പോലീസിന്റെ കേസന്വേഷണ വിവരങ്ങൾ ഉദ്യോഗസ്ഥർ മാധ്യമങ്ങളോട് പങ്കുവെയ്ക്കരുത് ; കർശന നിർദേശവുമായി സർക്കുലർ പുറത്തിറക്കി ഡിജിപി


തിരുവനന്തപുരം:പോലീസിന്റെ കേസ് അന്വേഷണം സംബന്ധിച്ചുള്ള വിവരങ്ങൾ മാധ്യമങ്ങളുമായി പങ്കുവെക്കരുതെന്ന് വ്യക്തമാക്കിക്കൊണ്ട് സർക്കുലർ പുറത്തിറക്കി ഡിജിപി. പ്രതികളുടെ കുറ്റസമ്മതം മാധ്യമങ്ങൾക്ക് മുന്നിൽ വെളിപ്പെടുത്തരുതെന്നും സർക്കുലറിൽ വ്യക്തമാക്കിയിട്ടുണ്ട്. ഹൈക്കോടതിയുടെ നിർദേശാനുസരണമാണ് സർക്കുലർ പുറത്തിറക്കിയിട്ടുള്ളതെന്ന് ഡിജിപി അറിയിച്ചു.ഇതുമായി ബന്ധപ്പെട്ടുള്ള സർക്കുലർ ബുധനാഴ്ചയാണ് ഡിജിപി പുറത്തിറക്കിയത്.

ഇതാദ്യമായല്ല പോലീസ് ഉദ്യോഗസ്ഥർ മാധ്യമങ്ങളോട് കേസിന്റെ വിശദാംശങ്ങൾ പങ്കുവെക്കരുതെന്ന് ആവശ്യപ്പെട്ട് സംസ്ഥാന പോലീസ് മേധാവിമാർ സർക്കുലർ പുറത്തിറക്കിട്ടുള്ളത്.ഈയടുത്ത് ഒരു കേസ് പരി​ഗണിച്ചപ്പോൾ പ്രതി കുറ്റസമ്മതം നടത്തി എന്ന രീതിയിൽ അന്വേഷണ ഉദ്യോ​ഗസ്ഥൻ പറഞ്ഞ കാര്യവും അത് മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചതും ഹൈക്കോടതി വിലയിരുത്തുകയുണ്ടായി.

കുറ്റാരോപിതർ പറഞ്ഞ കാര്യങ്ങൾ പുറത്ത് പറയുന്നതും അത് പ്രസിദ്ധീകരിക്കുന്നതും തെറ്റാണെന്നായിരുന്നു ഹൈക്കോടതിയുടെ വിശദീകരണം.അന്വേഷണ ഘട്ടത്തിൽ ഉ​ദ്യോ​ഗസ്ഥർ കേസിന്റെ വിവരങ്ങൾ മാധ്യമങ്ങളുമായി പങ്കുവെക്കുന്നത് തുടർ വിചാരണയെയും അന്വേഷണത്തെയും ബാധിക്കുമെന്ന് ഡയറക്ടർ ജനറൽ ഓഫ് പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി.

ഇതേത്തുടർന്നാണ് ഡയറക്ടർ ജനറൽ ഓഫ് പബ്ലിക് പ്രോസിക്യൂഷന്റെ കത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന പോലീസ് മേധാവി കേസന്വേഷണ വിവരങ്ങൾ ഉദ്യോഗസ്ഥർ മാധ്യമങ്ങളോട് പങ്കുവെക്കരുതെന്ന കർശനമായ നിർദേശം നൽകിയിട്ടുള്ളത്.എസ്എച്ച്ഒ ഉൾപ്പെടെയുള്ള എല്ലാ പോലീസ് ഉദ്യോഗസ്ഥർക്കും സർക്കുലറുമായി ബന്ധപ്പെട്ട് കർശന നിർദേശമാണ് നൽകിയിട്ടുള്ളത്.


Post a Comment

Thanks

أحدث أقدم