ആത്മീയ ചികിത്സയുടെ മറവിൽ കോടികൾ തട്ടിയതായി പരാതി; പറപ്പൂർ കേന്ദ്രീകരിച്ച് ചികിത്സ നടത്തുന്ന മൂന്നു പേർക്കെതിരെ കേസ്


മലപ്പുറം | ആത്മീയ ചികിത്സയുടെ മറവിൽ കോടികൾ തട്ടിയതായി പരാതി. കോട്ടക്കൽ പറപ്പൂരിൽ താമസിക്കുന്ന കോഡൂർ ഒറ്റത്തറ സ്വദേശി പി.സി.എച്ച്. ഷംസുദ്ദീൻ, പുലാമന്തോൾ വളപുരം സ്വദേശി എം.കെ. മുഹമ്മദ് ബഷീർ, നാദാപുരം വളയം സ്വദേശി റഫീഖ് എന്നിവർക്കെതിരെ കോഴിക്കോട് തൊട്ടിൽപാലം പൊലീസ് കേസെടുത്തു. 


പലതവണയായി വാങ്ങിയ തുകയിൽ നിന്ന് ഒന്നേ മുക്കാൽ കോടിയോളം രൂപ തിരികെ ലഭിക്കാനുണ്ടെന്ന് തട്ടിപ്പിനിരയായ നാദാപുരം കുറ്റ്യാടി സ്വദേശി മുഹമ്മദ് ആദിൽ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. വ്യാജചികിത്സ, ആത്മീയചൂഷണത്തിൻ്റെ മറവിലുള്ള സാമ്പത്തിക തട്ടിപ്പ് എന്നിവ സംബന്ധിച്ച് മുഖ്യമന്ത്രിക്ക് നൽകിയ പരാതിയെ തുടർന്നാണ് പൊലീസ് കേസെടുത്തത്.


ഭാര്യയുടെ ചികിത്സയുമായി ബന്ധപ്പെട്ടാണ് ആദിൽ പ്രതികളുമായി ബന്ധപ്പെട്ടത്. ഷംസുദ്ദീൻ ഉസ്താദും, ശൈഖുമാണെന്ന് പറഞ്ഞ് പരിചയപ്പെടുത്തുകയും മാരക രോഗങ്ങൾ വരെ സുഖപ്പെടുത്തിയിട്ടുണ്ടെന്നും വിശ്വസിപ്പിച്ചാണ് പണം തട്ടിയതെന്ന് പരാതിയിൽ പറയുന്നു. തിരികെ നൽകാമെന്ന് പറഞ്ഞാണ് വിവിധ ആവശ്യങ്ങൾക്ക് പണം വാങ്ങിയത്. ഒത്തുതീർപ്പ് ചർച്ചകളുടെ അടിസ്ഥാനത്തിൽ 26 ലക്ഷം രൂപയാണ് തിരികെ നൽകിയത്. പണം തിരികെ ആവശ്യപ്പെട്ടപ്പോൾ, രോഗം മൂർച്ഛിക്കുമെന്നും ഭവിഷ്യത്ത് നേരിടേണ്ടി വരുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നും ആദിൽ പറഞ്ഞു.

Post a Comment

Thanks

Previous Post Next Post