മലപ്പുറം | 'മനുഷ്യര്‍ക്കൊപ്പം' എന്ന ശീര്‍ഷകത്തില്‍ കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന കേരള യാത്രയുടെ മുന്നോടിയായി കേരള മുസ്ലിം ജമാഅത്ത് ജില്ലാ കമ്മിറ്റി രണ്ട് മേഖലകളിലായി ചതുര്‍ദിന ജില്ലാ സന്ദേശയാത്രകള്‍ നടത്തും. പടിഞ്ഞാറന്‍ മേഖലാ യാത്ര ജില്ലാ പ്രസിഡന്റ് കൂറ്റമ്പാറ അബദുറഹ്‌മാന്‍ ദാരിമിയും കിഴക്കന്‍ മേഖലാ യാത്ര ജില്ലാ വൈസ് പ്രസിഡന്റ് വടശ്ശേരി ഹസന്‍ മുസ്ലിയാരും നയിക്കും. നാളെ മുതല്‍ ശനിയാഴ്ച വരെ ജില്ലയിലെ 23 കേന്ദ്രങ്ങളില്‍ യാത്രക്ക് സ്വീകരണമൊരുക്കും.
മലയാളി മുസ്‌ലിംകളുടെ ആധികാരിക മത-ആത്മീയ നേതൃത്വം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ രൂപീകൃതമായിട്ട് 100 വര്‍ഷം പൂര്‍ത്തീകരിക്കുകയാണ്. സമസ്ത സെന്റിനറി ആഘോഷങ്ങളുടെ ഭാഗമായി മൂന്ന് വര്‍ഷക്കാലം നീണ്ടുനില്‍ക്കുന്ന വിവിധ കര്‍മ പരിപാടികള്‍ കേരള മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തില്‍ നടന്നുവരുന്നു. പദ്ധതികളിലെ സുപ്രധാന പരിപാടിയാണ് ഇന്ത്യന്‍ ഗ്രാന്റ് മുഫ്തി സുല്‍ത്വാനുല്‍ ഉലമ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ അടക്കമുള്ള പണ്ഡിത നേതാക്കള്‍ നയിക്കുന്ന കേരള യാത്ര.
ജനുവരി ഒന്ന് മുതല്‍ 16 വരെ കാസര്‍ഗോഡ് നിന്നും തിരുവനന്തപുരത്തേക്കാണ് കേരളയാത്ര സംഘടിപ്പിക്കുന്നത്. ജില്ലയില്‍ ജനുവരി ഏഴ്, എട്ട് തിയതികളില്‍ യഥാക്രമം അരീക്കോട്ടും തിരൂരിലും യാത്രക്ക് സ്വീകരണമൊരുക്കും.
കേരളയാത്രയുടെ മാനവിക സന്ദേശം ജില്ലയിലാകെ എത്തിക്കുന്നതിനാണ് ജില്ലാ സന്ദേശ യാത്ര സംഘടിപ്പിക്കുന്നത്. നാളെ ഉച്ചക്ക് 2.30 ന് പൊന്നാനിയില്‍ ശൈഖ് സൈനുദ്ധീന്‍ മഖ്ദൂം തങ്ങളുടെ ഖബറിടം സിയാറത്ത് നടത്തി പടിഞ്ഞാറന്‍ മേഖലാ യാത്രക്ക് തുടക്കം കുറിക്കും.
കിഴക്കന്‍ മേഖലാ യാത്ര സമസ്ത കേന്ദ്ര മുശാവറ അംഗമായിരുന്ന മര്‍ഹൂം വി എന്‍ ബീരാന്‍കുട്ടി മുസ്ലിയാര്‍ എടക്കരയുടെ ഖബറിടം സിയാറത്ത് ചെയ്ത് വഴിക്കടവില്‍ നിന്നും പ്രയാണമാരംഭിക്കും. 33 അംഗ സെന്റിനറി ഗാര്‍ഡ് അംഗങ്ങളും പ്രസ്ഥാന നേതാക്കളും ബഹുജനങ്ങളും ചേര്‍ന്ന് വിവിധ കേന്ദ്രങ്ങളില്‍ യാത്രയെ സ്വീകരിക്കും.
വിവിധ സ്വീകരണ സമ്മേളനങ്ങളില്‍ അബൂബക്കര്‍ മാസ്റ്റര്‍ പടിക്കല്‍, എന്‍ എം സ്വാദിഖ് സഖാഫി, എം മുഹമ്മദ് സാദിഖ്, കെ ടി താഹിര്‍ സഖാഫി, അബ്ദുറഹീം കരുവള്ളി, ഇബ്രാഹിം സഖാഫി പുഴക്കാട്ടിരി, സക്കീര്‍ അരിമ്പ്ര, അബ്ദുല്‍ വഹാബ് സഖാഫി മമ്പാട്, സി കെ എം ഫാറൂഖ്, ഹസൈനാര്‍ സഖാഫി കുട്ടശ്ശേരി, യൂസുഫ് സഖാഫി മൂത്തേടം, സ്വാദിഖ് നിസാമി തെന്നല, അനസ് കാരിപ്പറമ്പ് പ്രമേയ പ്രഭാഷണം നടത്തും. പ്രാസ്ഥാനിക സാമൂഹ്യ രാഷ്ട്രിയ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. വേങ്ങരയിൽ ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് സ്വീകരണം നൽകും. പടിഞ്ഞാറന്‍ മേഖലാ യാത്ര കോട്ടക്കലും കിഴക്കന്‍ മേഖലാ യാത്ര മലപ്പുറത്തും വൈകുന്നേരം ഏഴുമണിക്ക് സമാപിക്കും.
Post a Comment
Thanks