കോഴിക്കോട്: അടിയന്തിര ചികിത്സയ്ക്ക് മെഡിസെപ് ആനുകൂല്യം നിഷേധിച്ചതിൽ നടപടിയുമായി കോഴിക്കോട് ജില്ലാ ഉപഭോക്ത്യ കമ്മീഷൻ. കിഴിശ്ശേരി സ്വദേശിനിയ്ക്ക് ഇൻഷുറൻസ് കമ്പനി നഷ്ടപരിഹാരമായി 2.90,000 രൂപ നൽകണമെന്ന് കമ്മീഷൻ വിധിച്ചു. അടിയന്തിര ഘട്ടത്തിലെ ചികിത്സക്ക് മെഡിസെപ് ഇൻഷുറൻസ് പാനൽ ആശുപത്രിയിൽ അല്ലാതെ അഡ്‌മിറ്റ് ചെയ്താലും ഇൻഷുറൻസ് ആനുകൂല്യത്തിന് അർഹതയുണ്ടെന്ന് ജില്ലാ ഉപഭോക്തൃ കമ്മീഷൻ വ്യക്തമാക്കി. കിഴിശേരി സ്വദേശിനിയ്ക്ക് ഓറിയന്റൽ ഇൻഷുറൻസ് കമ്പനി നഷ്ടപരിഹാരമായി 2.900,00 രൂപ നൽകണമെന്നും കമ്മീഷൻ വിധിച്ചു.
സ്ട്രോക്ക് വന്ന് തളർന്നതിനാലാണ് പരാതിക്കാരിയെ കോഴിക്കോടുള്ള സ്വകാര്യ ആശുപത്രിയിൽ അഡ്‌മിറ്റ് ചെയ്‌തത്. മെഡിസെപ് ഇൻഷുറൻസ് പാനലിൽ സ്ട്രോക്കിനുള്ള ചികിത്സക്ക് ആശുപത്രിയെ ഉൾപ്പെടുത്തിയില്ലെങ്കിലും അടിയന്തര സ്വഭാവമുള്ള ആരോഗ്യ പ്രശ്‌നമായതിനാലാണ് അവിടെ ചികിത്സിച്ചത്. ചികിത്സാ ആനുകൂല്യത്തിന് സമീപിച്ചപ്പോൾ ഇൻഷുറൻസ് കമ്പനി ആനുകൂല്യം നിഷേധിക്കുകയായിരുന്നു.
തുടർന്നാണ് ജില്ലാ ഉപഭോക്തൃ കമ്മീഷനിൽ പരാതി നൽകിയത്.അപകടത്തെ തുടർന്നുണ്ടാകുന്ന അടിയന്തിര സ്വഭാവമുള്ള ചികിത്സകൾക്ക് ആനുകൂല്യം നൽകണമെന്ന് മെഡിസെപ് പദ്ധതിയിൽ തന്നെ വ്യവസ്ഥയിരിക്കെ ഇൻഷൂറൻസ് നിഷേധിച്ച ഓറിയന്റൽ ഇൻഷുറൻസ് കമ്പനിക്കെതിരെയാണ് കമ്മിഷന്റെ വിധി. ചികിത്സാ ചെലവായ 2,35,000 രൂപയും നഷ്ടപരിഹാരമായി 50,000 രൂപയും കോടതി ചെലവായി 5,000 രൂപയും നൽകണമെന്ന് കമ്മീഷൻ ഉത്തരവിട്ടു. വീഴ്ച വന്നാൽ ഒൻപതു ശതമാനം പലിശ നൽകണമെന്നും കെ. മോഹൻദാസ് പ്രസിഡന്റും പ്രീതി ശിവരാമൻ, സി വി മുഹമ്മദ് ഇസ്‌മായിൽ എന്നിവർ അംഗങ്ങളുമായ ജില്ലാ കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.
Post a Comment
Thanks