മലപ്പുറം:മലയാളത്തിലെ എഴുത്തുകാരിയും കവിയത്രിയുമായ ഷാബി നൗഷാദിന് ഭാരത് സേവാ പുരസ്കാർ ലഭിച്ചു.ഹൃദയത്തിൽ തൊടുന്ന വരികളിലൂടെയും ആഴത്തിലുള്ള ചിന്തകളിലൂടെയും വായനക്കാരുടെ മനസ്സിൽ ഇടംപിടിച്ച ഷാബി നൗഷാദിൻ്റെ സാഹിത്യയാത്രയിലെ മറ്റൊരു നാഴികക്കല്ലാണ് ഈ പുരസ്കാരം.
അക്ഷരങ്ങളെയും ഭാവനകളെയും തൻ്റെ തൂലികയിൽ ആവാഹിച്ച് തൻ്റേതായ ഇടം കണ്ടെത്തിയ എഴുത്തുകാരിയും കവിയത്രിയുമാണ് ഷാബി നൗഷാദ് . സാഹിത്യം, കവിത എന്നീ വിഭാഗങ്ങളിലെ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് ഈ പുരസ്കാരത്തിന് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. ഗിന്നസ് റെക്കോർഡിൻ്റെ ഭാഗമായ WMHC വേൾഡ് മദേഴ്സ് അവാർഡ് ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ നേരത്തെ അവരെ തേടിയെത്തിയിട്ടുണ്ട്. സാഹിത്യത്തിലെയും കവിതയിലെയും മികവിന് മലപ്പുറം ജില്ലയിൽ നിന്നും ഈ ബഹുമതി ഏറ്റുവാങ്ങിയ പ്രതിഭ എന്ന നിലയിലും ഷാബിനൗഷാദ് ശ്രദ്ധേയയാണ്.
സാഹിത്യരചനയുടെ ലോകത്ത് മാത്രം ഒതുങ്ങുന്നില്ല ഷാബിനൗഷാദിൻ്റെ പ്രവർത്തനങ്ങൾ. വേൾഡ് മെൻ്റൽ ഹെൽത്ത് റിസർച്ച് ഓർഗനൈസേഷൻ്റെ (WMHRO) സജീവ അംഗമായ അവർ അക്ഷരങ്ങളിലൂടെ മാനസികാരോഗ്യത്തിൻ്റെ പ്രാധാന്യം സമൂഹത്തിലേക്ക് എത്തിക്കാൻ ശ്രമിക്കുന്നു. നിലവിൽ മലപ്പുറം ഹാപ്പിനെസ്സ് സെൻ്ററിലെ പഠനവും പ്രവർത്തനങ്ങളും അവരുടെ സാമൂഹിക പ്രതിബദ്ധതയ്ക്ക് അടിവരയിടുന്നു.
ഡൽഹിയിൽ വെച്ച് നടന്ന പുരസ്കാര ദാന ചടങ്ങിൽ പങ്കെടുക്കാൻ സാധിക്കാതെ വന്ന ഷാബി നൗഷാദിന്
മലപ്പുറത്ത് വെച്ച് നടന്ന ചടങ്ങിൽ മലപ്പുറം ഡി.വൈ.എസ്.പി ബൈജു കെ.എം പുരസ്കാരം സമ്മാനിച്ചു.
പരപ്പനങ്ങാടി പാലത്തിങ്ങൽ സ്വദേശിയായ ഷാബി നൗഷാദ് വേങ്ങര അരീകുളങ്ങര നൗഷാദിന്റെ ഭാര്യയാണ് .
റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ.


Post a Comment
Thanks