ദക്ഷിണാഫ്രിക്കയെ തകർത്ത് ഇന്ത്യ; ഏഴുവിക്കറ്റ് ജയം, പരമ്പരയിൽ മുന്നിൽ (2-1)


 ധരംശാല | ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി-20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഇന്ത്യക്ക് തകർപ്പൻ ജയം. ദക്ഷിണാഫ്രിക്ക ഉയർത്തിയ 118 റൺസ് വിജയലക്ഷ്യം 15.5 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു. ഇന്ത്യക്കായി മികച്ച പ്രകടനമാണ് ബൗളർമാർ കാഴ്ചവെച്ചത്. ദക്ഷിണാഫ്രിക്കൻ നിരയിൽ അർധസെഞ്ചുറി തികച്ച എയ്ഡൻ മാർക്രം മാത്രമാണ് തിളങ്ങിയത്. ജയത്തോടെ അഞ്ചുമത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ മുന്നിലെത്തി(2-1).


118 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടേത് തകര്‍പ്പന്‍ തുടക്കമായിരുന്നു. ഓപ്പണര്‍മാരായ അഭിഷേക് ശര്‍മയും ശുഭ്മാന്‍ ഗില്ലും പ്രോട്ടീസ് ബൗളര്‍മാരെ തകര്‍ത്തടിച്ചു. മൂന്നോവറില്‍ ടീം 42 റണ്‍സെടുത്തു. അഞ്ചോവറില്‍ 60 റണ്‍സിലെത്തിയതിന് പിന്നാലെ അഭിഷേകിനെ ഇന്ത്യക്ക് നഷ്ടമായി. 18 പന്തില്‍ 35 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. മൂന്ന് വീതം ഫോറും സിക്‌സറുമടങ്ങുന്നതായിരുന്നു ഇന്നിങ്‌സ്.


രണ്ടാം വിക്കറ്റില്‍ ഗില്ലും തിലക് വര്‍മയും ചേര്‍ന്നാണ് സ്‌കോറുയര്‍ത്തിയത്. കൂറ്റനടികള്‍ക്ക് മുതിരാതെ ഇരുവരും ബാറ്റേന്തിയതോടെ ഇന്ത്യയുടെ റണ്‍റേറ്റ് കുറഞ്ഞു. സ്‌കോര്‍ 92 ല്‍ നില്‍ക്കേ ഗില്‍ പുറത്തായി. 28 പന്തില്‍ നിന്ന് 28 റണ്‍സാണ് ഗില്ലിന്റെ സമ്പാദ്യം. പിന്നാലെ നായകന്‍ സൂര്യകുമാര്‍ യാദവ് 12 റണ്‍സെടുത്ത് മടങ്ങി. പിന്നീട് തിലക് വര്‍മയും(25) ശിവം ദുബെയും(10) ചേര്‍ന്ന് ടീമിനെ ജയത്തിലെത്തിച്ചു.


നേരത്തേ 20 ഓവറിൽ 117 റൺസിന് ദക്ഷിണാഫ്രിക്ക പുറത്തായിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയുടെത് മോശം തുടക്കമായിരുന്നു. ഏഴുറണ്‍സിനിടെ തന്നെ ടീമിന് മൂന്നുവിക്കറ്റുകള്‍ നഷ്ടമായി. റീസ ഹെന്‍ഡ്രിക്‌സ്(0), ക്വിന്റണ്‍ ഡി കോക്ക്(1), ഡെവാള്‍ഡ് ബ്രവിസ്(2) എന്നിവര്‍ക്ക് കാര്യമായി ഒന്നും ചെയ്യാനായില്ല. എന്നാല്‍ നായകന്‍ എയ്ഡന്‍ മാര്‍ക്രമാണ് ടീമിനായി അല്‍പ്പമെങ്കിലും പൊരുതിയത്. മറുവശത്ത് പ്രോട്ടീസ് വിക്കറ്റുകള്‍ ഒന്നൊന്നായി ഇന്ത്യ വീഴ്ത്തി.


ട്രിസ്റ്റണ്‍ സ്റ്റബ്‌സ്(9), കോര്‍ബിന്‍ ബോഷ്(4), മാര്‍ക്കോ യാന്‍സന്‍(2) എന്നിവരും വേഗം കൂടാരം കയറി. 20 റണ്‍സെടുത്ത ഡൊണോവന്‍ ഫെരെയ്ര മാര്‍ക്രമിന് പിന്തുണ നല്‍കി. അര്‍ധസെഞ്ചുറിയോടെ മാര്‍ക്രം പ്രോട്ടീസ് സ്‌കോര്‍ നൂറുകടത്തി. താരം 61 റണ്‍സെടുത്ത് പുറത്തായി. ഒടുവില്‍ 117 റണ്‍സിന് ടീം ഓള്‍ഔട്ടായി.ഇന്ത്യക്കായി അര്‍ഷ്ദീപ് സിങ്, ഹര്‍ഷിത് റാണ, വരുണ്‍ ചക്രവര്‍ത്തി, കുല്‍ദീപ് യാദവ് എന്നിവര്‍ രണ്ട് വീതം വിക്കറ്റെടുത്തു.

Post a Comment

Thanks

Previous Post Next Post