ന്യൂഡൽഹി | ആധാറിലെ മേൽവിലാസം എളുപ്പത്തിൽ മാറ്റാനുള്ള സൗകര്യം പുതിയ ആധാർ ആപ്പിൽ ലഭ്യമായി. 75 രൂപയാണ് നിരക്ക്. ആപ് വഴി അപേക്ഷ നൽകിയാൽ പരമാവധി 30 ദിവസത്തിനകം വേണ്ട പരിശോധനകൾക്കുശേഷം വിലാസം മാറും. പുതിയ വിലാസം തെളിയിക്കുന്ന രേഖ അപ്‍ലോഡ് ചെയ്തുകൊടുത്താൽ മതി. വാടകയ്ക്കു താമസിക്കുന്നവർക്ക് വാടകക്കരാർ അപ്‍ലോഡ് ചെയ്തു പോലും വിലാസം എളുപ്പത്തിൽ മാറ്റാമെന്നതാണ് മെച്ചം. മൊബൈൽ നമ്പർ മാറ്റാനും പുതിയ ആധാർ ആപ്പിൽ സൗകര്യമുണ്ട്. വൈകാതെ വ്യക്തിയുടെ പേര്, ഇമെയിൽ എന്നിവ അപ്ഡേറ്റ് ചെയ്യാനുള്ള സൗകര്യവും ആപ്പിൽ ലഭ്യമാകും.
∙ വിലാസം തെളിയിക്കുന്ന രേഖകൾ: റേഷൻ കാർഡ്, വോട്ടർ ഐഡി, മാര്യേജ് സർട്ടിഫിക്കറ്റ്, വാടകക്കരാർ, വസ്തുനികുതി രസീത്, ബാങ്ക് പാസ്ബുക്, പാസ്പോർട്ട്, എംപി/എംഎൽഎ നൽകുന്ന സാക്ഷ്യപത്രം, വൈദ്യുതി ബിൽ, തഹസിൽദാർ/ഗസറ്റഡ് ഓഫിസറുടെ സാക്ഷ്യപത്രം, ലൈഫ്/മെഡിക്കൽ ഇൻഷുറൻസ് പോളിസി, ലാൻഡ്‍ലൈൻ ടെലിഫോൺ ബിൽ, ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെന്റ്, തൊഴിലുറപ്പ് കാർഡ് തുടങ്ങിയവ.
എങ്ങനെ മാറ്റാം?∙ ആപ് സ്റ്റോറിൽനിന്ന് ‘ആധാർ’ (Aadhaar) ആപ് ഇൻസ്റ്റാൾ ചെയ്യുക. ആധാർ നമ്പറും ഒടിപിയും നൽകി റജിസ്ട്രേഷൻ പ്രക്രിയ ആരംഭിക്കുക. തുടർന്ന് ആപ്പിന്റെ ക്യാമറ സ്ക്രീനിൽ മുഖം കാണിക്കുക. ചുറ്റും പച്ചനിറം തെളിഞ്ഞുവെന്ന് ഉറപ്പാക്കണം. കണ്ണ് ഇടയ്ക്ക് അടയ്ക്കുകയും തുറക്കുകയും ചെയ്യണം.
∙ ഫെയ്സ് ഡിറ്റക‍്ഷനു ശേഷം ആപ്പിന്റെ ഹോം പേജിലെത്തും. ഏറ്റവും താഴെ ‘Services’ വിഭാഗത്തിൽ ‘My Aadhaar update’ എന്ന ഓപ്ഷനെടുക്കുക.
∙ ‘Address Update’ തുറന്ന് ‘Using your documents’ തിരഞ്ഞെടുക്കുക. 'Continue' നൽകിയ ശേഷം പുതിയ വിലാസം തെളിയിക്കാൻ നിങ്ങളുടെ പക്കലുള്ള രേഖ ലിസ്റ്റിൽ നിന്ന് തിരഞ്ഞെടുക്കുക.
∙ സ്കാൻഡ് പകർപ്പ് അപ്‍ലോഡ് ചെയ്യുമ്പോൾ ഫയൽ സൈസ് 2 എംബിയിൽ താഴെയായിരിക്കണം. അപ്‍ലോഡ് ചെയ്ത ശേഷം‘Fill details’ നൽകുക.
∙ നിലവിലുള്ള വിലാസം ആദ്യം കാണാം, പുതിയ വിലാസം ചുവടെ നൽകി മുന്നോട്ടു പോകുക. ‘Proceed to face authentication’ നൽകിയാൽ വീണ്ടും മുഖം പരിശോധിക്കും. ഇത് പൂർത്തിയായാൽ 75 രൂപ ഓൺലൈനായി അടച്ച് നടപടി പൂർത്തിയാക്കാം.
Post a Comment
Thanks