞില്‍ വിജയകരമായി മാറ്റിവച്ചു.
തിരുവനന്തപുരത്തെ കിംസ് ഹെല്‍ത്ത് ആശുപത്രിയില്‍ നടന്ന ശസ്ത്രക്രിയയില്‍ കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചത്.
ഇന്നലെ രാത്രി പത്തരയോടെ ആരംഭിച്ച ശസ്ത്രക്രിയ ഇന്ന് പുലർച്ചെ ആറുമണിയോടെയാണ് പൂർത്തിയായത്. മാറ്റിവച്ച കരളുമായി ബന്ധപ്പെട്ട മെറ്റബോളിക് ഘടകങ്ങളില്‍ നല്ല പുരോഗതി കാണുന്നുണ്ടെന്ന് ആശുപത്രി പുറത്തിറക്കിയ വാർത്താക്കുറിപ്പില്‍ വ്യക്തമാക്കി. പ്രാഥമിക ഘട്ടത്തില്‍ ശസ്ത്രക്രിയ വലിയ വിജയമാണെന്നും കുട്ടി നിരീക്ഷണത്തിലാണെന്നും ഡോക്ടർമാർ അറിയിച്ചു.
കേരളത്തിന്റെ അവയവദാന ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ദാതാവാണ് പത്തുമാസം പ്രായമുള്ള ആലിൻ ഷെറിൻ. നെയ്യാറ്റിൻകര സ്വദേശികളായ ദമ്പതികളുടെ ആറുമാസം പ്രായമുള്ള മകളാണ് കരള്‍ സ്വീകരിച്ചത്. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ കരള്‍ സ്വീകർത്താക്കളില്‍ ഒരാളാണ് ഈ കുഞ്ഞ്.
ജന്മനാ കരളിനെ ബാധിക്കുന്ന ബിലിയറി അട്രേഷ്യ എന്ന ഗുരുതര രോഗം ബാധിച്ച നിലയിലായിരുന്നു കുഞ്ഞ്. കരള്‍ മാറ്റിവയ്ക്കുക എന്നതല്ലാതെ ജീവൻ രക്ഷിക്കാൻ മറ്റ് മാർഗങ്ങളില്ലാത്ത സാഹചര്യത്തിലാണ് ആലിൻ ഷെറിന്റെ മാതാപിതാക്കളുടെ തീരുമാനം ഈ കുഞ്ഞിന് പുനർജന്മമായത്. അതേസമയം, സർക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെയാണ് ആലിൻ ഷെറിനെ യാത്രയാക്കുക.
Post a Comment
Thanks