ഡൽഹി പോലീസിന്റെ സൗത്ത് ഈസ്റ്റ് ഡിസ്ട്രിക്റ്റ് ഏഴ് സംസ്ഥാനങ്ങളിലായി നടത്തിയ മൾട്ടി-സ്റ്റേറ്റ് ഓപ്പറേഷനിൽ ഒരു അന്താരാഷ്ട്ര ഡിജിറ്റൽ തട്ടിപ്പ്, കൊള്ളയടിക്കൽ റാക്കറ്റ് തകർത്തു.
മുഖ്യസൂത്രധാരൻ ഉൾപ്പെടെ 10 പ്രതികളെ അറസ്റ്റ് ചെയ്തതായി ഉദ്യോഗസ്ഥർ പറഞ്ഞു. അറസ്റ്റിലായവരിൽ രണ്ട് മലയാളികളും ഉൾപ്പെടുന്നു.
മലപ്പുറം സ്വദേശികളാണ് പിടിയിലായത്. പരപ്പനങ്ങാടി സ്വദേശി മുഹമ്മദ് ബുർഹാരിയാണ് സൂത്രധാരൻ. മലപ്പുറം ചെമ്പ്രശ്ശേരി സ്വദേശി മുഹമ്മദ് സാദിഖും പിടിയിലായി. ഇവരെ നിയന്ത്രിച്ചിരുന്നത് വിദേശത്ത് നിന്നുള്ള വ്യക്തിയാണ്. ഡിജിറ്റൽ അറസ്റ്റ് സംഘത്തെയാണ് പിടികൂടിയത്.
തട്ടിപ്പ് ബാങ്ക് അക്കൗണ്ടുകൾ സംഘത്തിന് നൽകിയത് മലയാളികളാണ്. അക്കൗണ്ടിലേക്ക് എത്തുന്ന പണം ഡോളറാക്കി വിദേശത്തേക്ക് മാറ്റുന്നതും മലയാളികളാണ്.
ഇവരെ നിയന്ത്രിച്ചിരുന്ന വിദേശത്തുള്ള വ്യക്തിയെ കണ്ടെത്താൻ ശ്രമം തുടരുന്നു. അറസ്റ്റിലായവർക്കെതിരെ കേരളത്തിലും കേസ് ഉണ്ട്. പ്രതികളെ പിടികൂടാൻ സഹായിച്ചതിന് മലപ്പുറം എസ് പിക്ക് ഡിസിപി നന്ദി പറഞ്ഞു. അന്വേഷണ സംഘത്തിൽ മലയാളി വനിത പൊലീസ് ഉദ്യോഗസ്ഥയും ഉണ്ട്. ഡൽഹി പൊലീസാണ് പ്രതികളെ പിടികൂടിയത്.
മറ്റൊരു സംഭവത്തിൽ ഇന്ത്യയിൽ നടന്ന ആയിരം കോടിയുടെ ചൈനീസ് സൈബർ തട്ടിപ്പ് കേസിൽ മലയാളികളും പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് സിബിഐ. കേസിൽ രണ്ട് മലയാളികൾ പ്രതികളാണ്. നിസാമുദ്ദീൻ എബി, അജ്‌മൽ എന്നിവരെയാണ് സിബിഐ സമർപ്പിച്ച കുറ്റപത്രത്തിൽ പ്രതിയാക്കിയത്. ഇവർ ഉൾപ്പെടുന്ന പതിനേഴ് പ്രതികളിൽ നാല് പേർ ചൈനീസ് പൗരന്മാരാണ്.
സൂ യി, ഹുവാൻ ലിയു, വെയ്‌ജിയാൻ ലിയു, ഗുവാൻഹുവ വാങ് തുടങ്ങിയവരാണ് കേസിൽ ഉൾപ്പെട്ട നാല് ചൈനീസ് പൗരന്മാർ. രാജ്യവ്യാപകമായി നടന്ന തട്ടിപ്പുമായി ബന്ധപ്പെട്ട നടത്തിയ അന്വേഷണത്തിൽ കേരളമടക്കം 27 ഇടങ്ങളിൽ സിബിഐ പരിശോധന നടത്തിയിരുന്നു. നൂറുകണക്കിന് ബാങ്ക് അക്കൗണ്ടുകൾ വഴി 1000 കോടിയിലധികം രൂപ കൈമാറ്റം ചെയ്തിട്ടുണ്ടെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുള്ളത്. 2020 മുതൽ രാജ്യത്ത് സജീവമായി പ്രവർത്തിച്ചിരുന്ന സൈബർ തട്ടിപ്പ് സംഘങ്ങളെയാണ് സിബിഐ പൂട്ടിയത്.
Post a Comment
Thanks