കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ഇന്റർനെറ്റ് സംവിധാനത്തിലെ തകരാറുമൂലം റെയിൽവേ ടിക്കറ്റിങ് സംവിധാനം തിങ്കളാഴ്‌ച രാവിലെ ഒരുമണിക്കൂറോളം തകരാറിലായി. ഇതുമൂലം യാത്രക്കാർക്ക് ടിക്കറ്റ് റിസർവ് ചെയ്യാൻ കഴിഞ്ഞില്ല. രാവിലെ 9.30-ഓടെയാണ് തകരാറുണ്ടായത്.
കൗണ്ടറിൽ സാധാരണ ടിക്കറ്റുകൾപോലും നൽകാനായില്ല.
ടിക്കറ്റിനായി തുക ഗൂഗിൾ പേ ചെയ്യാനും കഴിയുന്നുണ്ടായിരുന്നില്ല. നെറ്റ്വർക്ക് കിട്ടുന്നില്ലെന്ന് ടിക്കറ്റ് കൗണ്ടറിലുള്ളവർ വിശദീകരിച്ചെങ്കിലും ടിക്കറ്റ് എടുക്കാനെത്തിയവർ അവരോട് കയർത്തു.
ചെറിയ തോതിൽ ബഹളവുമുണ്ടായി. സംവിധാനം സാധാരണമട്ടിലാവുംവരെ ആളുകൾ ബുദ്ധിമുട്ടി. തത്കാൽ ടിക്കറ്റിന് ടോക്കൺ എടുത്തവരാണ് ഏറ്റവും വിഷമിച്ചത്. ഇവർക്ക് ഏറെനേരം കാത്തുനിൽക്കേണ്ടിവന്നു.
ഓൺലൈൻ ബുക്കിങ്ങും തടസ്സപ്പെട്ടു. രാവിലെ തിരക്കുള്ള സമയത്താണ് പ്രശ്നമുണ്ടായതെന്നത് യാത്രക്കാരുടെ ക്ലേശം വർധിപ്പിച്ചു. തത്കാൽ ലക്ഷ്യമാക്കിയ പലർക്കും ഉദ്ദേശിച്ച വണ്ടിക്ക് ടിക്കറ്റെടുക്കാൻ കഴിഞ്ഞില്ല. യുപിഎസ് ബാറ്ററി ഡൗൺ ആയതാണ് പ്രശ്‌നത്തിനു കാരണമായതെന്ന് അധികൃതർ പിന്നീട് വ്യക്തമാക്കി.
Post a Comment
Thanks