25 പേർ മരിച്ചത് ശ്വാസമെടുക്കാനാകാതെ, 10 പേർ മരിച്ചത് വാരിയെല്ലുകൾ ഉൾപ്പെടെ തകർന്ന്, കഴുത്തിലെ അസ്ഥികൾ ഒടിഞ്ഞ നിലയിൽ കുട്ടികൾ; കരൂരിൽ മരിച്ചവരുടെ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ഞെട്ടിക്കുന്ന വിവരങ്ങൾ


ചെന്നൈ: 41 പേരുടെ ജീവനെടുത്ത തമിഴ്‌നാട്ടിലെ കരൂർ ദുരന്തത്തിൽ മരിച്ചവരുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ. മരിച്ചവരിൽ 25 പേർ ശ്വാസം മുട്ടി മരിച്ചപ്പോൾ 10ലധികം പേർ വാരിയെല്ലുകൾ ഒടിഞ്ഞും ആന്തരികാവയവങ്ങൾ തകർന്നുമാണ് മരിച്ചത്.


തിക്കിലും തിരക്കിലും കുടുങ്ങിയവരിൽ ഭൂരിഭാഗംപേരും രണ്ടും മൂന്നും മിനിറ്റ്‌ വരെ സമയം ശ്വസിക്കാൻ കഴിയാതെയാണ് മരിച്ചതെന്ന് റിപ്പോർട്ട് വെളിപ്പെടുത്തുന്നു. താഴെ വീണവരുടെ മേൽ പലരും ചവിട്ടി കയറി വാരിയെല്ലുകൾ ഒടിഞ്ഞും ആന്തരിക പരിക്കുകൾ സംഭവിച്ചും ജീവൻ നഷ്ടപ്പെട്ടു. 25 ഓളം പേർ ആശുപത്രിയിലേക്കുള്ള വഴിയിലാണ് മരിച്ചത്.


കൂടാതെ, അപകടത്തിൽ മരിച്ച പത്ത് കുട്ടികളുടെയും ശ്വാസകോശം ഉൾപ്പെടെയുള്ള ആന്തരിക അവയവങ്ങൾക്ക് സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. അവരുടെ വാരിയെല്ലുകളും കോളർബോണുകളും തകർന്നിട്ടുണ്ട്. കഴുത്തിലും ഇടുപ്പിലും പുറകിലും ഒടിവുകളും പേശികൾക്ക് ക്ഷതവും സംഭവിച്ചിട്ടുണ്ട്. വലിയ ജനക്കൂട്ടത്തിൽ കുടുങ്ങിയ കുട്ടികളുടെ കഴുത്തിലെ അസ്ഥികളും ഒടിഞ്ഞിട്ടുണ്ടെന്ന ഞെട്ടിക്കുന്ന വിവരമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.


റാലിക്ക് വിജയ് എത്താൻ വൈകിയത് മനഃപൂർവമെന്ന് എഫ്.ഐ.ആർ


ചെന്നൈ: തമിഴ്‌നാട്ടിലെ കരൂരിൽ തിക്കുംതിരക്കുമുണ്ടായി വൻദുരന്തമായി മാറിയ ടി.വി.കെയുടെ റാലിക്ക് നടനും പാർട്ടി നേതാവുമായ വിജയ് വൈകിയെത്തിയത് മനഃപൂർവമെന്ന് എഫ്.ഐ.ആർ. പതിനായിരങ്ങൾ എത്തിയ റാലിക്ക് നിബന്ധനകൾ പാലിച്ച് സൗകര്യമൊരുക്കിയില്ലെന്നും ആവശ്യത്തിന് വെള്ളമോ മെഡിക്കൽ സൗകര്യങ്ങളോ സ്ഥലത്ത് ഉണ്ടായിരുന്നില്ലെന്നും എഫ്.ഐ.ആറിൽ പറയുന്നു.


ഏറെ നേരം പ്രചാരണ വാഹനത്തിനുള്ളിൽ ഇരുന്ന ശേഷമാണ് വിജയ് റാലിക്കെത്തിയവരെ അഭിവാദ്യം ചെയ്യാനെത്തിയത്. ഇതോടെ അടുത്തു കാണാൻ വേണ്ടി ജനക്കൂട്ടം മുന്നോട്ട് കുതിച്ചു. ആളുകൾ മുന്നോട്ട് തള്ളിക്കയറുന്നതിനിടയിൽ പലരും താഴെവീണ് ചവിട്ടിമെതിക്കപ്പെട്ടു. സമീപത്തെ ഷെഡുകൾക്ക് മുകളിൽ പലരും വലിഞ്ഞുകയറി. ഇത് തകർന്നുവീണപ്പോൾ ഏറെപ്പേർ ഇതിനടിയിൽപെട്ടുവെന്നും എഫ്.ഐ.ആറിൽ പറയുന്നു.

Post a Comment

Thanks

Previous Post Next Post