കള്ളവോട്ട് വ്യാപകം; അതിനു തടയിടും; ഇത് ഭരണഘടനയെ രക്ഷിക്കാനുള്ള യുദ്ധം: രാഹുൽ ഗാന്ധി


  സാസറാം |  ആർഎസ്എസും ബിജെപിയും ഭരണഘടനയെ അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്നും ഭരണഘടനയെ രക്ഷിക്കാനുള്ള യുദ്ധമാണ് നടക്കുന്നതെന്നും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ‘വോട്ടുകൊള്ള’യും ബിഹാർ വോട്ടർ പട്ടികയിലെ വെട്ടിനിരത്തലും ഉയർത്തിക്കാട്ടി നടത്തുന്ന ‘വോട്ടർ അധികാർ യാത്ര’യ്ക്ക് തുടക്കമിട്ട് സാസറാമിൽ നടന്ന വൻ റാലിയിൽ സംസാരിക്കുകയായിരുന്നു രാഹുൽ.


തിരഞ്ഞെടുപ്പുകളിൽ വ്യാപകമായി കള്ളവോട്ട് നടക്കുന്നുണ്ടെന്ന് രാഹുൽ പറഞ്ഞു. മഹാരാഷ്ട്രയിൽ, ലോക്സഭാ തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കിയ ഇന്ത്യാ സഖ്യം നിയമസഭാ തിരഞ്ഞെടുപ്പിലും ജയിക്കുമെന്നായിരുന്നു പ്രവചനം. ലോക്സഭാ തിരഞ്ഞെടുപ്പിനു മാസങ്ങൾക്കുശേഷം നടന്ന തിരഞ്ഞെടുപ്പിൽ പക്ഷേ ബിജെപി നേട്ടമുണ്ടാക്കി. നിയമസഭാ തിരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിൽ ഒരുകോടി പുതിയ വോട്ടർമാർ അധികമായി വന്നു. അവരുടെ വോട്ടെല്ലാം ബിജെപിക്കു പോയി. ലോക്സഭയിൽ ലഭിച്ച വോട്ട് കോൺഗ്രസിനു നിയമസഭയിലും ലഭിച്ചു. ഒരു വോട്ടും കുറഞ്ഞില്ല.


കള്ളവോട്ട് പരിശോധിക്കാൻ വിഡിയോ കാണിക്കാന്‍ കോൺഗ്രസ് പറഞ്ഞപ്പോൾ തിരഞ്ഞെടുപ്പ് കമ്മിഷൻ നിരസിച്ചു. കോൺഗ്രസ് രേഖകൾ പരിശോധിച്ചു. ഒരു നിയമസഭാ മണ്ഡലത്തിൽ ഒരു ലക്ഷം കള്ളവോട്ട് നടന്നെന്നു കണ്ടെത്തി. ബിഹാറിലും അതിനാണ് ബിജെപി ശ്രമിക്കുന്നത്. ഈ തിരഞ്ഞെടുപ്പിൽ കള്ളവോട്ട് നടത്താൻ അവരെ അനുവദിക്കില്ല. പാവപ്പെട്ടവരുടെ കയ്യിലുള്ളത് വോട്ടുമാത്രമാണ്. അത് തട്ടിയെടുക്കാൻ സമ്മതിക്കില്ല. കള്ളവോട്ട് എവിടെയെല്ലാം നടക്കുന്നോ അവിടെയെല്ലാം അത് തുറന്നു കാണിക്കുമെന്നും രാഹുൽഗാന്ധി പറഞ്ഞു.



16 ദിവസത്തെ രാഹുലിന്റെ യാത്രയിൽ 24 ജില്ലകളും 60 നിയമസഭ മണ്ഡലങ്ങളും പിന്നിടും. സെപ്റ്റംബർ ഒന്നിനു പട്ന ഗാന്ധി ൈമതാനിയിൽ വൻ റാലിയോടെ സമാപിക്കും. 1300 കിലോമീറ്റർ ദൂരമാണു സഞ്ചരിക്കുന്നത്. പദയാത്രയോടെ സംസ്ഥാനത്തു കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനും തുടക്കമാകും. ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ് നവംബറിൽ നടക്കാനിരിക്കെ സംസ്ഥാനത്തെ വോട്ടർ പട്ടികയിൽ നിന്ന് 65 ലക്ഷത്തോളം പേരുകളാണു നീക്കം ചെയ്യപ്പെട്ടത്. 

Post a Comment

Thanks

أحدث أقدم