കോഴിക്കോട്| യെമെനിൽ തടവിൽ കഴിയുന്ന നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട ഇടപെടലുകളെ സംബന്ധിച്ചും പുരോഗതിയെക്കുറിച്ചും കേന്ദ്ര സർക്കാരിനെ അറിയിച്ചിരുന്നുവെന്ന് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ. സർക്കാരിനെയോ മറ്റാരെയെങ്കിലുമോ മറികടക്കാൻ തനിക്ക് ഉദ്ദേശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. രിസാല അപ്ഡേറ്റിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
വധശിക്ഷ റദ്ദാക്കിയതോടെ ഞങ്ങളുടെ പണി കഴിഞ്ഞു. ഇനി ആവശ്യമായ കാര്യങ്ങൾ ചെയ്യേണ്ടത് സർക്കാരാണ്. സർക്കാർ അത് ചെയ്യുമെന്നാണ് വിശ്വാസം. മാനവികത ഉയർത്തിപ്പിടിക്കലാണ് ലക്ഷ്യം. മുസ്ലിം- ഹിന്ദു - ക്രിസ്ത്യൻ എന്ന നോട്ടമില്ലാതെ മനുഷ്യത്വത്തിന് വില കൽപ്പിക്കണമെന്ന് ലോകത്തോട് പറയാനാണ് നിമിഷപ്രിയ വിഷയത്തിൽ ഇടപെട്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യെമെൻ പൗരനായ തലാൽ അബ്ദുമഹ്ദിയെ 2017 ജൂലായിൽ കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി ജലസംഭരണിയിൽ ഒളിപ്പിച്ചെന്ന കേസിലാണ് നിമിഷപ്രിയ വധശിക്ഷ നേരിടുന്നത്. തലാലിന്റെ കുടുംബം മാപ്പ് നൽകിയാൽമാത്രമേ നിമിഷപ്രിയയുടെ മോചനം സാധ്യമാകൂ.
വിധി നടപ്പാവാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കേ നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവച്ചിരുന്നു. ദിയാധനം സ്വീകരിക്കാൻ സാധിക്കില്ലെന്നും നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കണമെന്നുമുള്ള നിലപാടിൽ ഉറച്ചുനിൽക്കുകയായിരുന്നു കുടുംബം. സൂഫി പണ്ഡിതരുടെ ഇടപെടലിൽ അവർ വഴങ്ങുകയായിരുന്നുവെന്നാണ് കാന്തപുരം അറിയിച്ചത്. വധശിക്ഷ നീട്ടിവച്ച വിവരം കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ അറിയിക്കുകയും. ഔദ്യോഗിക വിധിപ്പകർപ്പ് ഫെയ്സ്ബുക്കിൽ പങ്കുവയ്ക്കുകയും ചെയ്തിരുന്നു.
إرسال تعليق
Thanks