ദുബായ് : ശക്തമായ മഴയിൽ യുഎഇയിൽ കനത്ത നാശനഷ്ടം.
ബുധൻ മുതൽ പെയ്‌ത കനത്ത മഴയിൽ മുഹൈസിന- ഖിസൈസ് മേഖലയിലുണ്ടായ വിള്ളലിൽ നിരവധി വാഹനങ്ങൾ താഴ്ന്നു. അധികൃതർ പ്രദേശത്ത് അടിയന്തര സുരക്ഷാ നടപടികൾ സ്വീകരിച്ചു. ചില ഭാഗങ്ങളിൽ ഗതാഗതം താൽക്കാലികമായി നിയന്ത്രിച്ചു. ദുബായ് മുനിസിപ്പാലിറ്റി, റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി ഉൾപ്പെടെയുള്ള ഏജൻസികൾ സ്ഥലത്തെത്തി പരിശോധന നടത്തി. ഭൂഗർഭ ജലനിരപ്പ് ഉയർന്നതും മണ്ണിന്റെ ഘടനയിൽ ഉണ്ടായ ദൗർബല്യവും സംഭവത്തിന് കാരണമായിരിക്കാമെന്നാണ് പ്രാഥമിക വിലയിരുത്തൽ.
പ്രദേശവാസികളോട് ജാഗ്രത പാലിക്കാനും നിർദേശങ്ങൾ പാലിച്ച് മാത്രം യാത്ര ചെയ്യാനും അധികൃതർ ആവശ്യപ്പെട്ടു. അപകടസാധ്യത പൂർണമായി ഒഴിവാക്കുന്നതുവരെ അറ്റകുറ്റപ്പണികൾ തുടരും. അസ്ഥിര കാലാവസ്ഥയും കനത്ത മഴയുംമൂലം യുഎഇയുടെ വിവിധ ഭാഗങ്ങളിൽ വ്യാഴാഴ്‌ചയും ഗതാഗതം തടസപ്പെട്ടിരുന്നു. ദുബായിലും സമീപ എമിറേറ്റുകളിലും നിരവധി റോഡുകളിൽ വെള്ളക്കെട്ട് രൂപപ്പെട്ടതോടെ വാഹനഗതാഗതം മന്ദഗതിയിലായി. ഷാർജ, ഫുജൈറ തുടങ്ങിയ പ്രദേശങ്ങളിൽ കനത്ത മഴയും ആലിപ്പഴ വർഷവും റിപ്പോർട്ട് ചെയ്തതു.
ദുബായിൽ കനത്ത മഴയിൽ വലിയ നാശനഷ്ടം, വാഹനങ്ങൾ താഴ്ന്നു
വ്യാഴാഴ്ച അർധരാത്രിക്കുശേഷം ദുബായിലും അബുദാബിയിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു. അടുത്ത ദിവസങ്ങളിലും ഘട്ടം ഘട്ടമായി കാലാവസ്ഥാ വ്യതിയാനം ശക്തമാകും. കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും ചില പ്രദേശങ്ങളിൽ ആലിപ്പഴവർഷത്തിനും സാധ്യതയുണ്ടെന്നും കേന്ദ്രത്തിലെ മുതിർന്ന കാലാവസ്ഥാ വിദഗ്‌ധൻ ഡോ. അഹമ്മദ് ഹബീബ് വ്യക്തമാക്കി.
കാറ്റ് ശക്തമാകുന്നത് പൊടിക്കാറ്റിനും ദൃശ്യപരത കുറയാനും കാരണമാകാം. തിരമാല ശക്തമാകുന്നതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. റഡാർ നിരീക്ഷണങ്ങളിൽ വടക്കൻ, കിഴക്കൻ മേഖലകളിൽ കനത്ത മേഘങ്ങൾ രൂപപ്പെട്ടതായി കാണുന്നുണ്ട്. വടക്കൻ റാസൽഖൈമയിൽ ഫണൽ മേഘങ്ങൾ രൂപപ്പെട്ടതായും റിപ്പോർട്ടുണ്ട്. അറേബ്യൻ ഗൾഫിൽ രൂപപ്പെട്ട ന്യൂനമർദവും സംവഹന പ്രവർത്തനവും മൂലം കാറ്റ് കിഴക്കൻ ദിശയിലേക്ക് മാറി
കാലാവസ്ഥാ സാഹചര്യങ്ങൾ കണക്കിലെടുത്ത്, ദുബായ് സർക്കാരിന് കീഴിലുള്ള എല്ലാ വകുപ്പുകളിലെയും ജീവനക്കാർക്ക് വെള്ളിയാഴ്‌ച വിദൂര ജോലി സംവിധാനം അനുവദിച്ചിരുന്നു. സുരക്ഷാ മുൻകരുതലിൻ്റെ ഭാഗമായി ദുബായിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ ഗ്ലോബൽ വില്ലേജും അൽ ബതാഹിലെ ഡെസർട്ട് പൊലീസ് പാർക്കും താൽക്കാലികമായി അടച്ചു.
വെള്ളം കെട്ടിക്കിടക്കുന്ന പ്രദേശങ്ങളും തുറന്ന മരുഭൂമി മേഖലകളും ഒഴിവാക്കണമെന്ന് ഷാർജ പൊലീസ് പൊതുജനങ്ങൾക്ക് നിർദേശം നൽകി. അബുദാബിയിലും സർക്കാർ അടിയന്തര ജാഗ്രത പ്രഖ്യാപിച്ചു. പ്രതികൂല കാലാവസ്ഥ വിമാന സർവീസിന് തടസ്സം നേരിടാൻ സാധ്യതയുണ്ടെന്ന് ഇൻഡിഗോ എയർലൈൻസ് അറിയിച്ചു. യാത്രക്കാർ ഷെഡ്യൂൾ മാറ്റങ്ങൾക്കായി അറിയിപ്പുകൾ ശ്രദ്ധിക്കണമെന്നും അഭ്യർഥിച്ചു.
إرسال تعليق
Thanks