അതിജീവിതയെ സമൂഹമാധ്യമത്തിൽ അപമാനിച്ചെന്ന് പരാതി: രാഹുൽ ഈശ്വർ പൊലീസ് കസ്റ്റഡിയിൽ



  രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ ലൈംഗിക പീഡന പരാതി നൽകിയ യുവതിയെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന പരാതിയിൽ രാഹുൽ ഈശ്വറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സൈബർ പൊലീസ് രാഹുലിനെ ചോദ്യം ചെയ്യുകയാണ്. സൈബർ പൊലീസ് രാഹുലിന്റെ വീട്ടിലെത്തി ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശിക്കുകയായിരുന്നു. 


ഫോണും ലാപ്ടോപ്പും ഹാജരാക്കാനും നിർദേശിച്ചു. എആർ ക്യാംപിലെ വളപ്പിൽ സ്ഥിതി ചെയ്യുന്ന സൈബർ പൊലീസ് സ്റ്റേഷനിലാണ് ചോദ്യം ചെയ്യൽ. സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കുന്നതായി യുവതി പരാതി നൽകിയിരുന്നു. സൈബർ കേസിൽ രാഹുൽ ഈശ്വറിന്റെ അറസ്റ്റുണ്ടാകുമെന്നാണ് സൂചന. രാഹുൽ മാങ്കൂട്ടത്തിലിനെ ശക്തമായി പിന്തുണച്ച് രാഹുൽ ഈശ്വർ രംഗത്തുവന്നിരുന്നു. 


യുവതിയുടെ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തിരുന്നു. രാഹുൽ മാങ്കൂട്ടത്തിൽ നിലവിൽ ഒളിവിലാണ്. രാഹുലിന്റെ ഫ്ലാറ്റിൽ പൊലീസ് ഇന്ന് പരിശോധന നടത്തി. ഒളിവിൽപോയ രാഹുൽ തിരുവനന്തപുരത്തെത്തി അഭിഭാഷകനെ കണ്ട് മടങ്ങിയെന്നാണ് സൂചന. മുൻകൂർ ജാമ്യാപേക്ഷ ബുധനാഴ്ച പരിഗണിക്കും.

Post a Comment

Thanks

Previous Post Next Post