കോഴിക്കോട് സ്വത്തിന് വേണ്ടി വയോധികയായ അമ്മയെ കൊലപ്പെടുത്താൻ ശ്രമം ; മകൻ അറസ്റ്റില്‍


കോഴിക്കോട്:സ്വത്തിന് വേണ്ടി അമ്മയെ കൊലപ്പെടുത്താൻ ശ്രമിച്ച മകൻ അറസ്റ്റില്‍.വേങ്ങേരി സ്വദേശി കൊടക്കാട് വീട്ടില്‍ സലില്‍ കുമാറിനെയാണ് (50) ചേവായൂർ പോലീസ് പിടികൂടിയത്.

വേങ്ങേരി കൊടക്കാട് വീട്ടില്‍ താമസിക്കുന്ന 76 വയസ്സുള്ള വയോധികയെ വീടും സ്ഥലവും ബാങ്കിലുള്ള ഡിപ്പോസിറ്റും ആവശ്യപ്പെട്ട് കൊണ്ട് മകൻ സലില്‍ കുമാർ ഉപദ്രവിക്കുകയായിരുന്നു.വെള്ളിയാഴ്ച ഉച്ചയ്ക്ക് വയോധിക മുറിയിലിരിക്കുമ്പോള്‍ പ്രതി വാതില്‍ തള്ളിത്തുറന്ന് വരികയും ചീത്തവിളിക്കുകയും വീടും സ്ഥലവും ബാങ്കിലുള്ള ഡിപ്പോസിറ്റും എഴുതിത്തരണമെന്നുപറഞ്ഞ് കൈകൊണ്ട് വയോധികയുടെ നെഞ്ചത്ത് കുത്തുകയും മുഖത്തടിക്കുകയുമായിരുന്നെന്ന് പോലീസ് പറഞ്ഞു.

സ്വത്ത് ഇപ്പോള്‍ എഴുതിത്തരില്ലെന്ന് പറഞ്ഞപ്പോള്‍ റൂമിലുണ്ടായിരുന്ന നിലവിളക്ക് കൊണ്ട് വയോധികയുടെ തലയ്ക്കടിക്കാൻ ശ്രമിച്ചെന്നും പോലീസ് പറഞ്ഞു.വീട്ടിലെ ബഹളംകേട്ട് ഓടിയെത്തിയ അടുത്ത വീട്ടിലെ യുവാവ് പ്രതിയെ പിടിച്ചുമാറ്റി.തുടർന്ന് വയോധികയുടെ പരാതിയില്‍ ചേവായൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണംനടത്തുകയായിരുന്നു.പ്രതിയെ വേങ്ങേരിയില്‍ നിന്നാണ് അന്വേഷണസംഘം കസ്റ്റഡിയിലെടുത്തത്.

ചേവായൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ മഹേഷിന്റെ നിർദേശപ്രകാരം എസ്‌ഐമാരായ റഷീദ്,മിജോ,എഎസ്‌ഐ വിജേഷ്,സിപിഒ ദീപക് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കി.


Post a Comment

Thanks

Previous Post Next Post