കേരളം 2031-ല്‍ 75 വര്‍ഷം പൂര്‍ത്തിയാക്കുന്നതിനോടനുബന്ധിച്ച് സംസ്ഥാനത്തിന്റെ സമഗ്ര വികസന ലക്ഷ്യങ്ങള്‍ രൂപപ്പെടുത്തുന്നതിന്റെ ഭാഗമായി പ്രവാസികാര്യ വകുപ്പിന്റെ 'വിഷന്‍ 2031' സംസ്ഥാനതല സെമിനാര്‍ നാളെ (ഡിസംബര്‍ 27 ന്) മലപ്പുറത്ത് നടക്കും. മലപ്പുറം വുഡ്‌ബൈന്‍ ഫോലിയേജില്‍ രാവിലെ 10 ന് ആരംഭിക്കുന്ന സെമിനാര്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. നോര്‍ക്ക റൂട്ട്‌സ് റസിഡന്‍സ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ അധ്യക്ഷത വഹിക്കും.
ന്യൂനപക്ഷ ക്ഷേമ-കായിക-വഖഫ് വകുപ്പ് മന്ത്രി വി. അബ്ദുറഹ്‌മാന്‍, കെ.ടി.ജലീല്‍ എം.എല്‍.എ എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തും. എം.എല്‍.എമാരായ പി. ഉബൈദുള്ള, ടൈസണ്‍ മാസ്റ്റര്‍, പ്രവാസി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ ഗഫൂര്‍ പി. ലില്ലീസ്, കേരള പ്രവാസി (കേരളീയര്‍) കമ്മീഷന്‍ ജസ്റ്റിസ് (റിട്ട). സോഫി തോമസ് തുടങ്ങിയവര്‍ ഉദ്ഘാടന സമ്മേളനത്തില്‍ പങ്കെടുക്കും. ലോക കേരളസഭ സെക്രട്ടറിയേറ്റ് ഡയറക്ടര്‍ ആസിഫ് കെ .യൂസഫ് സ്വാഗതവും നോര്‍ക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അജിത് കോളാശ്ശേരി നന്ദിയും ആശംസിക്കും.
സെമിനാറില്‍ പ്രധാനമായും മൂന്ന് വിഷയങ്ങളെ അധികരിച്ചുള്ള പാനല്‍ ചര്‍ച്ചകള്‍ സമാന്തരമായി നടക്കും. നോര്‍ക്ക 2.0 പുതുതലമുറ പ്രവാസി ഭരണനിര്‍വഹണ സാധ്യതകള്‍ എന്ന വിഷയത്തിലെ പാനല്‍ ചര്‍ച്ചയില്‍ പി ശ്രീരാമകൃഷ്ണന്‍ ചെയര്‍മാനായും ലോക കേരളസഭാംഗം പി എം ജാബിര്‍, കേരള പ്രവാസി സംഘം ജനറല്‍ സെക്രട്ടറി ബാദുഷ കടലുണ്ടി എന്നിവര്‍ പാനലിസ്റ്റുകളായും പങ്കെടുക്കും. നോര്‍ക്ക ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അജിത് കൊളാശേരി മോഡറേറ്ററാകും.
നവ തൊഴില്‍ അവസരങ്ങളും നൈപുണ്യ വികസനവും പ്രവാസത്തിന്റെ പശ്ചാത്തലത്തില്‍ എന്ന വിഷയത്തില്‍ സംസ്ഥാന ആസൂത്രണ ബോര്‍ഡ് വിദഗ്ധ അംഗം ഡോ. കെ.രവി രാമന്‍ ചെയര്‍മാനും ലോക കേരളസഭ സെക്രട്ടറിയേറ്റ് ഡയറക്ടര്‍ ആസിഫ് കെ. യൂസഫ് മോഡറേറ്ററായും ചര്‍ച്ച നടക്കും. നോര്‍ക്ക റൂട്ട്‌സ് റിക്രൂട്ട്‌മെന്റ് ജോയിന്റ് സെക്രട്ടറി ആന്റ് മാനേജര്‍ പ്രകാശ് പി. ജോസഫ്, എം.ഇ.എസ്. മെഡിക്കല്‍ കോളേജ് പ്രൊഫസര്‍ ഡോ. മുബാറക് സാനി, പ്രവാസി ലീഗ് പ്രസിഡന്റ് ഹനീഫ മുനിയൂര്‍ എന്നിവര്‍ പാനലിസ്റ്റുകളാകും.
കേരള വികസനവും പ്രവാസി പങ്കാളിത്തവും എന്ന വിഷയത്തില്‍ ടൈസണ്‍ മാസ്റ്റര്‍ എം.എല്‍.എ ചെയര്‍മാനായും ജസ്റ്റിസ്(റിട്ട) സോഫി തോമസ് മോഡറേറ്ററായും പ്രവാസി കേരളീയ ക്ഷേമ ബോര്‍ഡ് ചെയര്‍മാന്‍ ഗഫൂര്‍ പി.ലില്ലീസ്, ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജ പ്രസിഡന്റ് നിസാര്‍ തളങ്കര, പ്രവാസി കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ദിനേശ് ചന്ദന എന്നിവര്‍ പാനലിസ്റ്റുകളായും ചര്‍ച്ച നടക്കും.
തുടര്‍ന്ന് നടക്കുന്ന ചര്‍ച്ചകളുടെ ക്രോഡീകരണത്തില്‍ നോര്‍ക്ക സ്‌പെഷ്യല്‍ സെക്രട്ടറി ടി.വി. അനുപമ മോഡറേറ്ററാവും. മൂന്ന് സെഷനുകളിലെ മോഡറേറ്റര്‍മാര്‍ അവതരണങ്ങള്‍ നടത്തും. ഗഫൂര്‍ പി.ലില്ലീസ് നന്ദി പ്രകാശിപ്പിക്കും
വിഷന്‍ 2031 ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് ഉതകുന്ന നിര്‍ദ്ദേശങ്ങളും കാഴ്ചപ്പാടുകളും സെമിനാറിലൂടെ കണ്ടെത്തുകയാണ് ലക്ഷ്യം. കഴിഞ്ഞ കാല പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി 2031-ഓടെ കൈവരിക്കേണ്ട വികസന ലക്ഷ്യങ്ങളും മാറ്റങ്ങളും സംബന്ധിച്ച വിദഗ്ധ ചര്‍ച്ചകള്‍ സെമിനാറില്‍ നടക്കും. സംസ്ഥാനത്തെ 33 വകുപ്പുകളുടെ നേതൃത്വത്തില്‍ നടക്കുന്ന വിഷന്‍ 2031 സെമിനാറുകളുടെ ഭാഗമായാണ് പ്രവാസി കാര്യ വകുപ്പും സെമിനാര്‍ സംഘടിപ്പിക്കുന്നത്.
റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ.
Post a Comment
Thanks