2 ജീവനക്കാരെ കുത്തി, 40 ലീറ്റർ മദ്യം നശിപ്പിച്ചു; ബാറിൽ യുവാവിന്റെ അക്രമം


  വണ്ടൂർ |   പുളിക്കൽ സിറ്റി പാലസ് ബാറിൽ യുവാവ് 2 ജീവനക്കാരെ കുത്തിപ്പരുക്കേൽപ്പിച്ചു. കണ്ണൂർ മുള്ളരിക്കണ്ടി ആകാശ് (25), അഭിജിത്ത് (25) എന്നിവർക്കാണ് പരുക്കേറ്റത്. ആകാശിന്റെ വയറിൽ ആഴത്തിൽ മുറിവേറ്റു. ഇരുവരും താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. എറിയാട് തൊണ്ടിയിൽ താഴത്തെ വീട്ടിൽ ഷിബിലി (28) ആണ് ആക്രമണം നടത്തിയത്. ഇയാൾക്കും പരുക്കേറ്റതിനാൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 


ഇന്ന് വൈകിട്ട് മൂന്നരയോടെയാണ് സംഭവം. ബാറിൽ എത്തിയ ഷിബിലി അക്രമാസക്തനായി കൗണ്ടറിൽ ഉണ്ടായിരുന്ന ജീവനക്കാരെ കുത്തി പരുക്കേൽപ്പിക്കുകയായിരുന്നു എന്ന് മാനേജർ പൊലീസിനു നൽകിയ പരാതിയിൽ പറയുന്നു. 40 ലീറ്ററോളം മദ്യം നശിപ്പിച്ചു. മേശയും കസേരയും ജനലും സിസിടിവി ക്യാമറയും അടിച്ചു തകർത്തതായും പരാതിയിലുണ്ട്. 2 മണിക്കൂറോളം പരിഭ്രാന്തി പരത്തിയ യുവാവിനെ പൊലീസ് എത്തി കീഴ്പെടുത്തുകയായിരുന്നു. 


ഇയാൾ നേരത്തെയും ബാറിലും താമസസ്ഥലത്തും എത്തി ജീവനക്കാരെ ആക്രമിച്ചിട്ടുണ്ടെന്നും ഈ സംഭവത്തിൽ കേസുണ്ടെന്നും ബാർ മാനേജർ പറഞ്ഞു. പരുക്കേറ്റവരുടെ മൊഴി പൊലീസ് ശേഖരിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുകയാണ്

Post a Comment

Thanks

Previous Post Next Post