കൽപ്പറ്റ: ഷെയർ ട്രേഡിങിൻ്റെ പേരിൽ ലക്ഷങ്ങൾ തട്ടിയ യുവാവ് പിടിയിൽ. നിക്ഷേപിക്കുന്ന പണം ഇരട്ടിയാക്കി തരാമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. ഉത്തർപ്രദേശ് ബറേലി സ്വദേശിയായ ആകാശ് യാദവ്(25) ആണ് അറസ്റ്റിലായത്.
വയനാട് ചുണ്ടേൽ സ്വദേശിയിൽ നിന്നും 77 ലക്ഷം രൂപയാണ് ഇയാൾ തട്ടിയെടുത്തത്. കഴിഞ്ഞ ജൂണിലായിരുന്നു കേസിനാസ്‌പദമായ സംഭവം നടന്നത്. പണം തട്ടിയെടുത്ത് പ്രതി നാട്ടിൽ നിന്ന് മുങ്ങുകയായിരുന്നു. തുടർന്ന് സൈബര്‍ പൊലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ ഷജു ജോസഫും സംഘവും പ്രതിയെ പിടികൂടുകയായിരുന്നു.
കഴിഞ്ഞ ജൂണ്‍ മാസത്തില്‍ സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട യുവതിയാണ് പരാതിക്കാരനെ ഓണ്‍ലൈന്‍ ട്രേഡിങ്ങില്‍ നിക്ഷേപിക്കാന്‍ പ്രേരിപ്പിച്ചത്. ഇതനുസരിച്ച് യുവതി അയച്ചു നല്‍കിയ വ്യാജ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത് ട്രെഡിങ് നടത്തുകയും ഇവര്‍ നിര്‍ദേശിച്ച അക്കൗണ്ടുകളിലേക്ക് പണം നിക്ഷേപിക്കുകയുമാണ് ചെയ്തത്.
പിന്നീട് ലാഭം അടങ്ങിയ പണം പിന്‍വലിക്കാന്‍ ശ്രമിച്ചപ്പോൾ വീണ്ടും പണം അടക്കാന്‍ ആവശ്യപ്പെട്ടപ്പോഴാണ് ഇത് തട്ടിപ്പാണ് എന്ന് മനസിലാക്കി ചുണ്ടല്‍ സ്വദേശി സൈബര്‍ ക്രൈം പോര്‍ട്ടലില്‍ പരാതി രജിസ്റ്റര്‍ ചെയ്തത്.
കേസ് അന്വേഷിച്ച സൈബര്‍ പൊലീസിന് പരാതിക്കാരനെ ബന്ധപ്പെട്ട സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ കമ്പോഡിയ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത് എന്ന് മനസിലായി. കഴിഞ്ഞ മാസം അന്വേഷണ സംഘം കേസിലെ ഒരു പ്രതിയെ ഹരിയാനയില്‍ നിന്നും പിടികൂടിയിരുന്നു. പിന്നീട് പണം കൈമാറ്റം ചെയ്ത അക്കൗണ്ടുകള്‍ വാങ്ങി കൈമാറ്റം ചെയ്യുന്ന സംഘത്തെ കുറിച്ചുള്ള അന്വേഷണത്തിലാണ് പ്രതിയെ പറ്റി സൂചന ലഭിച്ചത്.
ഇയാളെ കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തിയപ്പോഴാണ് മറ്റൊരു സൈബര്‍ തട്ടിപ്പ് കേസില്‍ വിശാഖപട്ടണം പൊലീസ് ഇയാളെ അറസ്റ്റ് ചെയ്ത് വിശാഖ പട്ടണം സെന്‍ട്രല്‍ ജയിലില്‍ പാര്‍പ്പിച്ചിരിക്കുകയാണ് എന്ന് മനസിലായത്. തുടര്‍ന്ന് കല്‍പ്പറ്റ കോടതിയുടെ വാറണ്ടുമായി വിശാഖപട്ടണം ജയിലില്‍ എത്തിയെങ്കിലും ഇയാള്‍ക്ക് ജാമ്യം ലഭിച്ചിരുന്നു.
ജാമ്യത്തില്‍ ഇറങ്ങിയ പ്രതിയെ വിശാഖ പട്ടണത്തില്‍ നിന്നും പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. പ്രതിയെ ചോദ്യം ചെയ്തതില്‍ നിന്നും ഡൽഹി കേന്ദ്രീകരിച്ചു നടത്തുന്ന തട്ടിപ്പ് സംഘത്തില്‍ ഇയാള്‍ പ്രവര്‍ത്തിച്ചു വരികയാണ് എന്നാണ് മനസിലായത്. കല്‍പ്പറ്റ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Post a Comment
Thanks