കൽപറ്റ | വെർച്വൽ അറസ്റ്റ് തട്ടിപ്പിൽ മലയാളിയിൽ നിന്ന് ലക്ഷങ്ങൾ കവർന്നയാളെ രാജസ്ഥാനിൽ നിന്നും പിടികൂടി വയനാട് സൈബർ ക്രൈം പൊലീസ്. രാജസ്ഥാൻ ബിക്കാനീർ സ്വദേശിയായ ശ്രീരാം ബിഷ്ണോയി (28) എന്നയാളാണ് അറസ്റ്റിലായത്. വയനാട് പടിഞ്ഞാറത്തറ സ്വദേശിയായ ഐടി ജീവനക്കാരനിൽ നിന്നാണ് ഇയാൾ അഞ്ചു ലക്ഷത്തോളം രൂപ കവർന്നത്. വെർച്വൽ അറസ്റ്റ് ചെയ്തതായി ഭീഷണിപ്പെടുത്തിയാണ് ഇത് നടപ്പാക്കിയത്.
2024 ഓഗസ്റ്റിലാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. യുവാവിനെ തട്ടിപ്പുകാർ സ്കൈപ് വഴി ബന്ധപ്പെട്ട് ഇയാളുടെ പേരിൽ വിവിധ ബാങ്കുകളിൽ വ്യാജ രേഖകൾ സമർപ്പിച്ച് വായ്പകൾ നേടിയതായി വിവരമുണ്ടെന്നും അതിന്റെ പേരിൽ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ടെന്നും വിശ്വസിപ്പിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു.
അറസ്റ്റ് ഒഴിവാക്കാനായി യുവാവിന്റെ അക്കൗണ്ടിലെ പണം അടുത്ത ബന്ധുവിന്റെ അക്കൗണ്ടിലേക്ക് മാറ്റാൻ നിർദേശിച്ചു. യുവാവിന്റെ ബാങ്ക് അക്കൗണ്ടിൽ പ്രീ അപ്രൂവ്ഡ് ആയി ഉണ്ടായിരുന്ന വ്യക്തിഗത വായ്പാ തുക പ്രതികളുടെ അക്കൗണ്ടിലേക്ക് മാറ്റുകയാണ് തട്ടിപ്പുകാർ ചെയ്തത്. ഇത് തട്ടിപ്പാണെന്നു തിരിച്ചറിഞ്ഞ പരാതിക്കാരൻ സൈബർ പോർട്ടൽ വഴി പരാതി റജിസ്റ്റർ ചെയ്യുകയും തുടർന്ന് പടിഞ്ഞാറത്തറ പൊലീസ് കേസെടുക്കുകയുമായിരുന്നു.
തട്ടിപ്പുകാരുടെ ലൊക്കേഷൻ രാജസ്ഥാനിലെ പാക്ക് അതിർത്തി പ്രദേശങ്ങളായ നോക്ക, ബുലാസർബാര എന്നിവിടങ്ങളിലാണെന്ന് സൈബർ പൊലീസ് സംഘം മനസിലാക്കി. തുടർന്ന് ഈ കേസിലെ പ്രതികളിൽ ഒരാളായ ശ്രീരാം ബിഷനോയി എന്നയാളെ ബിക്കാനീറിൽ നിന്നും പണം കൈമാറാൻ ഉപയോഗിച്ച ഡിജിറ്റൽ ഉപകരണങ്ങൾ അടക്കം പിടികൂടുകയായിരുന്നു. ബിക്കാനീർ കോടതിയിൽ ഹാജരാക്കി ട്രാൻസിറ്റ് വാറന്റോടെയാണ് ഇയാളെ വയനാട്ടിലെത്തിച്ചത്. തുടർനടപടികൾക്ക് ശേഷം മാനന്തവാടി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Post a Comment
Thanks