പോറ്റിയേ കേറ്റിയേ’ രണ്ടാം ഭാഗം വരുന്നു, ജയിലിൽ നിന്ന് വാസു മുഖ്യമന്ത്രിക്ക് എഴുതുന്ന കത്ത് ഉള്ളടക്കം: ഒളിച്ചോടില്ലെന്ന് ജി.പി.കുഞ്ഞബ്ദുല്ല


തിര‍ഞ്ഞെടുപ്പ് കാലത്ത് വൈറലായി കേസിലായ ‘പോറ്റിയേ കേറ്റിയേ’ പാരഡി ഗാനത്തിന്റെ രണ്ടാം ഭാഗം പുറത്തുവരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി മലപ്പുറം ജില്ലാ യുഡിഎഫ് കമ്മിറ്റിയാകും ഗാനം പുറത്തിറക്കുക. ജയിലിൽ കഴിയുന്ന ദേവസ്വം മുന്‍ കമ്മീഷണര്‍ എൻ.വാസു തിരഞ്ഞെടുപ്പ് തോൽവിക്കു പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന് എഴുതുന്ന കത്താണ് പാട്ടിന്റെ ഉള്ളടക്കമെന്ന് ഗാനരചയിതാവ് ജി.പി.കുഞ്ഞബ്ദുല്ല പറഞ്ഞു. 

പാട്ടിന്റെ പേരിൽ തനിക്കെതിരെ എടുത്ത കേസിൽ നിന്ന് ഒളിച്ചോടില്ല. നിയമപരമായി നേരിടും.  തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ സിപിഎമ്മിന് പിടിച്ചുനിൽക്കാൻ ഒന്നുമില്ലാതായിപ്പോയി. അവർക്ക് അണികളോട് എന്തെങ്കിലുമൊക്കെ പറഞ്ഞ് പിടിച്ചുനിൽക്കണം. അതിനു കിട്ടിയ വടിയായാണ് ഈ പാട്ടിന്റെ മേൽ പഴിചാരുന്നത്. അല്ലാതെ ഈ ഒരൊറ്റ പാട്ടുകൊണ്ട് സിപിഎം എന്ന കേഡർ പാർട്ടി തകർന്നുപോവില്ല. കേസ് തങ്ങൾ നോക്കിക്കൊള്ളാമെന്നാണ് പ്രതിപക്ഷ നേതാവും കെപിസിസി അധ്യക്ഷനും പറഞ്ഞതെന്നും ജി.പി.കുഞ്ഞബ്ദുല്ല ഖത്തറിൽ നിന്ന് പ്രതികരിച്ചു.


രണ്ടര മാസം മുൻപ് ഞാൻ എഴുതിയ പാട്ടാണിത്. അടിസ്ഥാനപരമായി ഞാന്‍ ഒരു കോൺഗ്രസുകാരനാണ്. സർക്കാരിന് എതിരായി ഒരു പാട്ടെഴുതി എന്നത് ശരിയാണ്. പക്ഷെ ആ പാട്ടിൽ ഒരിടത്തും മതനിന്ദയില്ല. ശബരിമലയിലെ വിഷയം മാത്രമല്ല ഞാൻ ആ പാട്ടിൽ പ്രതിപാദിക്കുന്നത്. ആശാവർക്കർമാരോട് സർക്കാർ കാട്ടിയ അവഗണന, ഷാഫി പറമ്പിലിനെ തല്ലിയത്, ടി.പിയെ കൊല്ലാൻ നോക്കിയത് ഒക്കെ ആ പാട്ടിൽ പ്രതിപാദിക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് സമയത്ത് കോൺഗ്രസ് മാത്രമല്ല ബിജെപിയും ഇതേ പാട്ടിലെ ആദ്യവരികൾ പ്രചരിപ്പിച്ചിരുന്നു. മണ്ഡലകാലത്ത് ശബരിമല തീർഥാടനത്തിനു പോകുന്ന ഭക്തർ ബസ്സിൽ ഈ പാട്ടിട്ട് പോകുന്നതിന്റെ വിഡിയോ പലരും എനിക്ക് അയച്ചു തന്നിട്ടുണ്ട്.


പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും എന്നെ വിളിച്ചിരുന്നു. കേസ് തങ്ങൾ നോക്കിക്കൊള്ളാമെന്നാണ് അവർ പറഞ്ഞത്. എനിക്ക് ഒരു ആശങ്കയുമില്ല. കേസെടുത്ത സ്ഥിതിക്ക് നിയമാനുസൃതമായി നേരിടും. ഒളിച്ചോടാൻ പറ്റില്ലല്ലോ. 


വിശ്വാസികളുടെ നെഞ്ച് പിളര്‍ക്കുന്ന വേദനയായിരുന്നു ശബരിമലയിലെ സ്വര്‍ണക്കൊള്ള. അത് എന്റെ മനസ്സിനെയും വല്ലാതെ വേദനിപ്പിച്ചു. ആ വേദനയില്‍ എഴുതിയ പാട്ടാണ്. ഖത്തറിൽ ജോലിത്തിരക്കിനിടെയാണ് പാട്ടെഴുതിയത്.


Post a Comment

Thanks

أحدث أقدم