പ്രവാസി ക്ഷേമനിധി: നിസാര കാരണങ്ങൾ പറഞ്ഞ് അംഗങ്ങളെ ആനുകൂല്യങ്ങളിൽ നിന്ന് ഒഴിവാക്കുന്നു.


തിരൂരങ്ങാടി: കേരള പ്രവാസി ക്ഷേമനിധിയിൽ അംഗങ്ങളായ അംഗങ്ങളെ നിസാര കാര്യങ്ങൾ പറഞ്ഞ് ഒഴിവാക്കുന്നതായി പരാതി. പ്രവാസ ജീവിതം തുടരുന്നവർക്കും പ്രവാസം അവസാനിപ്പിച്ച് നാട്ടിൽ തിരിച്ചെത്തിയവർക്കും  വേണ്ടി സർക്കാർ ആവിഷ്കരിച്ചതാണ് പ്രവാസി ക്ഷേമനിധി.

ഇതിൽ അംഗത്വമെടുത്ത് അഞ്ച് വർഷം അംശാദായം അടച്ച് 60 വയസ്സ് പൂർത്തിയായവർക്ക് പെൻഷനും അംശാദായം അടച്ച് കൊണ്ടിരിക്കുന്നവർക്ക് വിവിധ ആനുകൂല്യങ്ങളും ക്ഷേമനിധി വഴി നൽകി വരുന്നുണ്ട്.

        എന്നാൽ ക്ഷേമനിധിയിൽ അംഗങ്ങളായി നാട്ടിൽ തിരിച്ചെത്തിയ പല മുൻ  പ്രവാസികൾക്കും സാമ്പത്തിക പരാധീനതകൾ മൂലം  അംശാദായം കൃത്യ സമയത്ത് അടക്കാൻ കഴിയാതെ വരുന്നുണ്ട്. പല അംഗങ്ങളും സാമ്പത്തിക സ്ഥിതിക്കനുസരിച്ച് ആറ് മാസത്തേതും ഒരു വർഷത്തേതും ഒന്നിച്ച് അടക്കുന്നവരാണ്. അഞ്ച് വർഷം  അംശാദായം അടച്ച്  60 വയസ്സ് പൂർത്തിയായവർക്കാണ് പെൻഷന് അപേക്ഷിക്കാൻ കഴിയുക. ഇങ്ങനെ 60 വയസ്സ് പൂർത്തീകരിച്ച് പെൻഷന് അപേക്ഷിക്കുന്നവരോടാണ് അംശാദായത്തിൽ കുടിശ്ശിക ബാക്കിയുണ്ട് എന്ന പേരും പറഞ്ഞ് പെൻഷൻ അപേക്ഷ സ്വീകരിക്കാതെ അപേക്ഷകൾ നിരസിക്കപ്പെടുകയും അടച്ച പൈസ തിരിച്ചെടുക്കുവാനും ക്ഷേമനിധി അധികൃതർ ആവശ്യപ്പെടുന്നത്. 

കുടിശികയുള്ള മുഴുവൻ പൈസയും അടക്കാൻ തയ്യാറായിട്ട് പോലും ക്ഷേമനിധി അധികൃതർ ഇവരോട് ദയ കാണിക്കുന്നില്ല. ഇത് പ്രവാസി ക്ഷേമനിധിയിൽ ചേർന്നിട്ടുള്ള ഒട്ടനേകം ആളുകളെ ഏറെ പ്രയാസത്തിലാക്കിയിട്ടുണ്ട്. ഒരു കാലത്ത് പ്രവാസിയായി  നാട്ടിന് വേണ്ടി ഒട്ടേറെ സമ്പത്ത് ഉണ്ടാക്കിയ പ്രവാസികളോട് അനുകമ്പ കാണിച്ച് പ്രവാസി ക്ഷേമനിധിയിൽ അംഗങ്ങളായിട്ടുള്ള അംശാദായം അടക്കുന്നത് തടസ്സപ്പെട്ട് കിടക്കുന്നവർക്ക് കുടിശിക അടച്ച് തീർക്കുന്നതിന് ആവശ്യമായ സമയ പരിധി നൽകണമെന്നും നിസാര കാര്യങ്ങൾ പറഞ്ഞ് ക്ഷേമനിധിയിലെ അംഗങ്ങൾക്ക് ലഭിക്കേണ്ട പെൻഷൻ പോലുള്ള ആനുകൂല്യങ്ങൾ തടസ്സപ്പെടുത്തരുതെന്നും  ഗൾഫ് മലയാളി കോ-ഓർഡിനേഷൻ കമ്മറ്റി ചെയർമാൻ അഷ്റഫ് കളത്തിങ്ങൽ പാറ ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു. 

ഈ ആവശ്യമുന്നയിച്ച് മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ് , നോർക്ക റൂട്ട്സ് ചെയർമാൻ, പ്രവാസി ക്ഷേമനിധി ബോർഡ് ചെയർമാൻ, സി.ഇ.ഒ. എന്നിവർക്ക് നിവേദനവും അയച്ചു.

Post a Comment

Thanks

Previous Post Next Post