തദ്ദേശ തിരഞ്ഞെടുപ്പ്: ആദ്യഘട്ട വോട്ടെടുപ്പ് നാളെ, പോളിങ് രാവിലെ ഏഴു മുതല്‍ വൈകീട്ട് ആറു വരെ


  തിരുവനന്തപുരം | തദ്ദേശ പൊതു തിരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട വോട്ടെടുപ്പ് ഡിസംബര്‍ ഒന്‍പതാം തീയതി ചൊവ്വാഴ്ച രാവിലെ ഏഴിന് തുടങ്ങും. വൈകുന്നേരം ആറു മണി വരെയാണ് വോട്ടെടുപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ 595 തദ്ദേശ സ്ഥാപനങ്ങളിലെ (ഗ്രാമപഞ്ചായത്ത് - 471, ബ്ലോക്ക് പഞ്ചായത്ത് - 75, ജില്ലാ പഞ്ചായത്ത് - 7, മുനിസിപ്പാലിറ്റി - 39, കോര്‍പ്പറേഷന്‍ - 3) 11168 വാര്‍ഡുകളിലേയ്ക്കാണ് (ഗ്രാമ പഞ്ചായത്ത് വാര്‍ഡ് - 8310, ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡ് - 1090, ജില്ലാ പഞ്ചായത്ത് വാര്‍ഡ് - 164, മുനിസിപ്പാലിറ്റി വാര്‍ഡ് - 1371 , കോര്‍പ്പറേഷന്‍ വാര്‍ഡ് - 233) ഡിസംബര്‍ ഒന്‍പതിന് വോട്ടെടുപ്പ് നടക്കുന്നത്.


ആകെ 13283789 വോട്ടര്‍മാരാണ് പട്ടികയിലുള്ളത് (പുരുഷന്‍മാര്‍ - 6251219, സ്ത്രീകള്‍ - 7032444, ട്രാന്‍സ്‌ജെന്‍ഡര്‍ - 126). 456 പ്രവാസി വോട്ടര്‍മാരും പട്ടികയിലുണ്ട്. പഞ്ചായത്തുകളില്‍ ആകെ 10146336 ഉം, മുനിസിപ്പാലിറ്റികളില്‍ 1558524 ഉം, കോര്‍പ്പറേഷനുകളില്‍ 1578929 വോട്ടര്‍മാരും ആണുള്ളത്.


ആകെ 36630 സ്ഥാനാര്‍ത്ഥികളാണ് (17056 പുരുഷന്മാരും, 19573 സ്ത്രീകളും, ഒരു ട്രാന്‍സ്‌ജെന്‍ഡറും) മത്സരിക്കുന്നത്. ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലേയക്ക് 27141 , ബ്ലോക്ക് പഞ്ചായത്തിലേയ്ക്ക് 3366, ജില്ലാപഞ്ചായത്തിലേയ്ക്ക് 594, മുനിസിപ്പാലിറ്റികളിലേയ്ക്ക് 4480, കോര്‍പ്പറേഷനുകളിലേയ്ക്ക് 1049 സ്ഥാനാര്‍ത്ഥികളുമാണ് മത്സരരംഗത്തുള്ളത്.


ആദ്യഘട്ടത്തില്‍ ആകെ 15432 പോളിങ് സ്റ്റേഷനുകളാണുളളത്. ഇതില്‍ 480 എണ്ണം പ്രശ്‌നബാധിത ബൂത്തുകളായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളതാണ്. കാന്‍ഡിഡേറ്റ് സെറ്റിങ് കഴിഞ്ഞ 15432 കണ്‍ട്രോള്‍ യൂണിറ്റും 40261 ബാലറ്റ് യൂണിറ്റും പോളിങ്ങിനായി തയ്യാറായി കഴിഞ്ഞു. 2516 കണ്‍ട്രോള്‍ യൂണിറ്റും 6501 ബാലറ്റ് യൂണിറ്റും റിസര്‍വ്വായി കരുതിയിട്ടുണ്ട്.


തദ്ദേശ പൊതുതിരഞ്ഞെടുപ്പിലെ സുതാര്യവും സുഗമവുമായ പോളിങ്ങിന് രാഷ്ട്രീയ കക്ഷികളും സ്ഥാനാര്‍ത്ഥികളും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുമായി സഹകരിക്കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാന്‍ നിര്‍ദ്ദേശിച്ചു. സമ്മതിദായകര്‍ക്ക് നിര്‍ഭയമായും സ്വതന്ത്രമായും വോട്ട് ചെയ്യാനുള്ള സാഹചര്യം ഒരുക്കണം.


