ഡെലിവറി ബോയിയെ പിന്തുടർന്ന് കാറിടിച്ച് കൊലപ്പെടുത്തിയ മലപ്പുറം സ്വദേശിയും ഭാര്യയും അറസ്റ്റിൽ


ബെംഗളുരു: ഡെലിവറി ബോയിയെ പിന്തുടർന്ന് മനഃപൂർവം കാറിടിച്ച് വീഴ്ത്തി കൊലപ്പെടുത്തിയതിന് മലയാളിയായ കളരിപ്പയറ്റ് പരിശീലകനും ഭാര്യയും അറസ്റ്റിൽ. ഒക്ടോബർ 25നാണ് സംഭവം. കെമ്പട്ടള്ളി സ്വദേശിയായ ദർശൻ (24) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തിൽ മലപ്പുറം സ്വദേശിയായ മനോജ് കുമാറും(32) ജമ്മുകശ്മീർ സ്വദേശിയായ ഭാര്യ ആരതി ശർമ(30)യുമാണ് അറസ്റ്റിലായത്. ഇവരെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.


അഞ്ചുവർഷം മുമ്പാണ് മനോജും ആരതിയും വിവാഹിതരായത്. ദമ്പതികൾ, സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ഡെലിവറി ഏജന്റിനെ മനഃപൂർവം ഇടിച്ചുവീഴ്ത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. കാറിടിച്ച് തെറിച്ചു വീണ് ഗുരുതരമായി പരിക്കേറ്റാണ് ദർശൻ മരിച്ചത്.

ദക്ഷിണ ബംഗളൂരുവിലെ നടരാജ ലേഔട്ടിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളിലാണ് ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ പോലീസിന് ലഭിച്ചത്. സംഭവദിവസം രാത്രി ദർശന്റെ സ്കൂട്ടർ ദമ്പതികൾ സഞ്ചരിച്ച കാറിലിടിച്ചിരുന്നു. തുടർന്ന് കാറിന്റെ വലതു വശത്തെ റിയർ വ്യൂ മീറ്ററിന് ചെറിയ കേടുപാടുകൾ സംഭവിച്ചു. ഭക്ഷണം വിതരണം ചെയ്യാൻ പോവുകയായിരുന്ന ദർശൻ സംഭവത്തിൽ ദമ്പതികളോട് മാപ്പ് പറഞ്ഞ് ബൈക്കോടിച്ച് പോയി. എന്നാൽ കുപിതനായ മനോജ് കുമാർ വണ്ടി യൂടേൺ എടുത്ത് സ്കൂട്ടറിനെ പിന്തുടർന്ന് പിന്നിൽ നിന്ന് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.

Post a Comment

Thanks

أحدث أقدم