മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ സമരം; വലഞ്ഞ് രോഗികള്‍, വീണ്ടും ചര്‍ച്ച നടത്താനൊരുങ്ങി സര്‍ക്കാർ


മെഡിക്കല്‍ കോളേജിലെ സമരം ചെയ്യുന്ന ഡോക്ടർമാരുമായി സർക്കാർ വീണ്ടും ചർച്ച നടത്തും. നാളെ ആരോഗ്യ മന്ത്രി വീണാ ജോർജ് ധനമന്ത്രി കെ എൻ ബാലഗോപാലുമായും ചർച്ച നടത്തും.


ഇതിനുശേഷമായിരിക്കും കെജിഎംസിടിഎയുമായുള്ള (കേരള ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ടീച്ചേഴ്സ് അസോസിയേഷൻ)ചർച്ച നടക്കുക. 


സംസ്ഥാനത്തെ മെഡിക്കല്‍ കോളേജ് ഡോക്ടർമാരുടെ സമരം ഇന്ന് പത്താം ദിനത്തിലേക്ക് കടക്കുകയാണ്. അടിയന്തരമല്ലാത്ത ശസ്ത്രക്രിയകള്‍ നിർത്തിവച്ചിട്ട് ഇന്ന് ഏഴ് ദിവസമാകും. ശമ്പളപരിഷ്കരണ കുടിശിക അനുവദിക്കുക, മതിയായ തസ്തിതകള്‍ സൃഷ്ടിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. ആറ്റുകാല്‍ പൊങ്കാല ഡ്യൂട്ടിയുമായും കെജിഎംഒഎ സഹകരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.


അതേസമയം, തലസ്ഥാനത്തെ എല്ലാ സർക്കാർ ആശുപത്രികളിലെയും ഡോക്ടർമാർ കൂട്ടഅവധിയെടുത്തതോടെ രോഗികളുടെ അവസ്ഥ ദയനീയമായിരിക്കുകയാണ്. എന്ത് ചെയ്യണമെന്നറിയാതെ കൂട്ടിരിപ്പുകാരും ദുരിതത്തിലായി. നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ ചികിത്സാ പിഴവ് പരാതികളില്‍ സസ്‌പെൻഡ് ചെയ്യപ്പെട്ട ഡോക്ടർ ബിന്ദു സുന്ദറിനെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടാണ്‌ കെജിഎംഒഎയുടെ നേതൃത്വത്തില്‍ ഡോക്ടർമാർ കൂട്ട അവധിയെടുത്ത് പ്രതിഷേധിച്ചത്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ ജനറല്‍ ആശുപത്രികള്‍ വരെ ദുരിതം നീളുകയാണ്.


സസ്‌പെൻഷനില്‍ ആയ ഡോക്ടർ ബിന്ദു സുന്ദറിനെതിരായ നടപടി അന്യായമെന്നാണ്‌ ഡോക്ടർമാരുടെ വാദം. പരാതിയില്‍ കഴമ്പുണ്ടെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതിനെ തുടർന്നാണ് ആരോഗ്യവകുപ്പ്‌ ഡോക്ടറെ സസ്‌പെൻഡ് ചെയ്തത്.

Post a Comment

Thanks

Previous Post Next Post