'അക്ഷയ കേന്ദ്രങ്ങൾ ബിസിനസ് സെൻ്റെറുകൾ അല്ല': സർവീസ് ചാർജ് ഈടാക്കാൻ അവകാശമില്ലെന്ന് ഹൈക്കോടതി



കേരളത്തിൽ ഡിജിറ്റൽ സേവനങ്ങൾ നൽകുന്ന അക്ഷയ കേന്ദ്രങ്ങൾ ബിസിനസ് സെൻററുകൾ അല്ലെന്നും സേവന കേന്ദ്രങ്ങൾ ആണെന്നും ഹൈക്കോടതിയുടെ ഓർമ്മപ്പെടുത്തൽ. ആവശ്യസേവനങ്ങൾക്ക് വേണ്ടി അക്ഷയ കേന്ദ്രങ്ങളെ സമീപിക്കുന്നവരോട് സർവീസ് ചാർജ് ഈടാക്കാൻ ഉടമകൾക്ക് അവകാശമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ജസ്റ്റിസ് എൻ നഗരെഷിൻ്റേതാണ് ഉത്തരവ്. 


അക്ഷയ സെൻററുകളിലെ സേവനങ്ങൾക്ക് ഏകീകൃത നിരക്ക് ഏർപ്പെടുത്തിയ സർക്കാർ തീരുമാനം ചോദ്യം ചെയ്ത് സമർപ്പിച്ച ഹരജിയിലാണ് നടപടി. ഓൾ കേരള അക്ഷയ എൻട്രൻസ് കോൺഫെഡറേഷൻ നൽകിയ ഹർജി കോടതി തള്ളി. ആഗസ്റ്റ് ആറിനാണ് സർക്കാർ അക്ഷയ കേന്ദ്രങ്ങളിലെ സേവനങ്ങൾക്ക് ഏകീകൃത നിരക്ക് ഏർപ്പെടുത്തി ഉത്തരവിട്ടത്. എന്നാൽ പ്രവർത്തികളുടെ വ്യാപ്തി , വിഭവങ്ങളുടെ ഉപയോഗം, ചെലവ് എന്നിവ പരിഗണിക്കാതെയാണ് സർക്കാർ ഉത്തരവെന്ന് ചൂണ്ടിക്കാട്ടിയാണ് ഫെഡറേഷൻ കോടതിയെ സമീപിച്ചത്. 


വിവിധ അക്ഷയ കേന്ദ്രങ്ങളിൽ വ്യത്യസ്ത നിരക്കുകൾ ഈടാക്കുന്നു എന്ന പരാതികൾ വ്യാപകമായതിനെ തുടർന്നാണ് അക്ഷയ കേന്ദ്രങ്ങളിൽ നിന്നുള്ള സേവനങ്ങൾക്ക് സർക്കാർ പുതിയ സർവീസ് ചാർജ് നിശ്ചയിച്ച് ഉത്തരവിറക്കിയത്. കെ- സ്മാർട്ട് വഴിയുള്ള 13 സേവനങ്ങൾക്കാണ് പുതിയ നിരക്കുകൾ നിശ്ചയിച്ചത്. എല്ലാ അക്ഷയ കേന്ദ്രങ്ങളിലും പുതിയ നിരക്കുകൾ പ്രദർശിപ്പിക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.


സർക്കാർ ഈ ഡിസ്ട്രിക്ട് സേവനങ്ങൾ, പരീക്ഷകൾ, വിവിധ കോഴ്സുകളുടെ അപേക്ഷ തുടങ്ങിയ സേവനങ്ങൾക്ക് തോന്നിയത് പോലെയാണ് അക്ഷയ കേന്ദ്രങ്ങൾ പണം ഈടാക്കിയിരുന്നത്. തിരക്കിനിടയിൽ പലരും അമിത ചാർജ് ചോദ്യം ചെയ്യാറില്ല. ഇതു മുതലെടുത്താണ് പല കേന്ദ്രങ്ങളിലും തോന്നിയപോലെ ചാർജ് വാങ്ങിയിരുന്നത്. സർക്കാർ നിശ്ചയിച്ചിരിക്കുന്ന ഫീസ് ഘടനയെ കുറിച്ച് പൊതുജനത്തിന് അറിവില്ലാത്തതാണ് അധിക ചാർജ് ഈടാക്കാനുള്ള കാരണം . അക്ഷയ കേന്ദ്രങ്ങളുടെ സേവനങ്ങളെക്കുറിച്ച് പൊതുജനങ്ങൾക്ക് പരാതികൾ ഉണ്ടെങ്കിൽ ജില്ലാ ഭരണകൂടത്തിലോ തിരുവനന്തപുരത്തെ അക്ഷയ സ്റ്റേറ്റ് പ്രോജക്ട് ഓഫീസിലോ പരാതി നൽകാവുന്നതാണ്. 

Post a Comment

Thanks

Previous Post Next Post