കോഴിക്കോട്:എംഡിഎംഎ കേസില്‍ അറസ്റ്റ് ചെയ്ത പ്രതിയുടെ പണം പോലീസ് സ്റ്റേഷനില്‍ നിന്ന് കാണാതായ സംഭവത്തില്‍ അന്വേഷണം.എസ്‌ഐയെ സ്ഥലം മാറ്റിയ ശേഷമാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. ഇതേ പോലീസ് ഓഫീസര്‍ക്കെതിരെ മുൻപും ആരോപണങ്ങള്‍ ഉയർന്നിരുന്നു.
കോഴിക്കോട് റൂറലിലെ നാദാപുരം സബ് ഡിവിഷനിലുള്‍പ്പെട്ട ഒരു സ്റ്റേഷനിലാണ് സംഭവം.പിടിയിലായ ആളുടെ പഴ്സിലുണ്ടായിരുന്ന 15,000 രൂപയില്‍ 4500 രൂപ മാത്രമേ തൊണ്ടിമുതലുകള്‍ ചേര്‍ക്കുന്ന മഹസറില്‍ രേഖപ്പെടുത്തിയുള്ളൂവെന്നാണ് ആക്ഷേപമുണ്ടായത്. എംഡിഎംഎയുമായി അറസ്റ്റിലായ ആളുടെ പരാതിയെത്തുടര്‍ന്നാണ് എസ്‌ഐക്കെതിരേ അന്വേഷണമാരംഭിച്ചത്.എസ്‌ഐ ഉള്‍പ്പെടെയുള്ള പോലീസ് സംഘമാണ് എംഡിഎംഎയുമായി യുവാവിനെ പിടികൂടിയത്.
തന്റെ പണം മുഴുവനായും മഹസറില്‍ കാണിച്ചില്ലെന്ന് സ്റ്റേഷന്‍ എസ്‌എച്ച്‌ഒകൂടിയായ ഇന്‍സ്‌പെക്ടറോട് പ്രതി പരാതിപ്പെട്ടതോടെയാണ് അന്വേഷണമുണ്ടായത്. റൂറല്‍ ഡിസ്ട്രിക്‌ട് ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല.ആരോപണമുണ്ടായതോടെ സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.ഇതിന്റെ അടിസ്ഥാനത്തില്‍ എസ്‌ഐയെ സ്റ്റേഷന്‍ ചുമതലയില്‍ നിന്ന് ഡിസ്ട്രിക്‌ട് ക്രൈം റെക്കോഡ് ബ്യൂറോയിലേക്ക് റൂറല്‍ എസ്പി മാറ്റി നിയമിച്ചിട്ടുമുണ്ട്.ഇതിന് പുറമേയാണ് ഡിവൈഎസ്പിയുടെ അന്വേഷണം.ഇതുസംബന്ധിച്ച് സ്‌പെഷ്യല്‍ ബ്രാഞ്ചും അന്വേഷണമാരംഭിച്ചിട്ടുണ്ട്.
കോഴിക്കോട് നഗരത്തില്‍ ഒരു സ്റ്റേഷനില്‍ എസ്‌ഐയായിരിക്കെ കേസന്വേഷണത്തിന് പ്രതിഫലമായി വ്യാപാരിയില്‍ നിന്ന് വാച്ച് വാങ്ങിയെന്ന് ആരോപണമുണ്ടായിരുന്നു.സ്റ്റേഷനിലെ പോലീസുകാര്‍ക്കിടയില്‍ ഇത് സംസാരമായതോടെ ഇന്റലിജന്‍സ് അന്വേഷണമുണ്ടായി. തുടര്‍ന്നുള്ള അന്വേഷണത്തില്‍ തനിക്ക് വാച്ച് നല്‍കിയത് ഒരു ബന്ധുവാണെന്നും അത് അയാള്‍ക്ക് തന്നെ തിരിച്ചു നല്‍കിയെന്നും എസ്‌ഐ മൊഴി നല്‍കി.താന്‍ വാച്ചൊന്നും എസ്‌ഐക്ക് നല്‍കിയിട്ടില്ലെന്ന് വ്യാപാരിയും മൊഴി കൊടുത്തു.ഇതോടെ ഈ സംഭവത്തില്‍ തുടരന്വേഷണം നിലയ്ക്കുകയായിരുന്നു.താമരശേരി സബ് ഡിവിഷനുകീഴില്‍ എസ്‌ഐയായിരിക്കെ മണ്ണുമാന്തിയന്ത്രമിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണത്തില്‍ വീഴ്ചവരുത്തിയതിന് എസ്‌ഐയെ സസ്‌പെൻഡ് ചെയ്തിരുന്നു.പോലീസ് കസ്റ്റഡിയിലെടുത്ത മണ്ണുമാന്തിയന്ത്രം ഡ്രൈവര്‍ കടത്തിക്കൊണ്ടുപോവുകയും പകരം മറ്റൊരു മണ്ണുമാന്തിയന്ത്രം കൊണ്ടുവെക്കുകയുംചെയ്ത സംഭവത്തിലാണ് എസ്‌ഐയെ സസ്‌പെന്‍ഡ് ചെയ്തത്.
إرسال تعليق
Thanks