പ്രതിസന്ധികള്‍ക്ക് പരിഹാരമില്ല ; ജനുവരി ഒന്നിന് സൂചനാ പണിമുടക്കിനൊരുങ്ങി റേഷന്‍ വ്യാപാരികള്‍


കോഴിക്കോട്:റേഷന്‍ വ്യാപാരികള്‍ നേരിടുന്ന പ്രതിസന്ധികള്‍ക്ക് പരിഹാരമുണ്ടാകാത്തതില്‍ പ്രതിഷേധിച്ച്‌ വ്യാപാരികളുടെ കൂട്ടായ്മ സമരത്തിനൊരുങ്ങുന്നു.ജനുവരി ഒന്നിന് സൂചനാ പണിമുടക്ക് നടത്തും.പരിഹാരം ഉണ്ടായില്ലെങ്കില്‍ ഫെബ്രുവരി ഒന്ന് മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക് കടക്കാനാണ് തീരുമാനം.

വേതന പരിഷ്‌കരണം,ഇന്‍ഷുറന്‍സ് ഉള്‍പ്പടെയുള്ള ക്ഷേമ ആനുകൂല്യങ്ങള്‍ നടപ്പിലാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് സമര പ്രഖ്യാപനം. നിലവിലുള്ള കമ്മീഷന്‍ പ്രകാരം റേഷന്‍ കട നടത്തുന്നത് വ്യാപാരികളെ കടുത്ത പ്രതിസന്ധിയിലാക്കിയിട്ടുണ്ടെന്ന് റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.മുഹമ്മദാലി പറഞ്ഞു.

വേതന പാക്കേജ് പരിഷ്‌കരിക്കണം,കമ്മീഷന്‍ റിപ്പോര്‍ട്ട് പരിപൂര്‍ണമായും നടപ്പാക്കണം.സര്‍ക്കാരിന്റേത് ഒരു ക്ഷേമവുമില്ലാത്ത ക്ഷേമനിധിയാണ്. അതില്‍ മാറ്റം വരണം.200 രൂപ അംശാദായം വാങ്ങുന്ന വ്യാപാരികള്‍ക്ക് കിട്ടുന്നത് 1500 രൂപ പെന്‍ഷന്‍ ആണ്.ഇനിയും 600 ഓളം പേര്‍ക്ക് പെന്‍ഷന്‍ കിട്ടുന്നില്ല. ഇന്‍ഷുറന്‍സ് പരിരക്ഷയില്ല.വ്യാപാരികള്‍ക്ക് ചികിത്സാ പരിരക്ഷയോ വിരമിക്കല്‍ ആനുകൂല്യങ്ങളോ കിട്ടുന്നില്ലെന്നും ടി.മുഹമ്മദാലി പറഞ്ഞു.

ഒരു ആനുകൂല്യവുമില്ലാത്ത തൊഴിലാളികളായി റേഷന്‍ വ്യാപാരികള്‍ മാറി.ഇതില്‍ പ്രതിഷേധിച്ച് കൊണ്ടാണ് റേഷന്‍ വ്യാപാരികള്‍ ജനുവരി ഒന്നിന് പുതുവത്സര ദിനത്തില്‍ സമരം നടത്തുന്നത്.പരിഹാരമുണ്ടായില്ലെങ്കില്‍ ഫെബ്രുവരി മുതല്‍ അനിശ്ചിത കാലത്തേക്ക് സമരം നടത്തുമെന്നും ടി.മുഹമ്മദാലി കൂട്ടിച്ചേര്‍ത്തു.


Post a Comment

Thanks

Previous Post Next Post