പുള്ളിമാനിനെ കെണിവെച്ച് പിടിച്ച് ഇറച്ചിയാക്കാൻ ശ്രമിച്ച ആറംഗ സംഘത്തെ വനംവകുപ്പ് പിടികൂടി


വയനാട്ടിൽ വന്യമൃഗവേട്ട വീണ്ടും വ്യാപകമാകുന്നു. പുള്ളിമാനിനെ കെണിവെച്ച് പിടിച്ച് ഇറച്ചിയാക്കാൻ ശ്രമിച്ച ആറംഗ സംഘത്തെ വനംവകുപ്പ് പിടികൂടി. പുൽപ്പള്ളിക്കടുത്തുള്ള ഇരുളം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ ചേലക്കൊല്ലി വനമേഖലയിൽ നിന്നാണ് ഇവരെ പിടികൂടിയത്. ചേലക്കൊല്ലി വനമേഖലയിൽ നടന്ന സംഭവത്തിൽ ഇരുളം വെളുത്തേരിക്കുന്ന് ഉന്നതി സ്വദേശികളായ സനീഷ് (23), അപ്പു (60), ബിനീഷ് കുമാർ (29), രാജൻ (55).പിലാക്കാവ് സ്വദേശികളായ തറാട്ട് പ്രജിത്ത് (26), മീത്തയിൽ അജേഷ് (27). എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് മാനിറച്ചിയും വേട്ടയ്ക്കുപയോഗിച്ച കത്തികളും കുരുക്കും വനംവകുപ്പ് കണ്ടെടുത്തിട്ടുണ്ട്. 


വന്യമൃഗങ്ങളെ വേട്ടയാടുന്ന സംഭവങ്ങള്‍ വയനാട്ടില്‍ വര്‍ധിച്ചു വരുന്നതിന്റെ പശ്ചാത്തലത്തില്‍ വനംവകുപ്പ് പരിശോധന കര്‍ശനമാക്കിയിരിക്കുകയാണ്. പുല്‍പ്പള്ളി മേഖലയില്‍ കഴിഞ്ഞ രണ്ടുമാസത്തിനിടെ മൂന്ന് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതിന് പുറമെയാണ് പുതിയ അറസ്റ്റ്.


ഇരുളം ഫോറസ്റ്റ് സ്റ്റേഷന്‍ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ.പി. അബ്ദുല്‍ ഗഫൂറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചേലക്കൊല്ലി വനമേഖലയില്‍ പട്രോളിങ് നടത്തി പ്രതികളെ പിടികൂടിയത്. സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ പി.വി. സുന്ദരേശന്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ പി.എസ്. അജീഷ്, എം.എസ്. സത്യന്‍ എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു. ചെതലത്ത് റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എം.കെ. രാജീവ് കുമാറിന്റെ നേതൃത്വത്തില്‍ തുടര്‍നടപടികള്‍ സ്വീകരിച്ചു വരുന്നു.    

Post a Comment

Thanks

Previous Post Next Post