ഓടിക്കൊണ്ടിരുന്ന ബസ് കത്തിനശിച്ച സംഭവം; കത്തിച്ചതല്ല, കത്തിയത് തന്നെ; കാരണം ഷോർട്ട് സർക്യൂട്ട്; മോട്ടോർ വാഹന വകുപ്പിന്റെ പ്രാഥമിക റിപ്പോർട്ട്..!


കൊണ്ടോട്ടി കൊളത്തൂരിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ് കത്തിനശിച്ച സംഭവത്തിൽ മോട്ടോർ വാഹന വകുപ്പ് വിശദമായ പരിശോധന നടത്തി. പ്രാഥമിക വിലയിരുത്തലിൽ, തീപിടിത്തത്തിന് കാരണം ഷോർട്ട് സർക്യൂട്ടാണെന്ന് തന്നെയാണ് നിഗമനം.


മലപ്പുറം എൻഫോഴ്സ്മെന്റ് ആർ.ടി.ഒ., എം.വി.ഐ, കൊണ്ടോട്ടി സബ് ആർ.ടി.ഒ. ഓഫീസിലെ എ.എം.വി.ഐ. എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. എൻജിൻ ഭാഗത്ത് നിന്ന് തീ പടർന്നതാണ് ഷോർട്ട് സർക്യൂട്ട് ആകാനുള്ള കാരണമായി അവർ വിലയിരുത്തുന്നത്. ബസ്സിലെ ഇലക്ട്രിക് വയറിങ്ങുകൾ പൂർണ്ണമായും കത്തിനശിച്ചു.


പരിശോധനയിൽ, ബസ്സിനുള്ളിൽ ഉപയോഗിക്കാതെ വെച്ച ഫയർ എക്സ്റ്റിങ്ഗ്യുഷർ കണ്ടെത്തി. പുക കണ്ട ഉടൻ ഇത് ഉപയോഗിച്ചിരുന്നെങ്കിൽ അപകടം ഒഴിവാക്കാമായിരുന്നെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. 2019 മോഡൽ ഭാരത് ബെൻസ് ഷാസിയിൽ നിർമ്മിച്ച ബസ്സാണിത്.


ടയറുകൾ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചത് ആശങ്കയുണ്ടാക്കിയെങ്കിലും ഡീസൽ ടാങ്കിലേക്ക് തീ പടരാതിരുന്നത് രക്ഷയായി. സംഭവത്തെക്കുറിച്ചുള്ള വിശദമായ റിപ്പോർട്ട് ഉടൻ കൈമാറുമെന്നും അധികൃതർ.


പാലക്കാട് നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന 'സന' ബസ് ഞായറാഴ്ച രാവിലെ 8:50-ഓടെ വിമാനത്താവള ജങ്ഷന് സമീപം തുറയ്ക്കലിൽ വെച്ചാണ് അപകടത്തിൽപ്പെട്ടത്. ഓടുന്നതിനിടെ എൻ്റെിൻ്റെ കരുത്ത് കുറയുന്നതായി ശ്രദ്ധയിൽപ്പെട്ട ഡ്രൈവർ വാഹനം നിർത്തി പരിശോധിച്ചപ്പോഴാണ് പുക ഉയരുന്നത് കണ്ടത്. 


ഉടൻ തന്നെ യാത്രക്കാരെ പുറത്തിറക്കിയതിനാൽ വലിയൊരു ദുരന്തം ഒഴിവായി. നാല്പതിലധികം യാത്രക്കാർ ബസ്സിലുണ്ടായിരുന്നു. ചൂടേറ്റ് എയർ ഡോറുകൾ പെട്ടെന്ന് തുറക്കാനാവാത്ത വിധം അടഞ്ഞുപോയെങ്കിലും, യാത്രക്കാരും ജീവനക്കാരും ചേർന്ന് ബലം പ്രയോഗിച്ച് വാതിലുകൾ തള്ളിത്തുറക്കുകയായിരുന്നു. മിനിറ്റുകൾക്കകം തീ ആളിപ്പടർന്നു. 


മലപ്പുറത്തുനിന്നും മീഞ്ചന്തയിൽനിന്നും എത്തിയ ഫയർഫോഴ്സ് യൂണിറ്റുകൾ അരമണിക്കൂറോളം പരിശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്.

Post a Comment

Thanks

أحدث أقدم
Moonniyur Vartha