കാലിക്കറ്റ് സര്‍വകലാശാലയുടെ പേരില്‍ നാലു വര്‍ഷത്തിനിടെ കണ്ടെത്തിയത് 157 വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍


തേഞ്ഞിപ്പലം |  കാലിക്കറ്റ് സര്‍വകലാശാലയുടെ പേരില്‍ നാലു വര്‍ഷത്തിനിടെ ഇറങ്ങിയത് 157 വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍. തുടര്‍പഠനത്തിനും ജോലിക്കുമായാണ് ഈ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ കൂടുതലും ഉപയോഗിച്ചത്.


വിദേശരാജ്യങ്ങളിലെ സ്വകാര്യ കമ്പനികളും വിദ്യാഭ്യാസസ്ഥാപനങ്ങളും പലപ്പോഴും ആധികാരികത പരിശോധിക്കാനായി സര്‍വകലാശാലയിലേക്ക് സര്‍ട്ടിഫിക്കറ്റുകള്‍ അയക്കും. ഇങ്ങനെ ലഭിച്ചവയില്‍നിന്നാണ് ബിടെക്, ബിഎ, ബികോം, ബിഎസ്‌സി, പിജി തുടങ്ങിയ വിഭാഗങ്ങളില്‍ 157 വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ കണ്ടെത്തിയത്. 2018 മുതല്‍ 39 കേസുകള്‍ പോലീസിന് കൈമാറിയിട്ടുണ്ട്. ബാക്കിയുള്ളവ തുടര്‍നടപടിക്കായി മാറ്റിവെച്ചിരിക്കയാണ്.


സര്‍ട്ടിഫിക്കറ്റുകള്‍ ടാബുലേഷന്‍ വിഭാഗം പരിശോധിച്ച് വ്യാജമാണെന്നു സ്ഥിരീകരിച്ചാല്‍ അത് സര്‍ട്ടിഫിക്കറ്റ് അയച്ച സ്ഥാപനത്തെയും ലീഗല്‍ സെല്‍ പോലീസിനെയും അറിയിക്കുന്നതാണ് രീതി. എന്നാല്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകളുടെ ഉറവിടം കണ്ടെത്തല്‍ എളുപ്പമല്ല. പലപ്പോഴും സര്‍ട്ടിഫിക്കറ്റുകള്‍ അയക്കുന്നത് ഏജന്‍സികളാകും. വ്യക്തികളുടെ വിലാസം ലഭിക്കാറില്ല. സര്‍ട്ടിഫിക്കറ്റിലുള്ള രജിസ്റ്റര്‍നമ്പര്‍ തെറ്റായിരിക്കുമെന്നതിനാല്‍ ആ രീതിയിലും ആളെ കണ്ടെത്താനാകില്ല.


പരിശോധനയ്ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ അയക്കുന്നതിനൊപ്പം അപേക്ഷകന്റെ വ്യക്തിവിവരങ്ങളും അംഗീകൃത ഐഡന്റിറ്റി കാര്‍ഡിന്റെ പകര്‍പ്പും നിര്‍ബന്ധമാക്കണമെന്ന് കഴിഞ്ഞ ഒക്ടോബറില്‍ സിന്‍ഡിക്കേറ്റ് തീരുമാനിച്ചിരുന്നെങ്കിലും അതു നടപ്പായിട്ടില്ല.


സര്‍ട്ടിഫിക്കറ്റ് പരിശോധനയ്ക്കായി സര്‍വകലാശാലയ്ക്ക് സ്വന്തമായ സോഫ്റ്റ്‌വേര്‍ വികസിപ്പിക്കണമെന്ന് 2019-ല്‍ സിന്‍ഡിക്കേറ്റ് തീരുമാനിച്ചതാണ്. അതും നടപ്പായിട്ടില്ല.


നിലവില്‍ സര്‍ട്ടിഫിക്കറ്റ് പരിശോധന സ്വകാര്യ സോഫ്റ്റ്‌വേറുകള്‍ വഴിയാണ് നടത്തുന്നത്.

Post a Comment

Thanks

Previous Post Next Post