തിരഞ്ഞെടുപ്പു പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രവര്‍ത്തകര്‍ക്ക് ബാഡ്ജുകളും തിരിച്ചറിയല്‍ കാര്‍ഡുകളും ഉണ്ടാകണം. വോട്ടര്‍മാര്‍ക്ക് വിതരണം ചെയ്യുന്ന സ്ലിപ്പുകള്‍ വെള്ളക്കടലാസിലായിരിക്കണം. അവയില്‍ സ്ഥാനാര്‍ത്ഥിയുടെയോ കക്ഷിയുടെയോ പേരോ ചിഹ്നമോ ഉണ്ടാകരുത്. രാഷ്ട്രീയ കക്ഷികളോ സ്ഥാനാര്‍ത്ഥികളോ വോട്ടര്‍മാരെ പോളിംഗ് സ്റ്റേഷനില്‍ എത്തിക്കാന്‍ വാഹന സൗകര്യം ഒരുക്കുന്നത് കുറ്റകരമാണ്. തിരഞ്ഞെടുപ്പ് നിരീക്ഷകന്‍, വരണാധികാരി, സുരക്ഷാ ഉദ്യോഗസ്ഥര്‍, പ്രിസൈഡിംഗ് ഓഫീസര്‍, വെബ് കാസ്റ്റിംഗ് ഓഫീസര്‍, സെക്ടറല്‍ ഓഫീസര്‍ എന്നിവര്‍ക്കൊഴികെ ആര്‍ക്കും പോളിംഗ് സ്റ്റേഷനകത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് അനുവദനീയമല്ല.


വോട്ടെടുപ്പ് ദിവസം പഞ്ചായത്തുകളില്‍ പോളിങ് സ്റ്റേഷനില്‍ നിന്ന് 200 മീറ്റര്‍ അകലത്തിലും നഗരസഭകളില്‍ 100 മീറ്റര്‍ അകലത്തിലും മാത്രമേ രാഷ്ട്രീയ പാര്‍ട്ടികളുടെ ബൂത്തുകള്‍ സ്ഥാപിക്കാവൂ. സ്ഥാനാര്‍ത്ഥിയുടെ പേര്, പാര്‍ട്ടിചിഹ്നം എന്നിവ വ്യക്തമാക്കുന്ന ഒരു ബാനര്‍ സ്ഥാപിക്കാം. പഞ്ചായത്തുകളിലെ പോളിംഗ് സ്റ്റേഷനുകളുടെ 200 മീറ്റര്‍ പരിധിക്കുള്ളിലും നഗരസഭകളില്‍ 100 മീറ്റര്‍ പരിധിക്കുള്ളിലും വോട്ട് പിടിക്കാനോ പ്രചാരണം നടത്താനോ പാടില്ല. രാഷ്ട്രീയ കക്ഷികളുടെ പേരോ ചിഹ്നമോ ഉള്ള മാസ്‌ക്, വസ്ത്രം, തൊപ്പി എന്നിവ ഈ പരിധിക്കുള്ളില്‍ ഉപയോഗിക്കാന്‍ പാടില്ല. എല്ലാവരും ഹരിതചട്ടം പാലിക്കാന്‍ ശ്രദ്ധിക്കണമെന്നും കമ്മീഷണര്‍ ആവശ്യപ്പെട്ടു.


സ്ഥാനാര്‍ത്ഥികളുടെ ക്യാമ്പുകള്‍ ഹരിതചട്ടം പാലിച്ചാകണം. സംഘര്‍ഷം ഒഴിവാക്കുന്നതിനായി ബൂത്തുകള്‍ക്ക് സമീപവും രാഷ്ട്രീയ കക്ഷികളുടെയും സ്ഥാനാര്‍ത്ഥികളുടെയും ക്യാമ്പിന്റെ പരിസരത്തും ആള്‍ക്കൂട്ടം ഒഴിവാക്കണം. വോട്ടെടുപ്പ് ദിവസം സ്ഥാനാര്‍ത്ഥികളും ഏജന്റുമാരും വാഹനങ്ങള്‍ ഉപയോഗിക്കുന്നതിനുള്ള നിയന്ത്രണം പാലിക്കണം. പെര്‍മിറ്റുകള്‍ വാഹനങ്ങളില്‍ പ്രദര്‍ശിപ്പിക്കണമെന്നും കമ്മീഷണര്‍ നിര്‍ദേശിച്ചു.

Post a Comment

Thanks

Previous Post Next Post