കരട് പട്ടിക ഡിസംബര്‍ 23ന്
13 മണ്ഡലങ്ങളില്‍ ഡിജിറ്റലൈസേഷന്‍ നൂറു ശതമാനവും പൂര്‍ത്തിയായി
മലപ്പുറം | തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മലപ്പുറം ജില്ലയില്‍ 99.99% എന്യൂമറേഷന്‍ ഫോമുകളുടെ ഡിജിറ്റലൈസേഷന്‍ പൂര്‍ത്തിയായതായി ജില്ലാ കളക്ടര്‍ വി.ആര്‍. വിനോദ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജില്ലയിലെ 13 നിയമസഭ മണ്ഡലങ്ങളിലും ഡിജിറ്റലൈസേഷന്‍ നൂറു ശതമാനവും പൂര്‍ത്തിയായി. കൊണ്ടോട്ടി, തിരൂര്‍, വള്ളിക്കുന്ന് മണ്ഡലങ്ങളിലാണ് ഡിജിറ്റലൈസേഷന്‍ പൂര്‍ത്തിയാവാനുള്ളത്. ഉദ്യോഗസ്ഥരുടെ കൂട്ടായ പരിശ്രമം കൊണ്ടാണ് ഇത്രയും വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞത്. തീവ്ര വോട്ടര്‍ പട്ടിക പ്രവര്‍ത്തനത്തില്‍ പങ്കാളികളായ എല്ലാ ഉദ്യോഗസ്ഥരെയും ജില്ലാ കളക്ടര്‍ അഭിനന്ദിച്ചു.
എസ്.ഐ.ആര്‍ വോട്ടര്‍പട്ടികയുടെ കരട് ഡിസംബര്‍ 23ന് പ്രസിദ്ധീകരിക്കും. അന്നു മുതല്‍ 2026 ജനുവരി 22 വരെ കരടു പട്ടികയില്‍ ആക്ഷേപമുള്ളവര്‍ക്ക് അറിയിക്കാനുള്ള അവസരമുണ്ട്. ഡിസംബര്‍ 23മുതല്‍ ഫെബ്രുവരി 14 വരെ വരണാധികാരികള്‍ ആക്ഷേപങ്ങളിലുള്ള ഹിയറിങ് നടത്തി ഫെബ്രുവരി 21ന് അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കും.
ജില്ലയിലെ വിവിധ മണ്ഡലങ്ങളിലായി നിലവിലുള്ള വോട്ടര്‍പട്ടികയില്‍ നിന്ന് 58304 (1.71%) പേര്‍ മരണപ്പെട്ടതിനെത്തുടര്‍ന്ന് ഒഴിവാക്കപ്പെട്ടിട്ടുണ്ട്.
29725 (0.87%) ആളുകളെ ബി.എല്‍.ഒ മാര്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. 64622 (1.89%) പേര്‍ താമസം മാറിയതായി കണ്ടെത്തിയിട്ടുണ്ട. 7222 (0.21%) പേര്‍ എന്യൂമറേഷന്‍ ഫോം തിരികെ നല്‍കാനുണ്ട. 19732 (0.58%) ആളുകള്‍ ഇതിനകം പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളവരാണ്. ഇങ്ങനെ 179605 (5.26%) പേരാണ് പുതുക്കിയ പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെടുന്നത്. 34,13174 പേരാണ് പുതുക്കിയ വോട്ടര്‍പട്ടികയിലുള്ളത്.
എസ്.ഐ.ആര്‍. പരിഷ്‌കരണത്തിന് ശേഷം 784 ബൂത്തുകള്‍ കൂടി പുതുതായി ഉള്‍പ്പെടുത്തി 3682 പോളിങ് ബൂത്തുകളാണ് ജില്ലയില്‍ ആവശ്യമായി വരുന്നത്. ഇവിടങ്ങളിലേയ്ക്ക് ആവശ്യമായ ബി.എല്‍.ഒമാരെ നിയമിച്ചിട്ടുണ്ട്. 78 പോളിങ് ബൂത്തുകളുടെ ലൊക്കേഷനില്‍ മാറ്റമുണ്ടാകും. അതുപോലെ 1959 ബൂത്തുകളില്‍ വോട്ടര്‍മാരുടെ പുനഃക്രമീകരണം ആവശ്യമുണ്ട്.
സംസ്ഥാനത്ത് എന്യുമറേഷന്‍ ഫോമുകള്‍ നൂറു ശതമാനവും ഡിജിറ്റലൈസ് ചെയ്തത് കാസര്‍കോട്, വയനാട്, കൊല്ലം, പാലക്കാട് എന്നിവിടങ്ങളിലാണ്. എന്യുമറേഷന്‍ ഫോം ഡിജിറ്റലൈസേഷനില്‍ ജില്ല അഞ്ചാമതാണ്.
എസ്.ഐ.ആര്‍: ജില്ലാ കളക്ടര്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം വിളിച്ചു
തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടര്‍ വി.ആര്‍.വിനോദ് രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം വിളിച്ചു. കുറ്റമറ്റ രീതിയില്‍ വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കുന്നതിന് കളക്ടര്‍ രാഷ്ട്രീയ കക്ഷികളുടെ സഹകരണം അഭ്യര്‍ഥിച്ചു. ബി.എല്‍.ഒ.മാരുടെയും ബി.എല്‍.എ.മാരുടെയും സംയുക്ത യോഗം വിളിച്ച് പട്ടികയിലുള്ള ക്രമക്കേടുണ്ടെങ്കില്‍ ഉടന്‍ പരിഹരിക്കുമെന്ന് കളക്ടര്‍ പറഞ്ഞു. ബി.എല്‍.ഒമാരുടെ സൂപ്പര്‍വൈസിങ് ചുമതലയുള്ള വില്ലേജ് ഓഫീസര്‍മാരുടെ നേതൃത്വത്തിലായിരിക്കും യോഗം നടക്കുക.
ജില്ലാ കളക്ടര്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളും ഡെപ്യൂട്ടി കളക്ടര്‍മാരായ ഇ.സനീറ, വി.ടി.ഘോളി, സ്വാതി ചന്ദ്രമോഹന്‍, കെ.ലത തുടങ്ങിയവരും പങ്കെടുത്തു.
Post a Comment
Thanks