മൂന്നിയൂർ: നിർമ്മാണം പൂർത്തിയാക്കി ഉദ്ഘാടനത്തിന് തയ്യാറെടുക്കുന്ന അംഗനവാടിക്കെതിരെ അക്രമം നടത്തിയ 5 പേർക്കെതിരെ പോലീസ് കേസെടുത്തു. മൂന്നിയൂർ കളത്തിങ്ങൽ പാറയിൽ നിർമ്മാണം അന്തിമ ഘട്ടത്തിൽ എത്തിയ 143-ാം നമ്പർ അംഗനവാടി കെട്ടിടത്തിനെതിരെയാണ് അക്രമം ഉണ്ടായത്. അംഗനവാടിയുടെ ജനൽ ജില്ലുകൾ തകർക്കുകയും ചുറ്റുമതിലിന്റെ ഒരു ഭാഗം പൊട്ടിക്കുകയും നിർമ്മാണ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തി ജോലിക്കാരുടെ പണിയായുധങ്ങൾ എടുത്ത് വലിച്ചെറിയുകയും ഗ്രാമ പഞ്ചായത്ത് പതിനാലാം വാർഡ് മെമ്പർ എൻ.എം.റഫീഖിനെയും പഞ്ചായത്ത് ഓവർസിയർ റാഫി യെയും കേട്ടാലറക്കുന്ന രീതിയിൽ അസഭ്യം പറഞ്ഞ് ഭീഷണിപ്പെടുത്തി കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തിട്ടുള്ളവർക്കെതിരെയാണ് കേസ് എടുത്തിട്ടുള്ളത്.
ജില്ലാ പഞ്ചായത്തിന്റെ ഫണ്ട് വകയിരുത്തി 41 ലക്ഷം രൂപ ചിലവിലാണ് മൂന്നിയൂർ പഞ്ചായത്തിലെ തന്നെ ആദ്യ ശീതീകരിച്ച ഹൈടെക് അംഗനവാടി നിർമ്മിക്കുന്നത്. പ്രവർത്തികൾ ഏകദേശം പൂർത്തിയാക്കി അവസാന മിനുക്ക് പണികൾ നടക്കുന്നതിനിടെയാണ് കളത്തിങ്ങൽ പാറ ലക്ഷം വീട് കോളനിയിൽ താമസിക്കുന്ന തെക്കകത്ത് ജിഷാദ്, തെക്കകത്ത് ശിഫാദ് , തെക്കകത്ത് റിഷാദ് , തെക്കകത്ത് ഷാനു, തെക്കകത്ത് ഹംസക്കോയ എന്നിവരുടെ നേത്രത്വത്തിൽ അംഗനവാടി കെട്ടിടത്തിന്റെ കോമ്പൗണ്ടിലേക്ക് അതിക്രമിച്ച് കടന്ന് ചെന്ന് പ്രവർത്തി നിർത്തിവെപ്പിച്ച് മൂന്നിയൂർ പഞ്ചായത്ത് ഓവർഡിയറായ റാഫിയുടെ ഔദ്യോഗിക കൃത്യനിർവ്വഹണം തടസപ്പെടുത്തിയും ഭീഷണിപ്പെടുത്തിയും അംഗനവാടിക്കെതിരെ അക്രമണം നടത്തിയത്. ഭാരതീയ ന്യായ സൻഹിത (ബി.എസ്.എൻ ) 2023 പ്രകാരമാണ് പോലീസ് കേസെടുത്തിട്ടുള്ളത്.
അംഗനവാടിക്കെതിരെ നടന്ന അക്രമണത്തിൽ മൂന്നിയൂർ പഞ്ചായത്ത് ഭരണ സമിതി, കളത്തിങ്ങൽ പാറ അംഗനവാടി എ.എൽ.എം.എസ്.സി. കമ്മറ്റി എന്നിവ പ്രതിഷേധിച്ചു.
إرسال تعليق
Thanks