കോഴിക്കോട് | തൃണമൂൽ കോൺഗ്രസ് നേതാവ് പി.വി.അൻവർ നിയമസഭാ തിരഞ്ഞെടുപ്പിൽ ബേപ്പൂരിൽ മത്സരിച്ചേക്കും. യുഡിഎഫ് നേതൃത്വത്തിന്റെ നിർദേശപ്രകാരം അൻവർ മണ്ഡലത്തിൽ അനൗദ്യോഗിക പ്രചാരണം തുടങ്ങി. തൃണമൂൽ കോൺഗ്രസിനെ യുഡിഎഫിൽ അസോഷ്യേറ്റ് കക്ഷിയായി നേരത്തേ ഉൾപ്പെടുത്തിയിരുന്നു. മുന്നണി ധാരണപ്രകാരം ബേപ്പൂർ മാത്രമാകും തൃണമൂലിനു നൽകുക.
മന്ത്രി പി.എ.മുഹമ്മദ് റിയാസാണ് മണ്ഡലത്തിലെ സിറ്റിങ് എംഎൽഎ. അദ്ദേഹം വീണ്ടും പോരിനിറങ്ങിയാൽ സംസ്ഥാനം ഉറ്റുനോക്കുന്ന മത്സരം നടക്കുന്ന മണ്ഡലമായി ബേപ്പൂർ മാറും. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ എൽഡിഎഫിന്റെ വൻ ഭൂരിപക്ഷം തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടിഞ്ഞതാണു ബേപ്പൂരിൽ അൻവറിനു പ്രതീക്ഷ നൽകുന്ന ഘടകം.
സിപിഎമ്മിന്റെ ശക്തി കേന്ദ്രമായി അറിയപ്പെടുന്ന ബേപ്പൂരിൽ അവസാനമായി യുഡിഎഫ് ജയിച്ചത് 1977ൽ ആണ്. അന്നു ജയിച്ച കോൺഗ്രസ് നേതാവ് എൻ.പി.മൊയ്തീൻ 1980ലും വിജയം ആവർത്തിച്ചെങ്കിലും ഇടതുപക്ഷത്തിന്റെ ഭാഗമായ കോൺഗ്രസ് (യു) സ്ഥാനാർഥിയായാണു മത്സരിച്ചത്. 1982 മുതൽ തുടർച്ചയായി സിപിഎം സ്ഥാനാർഥികളാണു ജയിക്കുന്നത്.
2021ൽ റിയാസിന്റെ ഭൂരിപക്ഷം 28,747 വോട്ടായിരുന്നെങ്കിൽ തദ്ദേശ തിരഞ്ഞെടുപ്പിലെ കണക്കുപ്രകാരം മണ്ഡലത്തിൽ എൽഡിഎഫിനുള്ള മേൽക്കൈ 1340 വോട്ടാണ്. കോഴിക്കോട് കോർപറേഷന്റെ 41 മുതൽ 54 വരെ വാർഡുകളും ഫറോക്ക്, രാമനാട്ടുകര നഗരസഭകളും കടലുണ്ടി പഞ്ചായത്തും ഉൾപ്പെടുന്നതാണ് ബേപ്പൂർ മണ്ഡലം. കോർപറേഷന്റെ 14 വാർഡുകളിൽ 4 ഇടത്ത് യുഡിഎഫും 9 ഇടത്ത് എൽഡിഎഫും ഒരിടത്ത് ബിജെപിയുമാണു ജയിച്ചത്. ഫറോക്ക്, രാമനാട്ടുകര നഗരസഭകൾ യുഡിഎഫും കടലുണ്ടി പഞ്ചായത്ത് എൽഡിഎഫും ഭരിക്കുന്നു. 87 മുതൽ തുടർച്ചയായി കോൺഗ്രസ് ജയിച്ചിരുന്ന നിലമ്പൂർ മണ്ഡലം പിടിച്ചെടുത്താണ് 2016ൽ പി.വി.അൻവറിന്റെ കന്നി നിയമസഭാ തിരഞ്ഞെടുപ്പു വിജയം. 2021ൽ നിലമ്പൂരിൽ വിജയം ആവർത്തിച്ചു.
إرسال تعليق
Thanks